
മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് സിനിമയിലേക്കു ചുവടുവയ്ക്കുകയാണ് ഐവി ജുനൈസ് എന്ന യുവതാരം. പുതുമുഖങ്ങളെ അണിനിരത്തി ബോക്സ് ഓഫിസില്‍ ഹിറ്റ് തീര്‍ത്ത ഡിജോ ജോസ് ആന്റണിയുടെ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് ഐവി ജുനൈസ് ശ്രദ്ധിക്കപ്പെടുന്നത്. ക്വീനിലെ സഖാവ് നൗഷാദിക്ക എന്ന കഥാപാത്രം സിനിമ കഴിഞ്ഞിറങ്ങുമ്പോഴും പ്രേക്ഷകമനസില്‍ നിറഞ്ഞുനിന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്ത് ഓട്ടര്‍ഷ എന്ന ചിത്രത്തിലെ ഓട്ടോക്കാരന് സിദ്ധാര്‍ത്ഥനും ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു. 2019-ല്‍ പുതിയ പ്രതീക്ഷകളിലാണ് ഐവി ജുനൈസ്.
* ക്വീന്‍ എന്ന ബാലപാഠം
ഉള്‍ട്ടയാണ് റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രം. ഓട്ടര്‍ഷയും ക്വീനുമാണ് ഇതിനു മുമ്പു ചെയ്ത ചിത്രം. മലയാള സിനിമയിലെ പ്രമുഖ ഛായാഗ്രാഹകനായ സുജിത് വാസുദേവ് സാറിനൊപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് വലിയ അനുഭവമായിരുന്നു. അദ്ദേഹത്തില്‍ നിന്നു സിനിമ കണ്ടു പഠിക്കുകയായിരുന്നു. സിനിമയിലെ വലിയ പാഠങ്ങളാണ് ഓട്ടര്‍ഷ എനിക്കു സമ്മാനിച്ചത്. ക്വീനില്‍ അഭിനയിച്ചത് അഭിനയം എന്ന അതിയായ ആഗ്രഹത്താലാണ്. ക്വീനിന്റെ സെറ്റില്‍ നിന്ന് ലഭിച്ചത് ബാലപാഠങ്ങളായിരുന്നു. ക്വീനില്‍ ക്യാമറയ്ക്കു മുന്നിലുള്ളവരും പിന്നിലുള്ളവരും പുതുമുഖങ്ങളായിരുന്നു. എഴുത്തുകാരും പ്രൊഡ്യൂസേഴ്സും വരെ നവാഗതര്‍. അവിടെ എല്ലാവരും പഠിതാക്കളായിരുന്നു. എന്നാല്‍ ‘ഓട്ടര്‍ഷ’യില്‍ വളരെ പ്രവര്ത്തിപരിയമുള്ളവരുടെ കൂടെയയായിരുന്നു വര്‍ക്ക് ചെയ്തത്. മനസില്‍ നമ്മള് കരുതിവച്ചതെല്ലാം ശരിയല്ലെന്ന പാഠമാണ് ഓട്ടര്‍ഷ സമ്മാനിച്ചത്.
* അനുശ്രീയോടൊപ്പം
അനുശ്രീ എന്ന വലിയ താരത്തോടൊപ്പം സീന്‍ പങ്കിടാനായി എന്നത് ഒരു തുടക്കക്കാരനെന്ന നിലയില്‍ എനിക്ക് വലിയ അഭിമാനവും എക്സ്പീരിയന്‍സുമായിരുന്നു. അനുശ്രീ വളരെ ഈസിയായി അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റ് ആണ്. എനിക്ക് നല്ല സപ്പോര്‍ട്ട് തന്നു. നമ്മള് വളരെ ടഫ് ആണെന്ന് വിചാരിക്കുന്ന സീനുകള്‍ വളരെ കൂളായി അനുശ്രീ കൈകാര്യം ചെയ്യുന്നത് മനഃപ്പാഠമാക്കി പഠിക്കേണ്ടതാണ്. ഡയറക്ടര്‍ സുജിത്തേട്ടന് പറയുമായിരുന്നു സന്ദര്‍ഭം മനസില്‍ കണ്ട് പെരുമാറിയാല്‍ മതിയെന്ന്. ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ സീനുകള്‍ റിയലിസ്റ്റിക്കാക്കാനാണ് ശ്രമിച്ചത്.
* സിദ്ധാര്ഥനെപ്പോലൊരാള് എന്റെ നാട്ടിലുണ്ട്
ഓട്ടര്‍ഷയിലെ സിദ്ധാര്ത്ഥന് പ്രണയിക്കാന്‍ ആഗ്രഹിച്ചു നടക്കുന്ന ഒരു കഥാപാത്രമാണ്. എന്നെ ആരെങ്കിലുമൊന്ന് പ്രണയിച്ചിരുന്നെങ്കില്‍ എന്ന് ഉള്ളില്‍ അതിയായി ആഗ്രഹിക്കുന്ന ചെറുപ്പക്കാരന്. അങ്ങനെ ഒരു കഥാപാത്രം എന്റെ നാട്ടിലുണ്ട്, ആ കക്ഷിയെ ആണ് സിദ്ധാര്ത്ഥന് വേണ്ടി ഞാന്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുള്ളത്.
* കണ്ണൂര്‍ ഭാഷയും ഡബ്ബിങ്ങും
കണ്ണൂര്‍കാരനായ ഞാന്‍ ഡബ്ബിങ്ങിന്റെ സമയത്ത് അല്‍പ്പം കഷ്ടപ്പെട്ടു എന്നു വേണമെങ്കില്‍ പറയാം. ചിത്രത്തിലെ കഥാപാത്രം കണ്ണൂര്കാരനാണല്ലോ. കഥ നടക്കുന്നതും കണ്ണൂരുതന്നെ. പഠനവും ജോലിയുമായി ഞാന്‍ ഏറെക്കാലം കോഴിക്കോടും കൊച്ചിയിലുമായിരുന്നു. ചിലപ്പോള്‍ എല്ലാം കൂടിക്കലര്‍ന്ന ഭാഷയാണ് നാവില്‍ വരിക. എന്നാല്‍, കണ്ണൂരെത്തിയാല്‍ കണ്ണൂരുകാരോടു സംസാരിക്കുമ്പോള്‍ കണ്ണൂര്‍ശൈലി കിട്ടുകയും ചെയ്യും. ചിത്രീകരണം നടക്കുമ്പോള്‍ കണ്ണൂരുകാരനായി മാറാനും സന്ദര്‍ഭങ്ങളോട് ഇഴകിച്ചേരാനും വലിയ ബുദ്ധിമുട്ടൊന്നുമില്ല. അതേസമയം, ഡബ്ബിങ് വേറൊരു മേഖലയാണ്. ഡബ്ബിങ്ങിന്റെ സമയത്ത് ഡയലോഗുകള്‍ കണ്ണൂര്‍ ശൈലിയില്‍ മനഃപ്പാഠമാക്കിയാണ് ചെയ്തത്.
ഡബ്ബിങ് സിനിമയിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. മുമ്പ്, ഒരു ഹിന്ദി സീരിയലിന്റെ മലയാളം ഡബ്ബിങ്ങിനായി ശ്രമം നടത്തിയിരുന്നു. അതോടെ കട്ടയും പടവും മടക്കിയ ഏരിയ ആണ് ഡബ്ബിങ്. എന്നാല്‍, എന്റെ കഥാപാത്രത്തതിന് ഞാന്‍ തന്നെയാണ് ശബ്ദം നല്‍കിയത്. ഒരു തുടക്കാരനെന്ന നിലയില്‍ അതെനിക്ക് വലിയ ആത്മവിശ്വാസം നല്കി.
* സിനിമയിലേക്ക്
ഓര്മ വച്ച കാലം തൊട്ടേ സിനിമ എന്റെ മനസിലുണ്ട്. പഠനകാലത്ത് തിയറ്ററില്‍ പോയി ധാരാളം സിനിമകള്‍ കാണുമായിരുന്നു. അങ്ങനെ സിനിമ എന്റെ രക്തത്തില്‍ അലിഞ്ഞുചേര്ന്നുവെന്നു പറയാം. സിനിമയില്‍ എത്തിപ്പെടാന്‍ അതിയായ ആഗ്രഹമുണ്ടായിരുന്നു. ഒരു ചെറിയ വേഷത്തിനായി ധാരാളം അലഞ്ഞു. പലരെയും കണ്ടു. എന്നാല്‍, നെഗറ്റീവ് മറുപടികളാണ് പലരും നല്‍കിയത്. അവസാനം സിനിമാമോഹം ഉപേക്ഷിച്ച് ജോലി ചെയ്ത് ജീവിക്കാം എന്നു തീരുമാനിച്ചു. വീട്ടുകാരെയും വിഷമിപ്പിക്കാന്‍ വയ്യ.
എന്നാല്‍, ജോലി ചെയ്യുമ്പോഴും സിനിമ എന്നെ മോഹിപ്പിച്ചുകൊണ്ടേയിരുന്നു. ഒടുവില്‍ ജോലി ഉപേക്ഷിച്ചു സിനിമക്കായി ശ്രമം തുടങ്ങി. ഇപ്പോള്‍ ചെറിയ ചെറിയ അവസരങ്ങള്‍ കിട്ടിത്തുടങ്ങി.
സിനിമയില്‍ എത്തുന്നതിനു മുമ്പ് ഷോര്‍ട്ട് ഫിലിമുകളില്‍ അഭിനയിച്ചിരുന്നു. തുടര്‍ന്ന് നിരവധി ഓഡിഷനുകളില്‍ പങ്കെടുത്തു. ക്വീനിലേക്കും ഓട്ടര്ഷയിലേക്കുമുള്ള വഴി തെളിഞ്ഞത് ഓഡിഷനിലൂടെയാണ്.
* മുടിയും താടിയും
എന്റെ മുടിയും താടിയും എല്ലാവരും പ്രത്യേകം എടുത്തുപറയുന്നതാണ്. ക്വീനില്‍ എന്റെ മുടിയും താടിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകൊണ്ട് തത്ക്കാലം മുടിയും താടിയും വെട്ടേണ്ട എന്ന തീരുമാനമെടുത്തിരുന്നു. എന്നാല്‍, ഓട്ടര്ഷയ്ക്കു വേണ്ടി മുടിയും താടിയും വെട്ടിയൊതുക്കി. ഓഡിഷനു ചെന്നപ്പോള്‍ സുജിത്തേട്ടന് മുടിയും താടിയും പ്രശ്നമായിരുന്നു. കഥാപാത്രത്തിന് ഇതു യോജിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. പിന്നയെന്തു നോക്കാന്‍ ഓടി അടുത്തുള്ള ബാര്‍ബര്‍ഷോപ്പില്‍ പോയി ഭംഗിയായി മുടിയും താടിയും വെട്ടിയൊതുക്കി. സുജിത്തേട്ടന് ഓകെയും പറഞ്ഞു.
