കാലം മധുസാറിനെ എങ്ങനെയായിരിക്കും വായിക്കുക? മലയാള സിനിമയുടെ ഫ്രെയിമുകളിൽ മധുസാർ കടന്നുപോകാത്ത മേഖലകൾ നന്നേ കുറവ്. പക്ഷേ, കാലം അദ്ദേഹത്തിലെ നടനെ വിലയിരുത്തുന്നതു പകർന്നാടിയ കഥാപാത്രങ്ങളുടെ പേരിലായിരിക്കും. തകഴി, ബഷീർ, എം.ടി., പാറപ്പുറത്ത്, എസ്.കെ. പൊറ്റെക്കാട്ട്, തോപ്പിൽ ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂർ … ലബ്ധപ്രതിഷ്ഠരായ എഴുത്തുകാരുടെ രചനകളിൽ പിറവികൊണ്ട കരുത്തുറ്റ ആൺജീവിതത്തിന് അഭ്രപാളിയിൽ ഭാവംപകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുസാറിനായിരുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ കാലാനുസൃതമായ മാറ്റങ്ങൾക്കിടയിലും സാഹിത്യസൃഷ്ടികളിലെ കഥാപാത്രങ്ങൾക്ക് ഉയിരേകിയ നടനായിട്ടായിരിക്കും അദ്ദേഹത്തിന്റെ എക്കാലത്തെയും കീർത്തി. ചെമ്മീനിലെ പരീക്കുട്ടി, ഭാർഗവീനിലയത്തിലെ സാഹിത്യകാരൻ, ഉമ്മാച്ചുവിലെ മായൻ, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടൻപ്രേമത്തിലെ ഇക്കോരൻ, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് … മലയാളത്തിന്റെ സെല്ലുലോയ്ഡിൽ മധുസാർ പകർന്ന ഭാവതീക്ഷ്ണതകൾ സുവർണലിപികളിൽതന്നെയാണ് അടയാളപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഇന്നും ഒരു വിദ്യാർത്ഥിയുടെ മനസോടെ സിനിമയെ പഠിച്ചും അറിഞ്ഞും നടിച്ചും മുന്നേറുന്ന മധുസാറിന് അർഹമായ അംഗീകാരങ്ങൾ നൽകുന്നതിൽ നമ്മൾ എത്ര പിറകോട്ടുപോയെന്ന് ചിന്തിക്കേണ്ടതാണ്. മധുസാറിന്റെ സംഭാവനകളെക്കുറിച്ചൊന്നും ആഴത്തിൽ വിലയിരുത്താനുളള അറിവൊന്നും എനിക്കില്ല. പക്ഷേ, സിനിമയിൽ മുപ്പതുവർഷത്തിലേറെയായി നിൽക്കുന്ന ഒരാളെന്ന നിലയിൽ എനിക്കു തോന്നിയിട്ടുളളത് അർഹതയ്ക്കുളള അംഗീകാരം വേണ്ടപോലെ അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല എന്നാണ്. പത്മശ്രീ പോലും അദ്ദേഹത്തിനു ലഭിച്ചത് ഈയിടെയാണ്. നടനും നിർമാതാവും സംവിധായകനും തിരക്കഥാകൃത്തും വിതരണക്കാരനും സ്റ്റുഡിയോ ഉടമയുമായി ചലച്ചിത്ര മണ്ഡലത്തിൽ സർവവ്യാപിയായി നിറഞ്ഞിട്ടും അദ്ദേഹത്തിന് പത്മപുരസ്‌കാരം നൽകണമെന്ന തിരിച്ചറിവു നമ്മുടെ അധികാരകേന്ദ്രങ്ങൾക്കുണ്ടായത് എത്ര വൈകിയാണ്? മലയാളത്തിന്റെ സിൽവർസ്‌ക്രീനുകളിൽ മധുസാർ പകർന്ന ഗോൾഡൻ ടച്ചുകൾക്ക് ദാദാസാഹിബ് ഫാൽക്കെ ബഹുമതിക്കപ്പുറം ഒന്നുംതുല്യമാവുകയില്ല. അംഗീകാരങ്ങളുടെ പൊന്നാടകൾക്കൊണ്ട് എത്ര മൂടിയാലും അതിന്റെ ധവളിമയിൽ മതിമറന്നുപോകില്ല മധു എന്ന മലയാളത്തിന്റെ മധുസാർ. മധുസാർ എന്നിലെ സിനിമാസ്വാദകനിലേക്കു മറക്കാനാകാത്ത ദൃശ്യമായി കടന്നുവന്നതെപ്പോഴാണെന്നു കൃത്യമായി ഓർമയില്ല. ഒരു പക്ഷേ, ചെമ്മീനിലെ പരീക്കുട്ടിയുടെ വേഷത്തിലായിരിക്കാം. അച്ഛനും അമ്മയ്ക്കും ജ്യേഷ്ഠനുമൊപ്പം ചെമ്മീൻകണ്ട കാലത്തിന്റെ നേരിയ ഓർമകൾ ഇന്നും മനസിലുണ്ട്. പിന്നീട്, കോളേജ് പഠനകാലംവരെ കണ്ടുതീർത്ത മധുസാറിന്റെ ഒട്ടേറെ ചിത്രങ്ങൾ. അതിലേറെയും മനസിലിന്നും ക്ലാവുപിടിക്കാതെ തെളിഞ്ഞുനിൽക്കുന്നത് മധു എന്ന നടൻ മജ്ജയും മാംസവുമേകിയത് മലയാള സാഹിത്യത്തിലെ അനശ്വര കഥാപാത്രങ്ങൾക്കായിരുന്നു എന്നതിനാൽക്കൂടിയാണ്. ഒരു ജീവിതത്തിൽ പല ജീവിതങ്ങൾ ആടിത്തീർക്കുക എന്ന അഭിനേതാവിന്റെ കർമത്തിനപ്പുറം, ആ വേഷങ്ങൾ ഏതെന്നുകൂടി ഓർക്കുമ്പോഴാണ് മധുസാറിന്റെ പ്രശസ്തിയുടെ ശക്തിസ്രോതസ് കാണാനാകുന്നത്. സിനിമയുടെ ചതുരവടിവുകൾക്കുളളിലൊതുക്കാൻ സൃഷ്ടിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നില്ല അവ. മലയാളിയുടെ വായനാമണ്ഡലത്തിൽ ആഴത്തിൽ വേരൂന്നിയ ജീവിതങ്ങളായിരുന്നു അവയിലേറെയും. മലയാളസാഹിത്യത്തിലെ മഹാരഥന്മാരുടെ തൂലികയിൽ പിറവികൊണ്ട കഥാപുരുഷന്മാർക്ക് അഭ്രപാളിയിൽ ജീവനേകാനുളള നിയോഗം മധുസാറിൽ വന്നുചേരുകയായിരുന്നു എന്നു തോന്നും. ചെമ്മീനും ഭാർഗവീനിലയവും ഉമ്മാച്ചുവും ഏണിപ്പടികളും ഓളവും തീരവും പ്രിയയും നാടൻപ്രേമവും വിത്തുകളും കാലത്തെ അതിജീവിക്കുന്നുവെങ്കിൽ അതിലെ കഥാപാത്രങ്ങൾക്ക് ഉയിരേകിയ മധുസാർ ഏതുതലമുറയുടെ മനസിൽനിന്നാണു മാഞ്ഞുപോകുക? ഒരുപക്ഷേ, ലോകസിനിമയിൽ സാഹിത്യകഥാപാത്രങ്ങളെ ഇത്രയേറെ അവതരിപ്പിക്കാൻ കഴിഞ്ഞ മറ്റൊരുനടൻ നമുക്കില്ല. മലയാള നോവൽ സാഹിത്യത്തിന്റെ നൂറാം പിറന്നാൾ വേളയിൽ ഞാനവതരിപ്പിച്ച കഥയാട്ടം എന്ന പരിപാടിയിൽ ‘നാടൻ പ്രേമ’ത്തിലെ ഇക്കോരന്റെയും ‘ഉമ്മാച്ചു’വിലെ മായന്റെയും വേഷങ്ങൾ ഉണ്ടായിരുന്നു. സിനിമയിൽ ഇക്കോരനിലൂടെയും മായനിലൂടെയും മധുസാർ സൃഷ്ടിച്ച അനുഭൂതിയെ അരങ്ങിലേക്കു പകർത്താനുള്ള ഭാഗ്യം എനിക്കുണ്ടായത് ഒരു നിയോഗമായിത്തന്നെ ഞാൻ കാണുന്നു.