കാലത്തിന്റെ സ്പന്ദനങ്ങൾ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. നിളയുടെ ജലരാശിയിൽ നിന്ന്, ജന്മനാടിന്റെ ജൈവസമൃദ്ധിയിൽ നിന്നു സ്വാംശീകരിക്കപ്പെട്ട സംസ്‌കാരമാണ്, അദ്ദേഹത്തിന്റെ സാഹിത്യം. മനുഷ്യമഹത്വത്തിന്റെ രഹസ്യമറിഞ്ഞ ഈ നാട്ടിൻപുറത്തുകാരൻ, മണ്ണിന്റെ ഗന്ധം, അതിന്റെ സമൃദ്ധി വായനക്കാരെ അനുഭവിപ്പിച്ചു. കർഷകന്റെ കലപ്പയുടെയും കണ്ണാന്തളിപ്പൂക്കളുടെയും മർമരങ്ങൾ മാത്രമല്ല, ഭൗതിക വിജയത്തിന്റെ മരീചകയ്ക്കു പിറകേ പായുന്ന നഗരസംസ്‌കാരത്തിന്റെ ശബ്ദവും കേൾപ്പിച്ചു. മലയാളത്തിലേക്കു വീണ്ടും ജ്ഞാനപീഠത്തിന്റെ പെരുമ കൊണ്ടുവന്നു. ”അറിയാത്ത മഹാത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സാഗരങ്ങളേക്കാൾ, അറിയുന്ന നിളാ നദിയാണെനിക്കിഷ്ടം” എന്നു പറഞ്ഞ സാഹിത്യകാരനാണ്, എം.ടി. അദ്ദേഹത്തിന്റെ കൃതികളിൽ പുഴയുണ്ട്, വയലുണ്ട്, കുന്നുണ്ട്, പൂത്തുമറിഞ്ഞുനിൽക്കുന്ന കാട്ടുചെടികളുണ്ട്, കാവുകളുണ്ട്, പള്ളിയും ദൈവവുമുണ്ട്. നാടിനോടും നാട്ടുഭാഷയോടുമുള്ള വേർപെടുത്താനാവാത്ത ബന്ധമാണ്, അദ്ദേഹത്തിന്റെ എഴുത്തിന്റെ കാതൽ. വായനക്കാരുടെ ആത്മദാഹങ്ങൾ ശമിപ്പിക്കാൻ, ജന്മനാടിനെ സ്ഫുടീകരിക്കുന്ന ഈ കൃതികൾക്കു കഴിഞ്ഞു. അക്കാലത്ത് നായർ തറവാടുകളിലെ മരുമക്കത്തായ സമ്പ്രദായവും നാലുകെട്ടുകളിൽ പുകയുന്ന രോക്ഷങ്ങളും അനീതിക്കെതിരേയുള്ള പ്രതിഷേധങ്ങളും അതിൽ വീർപ്പുമുട്ടി കഴിഞ്ഞവരുടെ ജീവിതവും സഹനത്തിൽ നിന്നു വാർന്നുവീണ കഥകൾ- മനുഷ്യന്റെ ആയിരം ദുരിതങ്ങളും ഹർഷങ്ങളും ഗൃഹാതുരമായ കഥകളിലൂടെയും നോവലുകളിലൂടെയും എം.ടി ആവിഷ്‌കരിച്ചു. ആഷാഡമാസത്തിൽ, നിലാവുറയുന്ന രാത്രിയിൽ നിളയുടെ മടിത്തട്ടിൽ ശയിക്കും പോലൊരു അനുഭൂതിയാണ് അദ്ദേഹത്തിന്റെ കഥകൾ പകരുന്നത്. കർക്കടകമാസത്തെ ആഞ്ഞുപെയ്യുന്ന മഴയോടാണ്, കഥയിൽ കഥാകാരൻ അമ്മയെ ഉപമിക്കുന്നത്- പ്രകൃതിയുടെയും നന്മയുടെയും പ്രതീകമായ ഒരമ്മ. മികച്ച സാഹിത്യകൃതികൾ അഭ്രപാളിയിലേക്കു പകർത്തിയ നല്ലകാലത്തിന്റെ സ്മാരകങ്ങളാണ് എം.ടിയുടെ സിനിമകൾ. അവ, സർഗാത്മകതയുടെ വൈശാഖബാഷ്പമായി ഇന്നും ആരാധകമനസുകൾ അയവിറക്കുന്നു. ഊഷരമായിപ്പോയ ഈ ഭൂമിയിൽ അദ്ദേഹത്തിന്റെ കല, ഉർവരതയുടെ സമൃദ്ധി നിറയ്ക്കുന്നു. മുറപ്പെണ്ണ് മുതൽ രണ്ടാമൂഴം വരെയുള്ള എം.ടിയുടെ തിരക്കഥകളും ചില സിനിമ സംവിധാനവും മലയാളി കൃതജ്ഞതയോടെ ഓർക്കുന്നു. ഒരു കഥയുടെ ആലോചനയുമായി നിർമാതാവ് വന്നാൽ സംവിധായകനും നിർമാതാവും മാത്രമല്ല എഡിറ്ററും ക്യാമറാമാനും വരെ പങ്കുകൊണ്ട രസമുള്ള പഴയ അനുഭവങ്ങൾ എം.ടി എഴുതിയിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവ് സിനിമയാക്കിയപ്പോൾ മുതൽ വേലായുധന് പ്രേംനസീറിന്റെ ഛായയാണ് നമ്മുടെ മനസിൽ. ‘മഞ്ഞ്’ സിനിമയാക്കിയപ്പോൾ സുധീർ മിശ്രയെ കാത്തിരിക്കുന്ന വിമലയേക്കാൾ ഒരു പക്ഷേ നമ്മുടെ ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്നത്, ഏക്താരയുടെ തേങ്ങലായി നൈനിറ്റാളിൽ അലയുന്ന ആ പഞ്ചാബിയുടെ നിശ്വാസമല്ലേ? അയാൾ വിമലയോടു പറയുന്ന വാക്കുകൾ പോലും ഇന്നും കാതിൽ മുഴങ്ങുന്നു. ”എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല! വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതിയില്ല. വെറുതെ- എനിക്ക് നിങ്ങളെ ഇഷ്ടമാണ്.” സാഹിത്യപാരമ്പര്യമൊന്നുമില്ലാത്ത ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്നവനാണ് താനെന്ന് എം.ടി പറയാറുണ്ട്. വിശപ്പിന്റെ രുചി അറിഞ്ഞ ബാല്യ- കൈശോര ദിനങ്ങളെ ഈ എഴുത്തുകാരൻ എന്നും ഓർത്തു. എം.ടിയുടെ പിറന്നാൾ ദിനത്തിൽ സഹസ്രപൂർണിമ വന്നെത്തിയ കർക്കടകത്തിലെ ഉത്രട്ടാതി നാളിൽ അദ്ദേഹത്തിന്റെ കൃതികളുടെയും സിനിമകളുടെയും എക്കാലത്തേയും ആരാധികയായ ഇതെഴുതുന്നവൾ അദ്ദേഹം പറഞ്ഞു തന്ന സംഭവം ഓർക്കുന്നു. മഴക്കാറ് മൂടിയ ഒരു കർക്കടക ദിനത്തിൽ തന്റെ പിറന്നാളിന്, വയറു നിറച്ച് ചോറുണ്ണാൻ വാസു എന്ന കുട്ടിക്കു മോഹം. കുഞ്ഞിക്കിണ്ണത്തിൽ കഞ്ഞി വിളമ്പുന്ന അമ്മയോടു കുട്ടി മടിച്ചുമടിച്ച് പറയുന്നു, ”ഇക്കുറി എന്റെ പിറന്നാളിന്, എനിക്കു കഞ്ഞി വേണ്ട. ചോറു മതിയമ്മേ.” പിറന്നാളിന്, വീട്ടിൽ ഒരു മണി നെല്ലില്ല. അമ്മ കടം വാങ്ങിയ മൂന്നു രൂപയുമായി നെല്ലു വാങ്ങാൻ ആളെ അയച്ചു. നെല്ലു കുത്തി ചോറായപ്പോഴേക്കും വൈകുന്നേരമായിരുന്നു. ചത്ത വിശപ്പ്- കണ്ണീരു കലങ്ങിയ മനസ്. കർക്കടകക്കാറ്റിൽ ആടി ഉലയുന്ന വൃക്ഷങ്ങളെ നോക്കി, കോഴിക്കോട്ടുള്ള ഫ്‌ളാറ്റിലിരിക്കുന്ന എഴുത്തുകാരന്റെ മുഖത്തു വിഷാദം. സ്വന്തം സുഖത്തിലും സൗകര്യത്തിലുമല്ല, മനുഷ്യത്വം വറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ലോകത്തിന്റെ ദീനതയിലും മനുഷ്യന്റെ ദുരിതങ്ങളിലുമാണ് ആ വലിയ മനുഷ്യൻ മുഴുകിയിരിക്കുന്നത്. സ്വന്തം കൃതികളിലൂടെയും സിനിമകളിലൂടെയും നമ്മിലേക്കു പുതിയ ജീവശ്വാസം ഊതിക്കയറ്റാൻ ശ്രമിച്ച ആ വലിയ എഴുത്തുകാരൻ. കാലത്തിന്റെ മുദ്രവഹിക്കുന്ന നിരവധി സാഹിത്യകൃതികൾ, അമ്പത്തിനാല് തിരക്കഥകൾ, സംവിധാനം, സാമൂഹികമായ ഇടപെടലുകൾ, തുഞ്ചൻ സ്മാരക കേന്ദ്രത്തിലെ കലാസാംസ്‌കാരിക സാഹിത്യപ്രവർത്തനങ്ങൾ- മനുഷ്യ ജീവിതത്തിന്റെ ഇരുളും വെളിച്ചവും തലമുറയ്ക്കു പാരിതോക്ഷികമാക്കിയ എം.ടിക്ക്, സഹസ്രപൂർണിമയുടെ ഹേമന്തചന്ദ്രികയിൽ കുളിച്ചുനിൽക്കുന്ന മഹാസാഹിത്യകാരന് മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞ ആശംസകൾ. * ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ചു കഴിയുമ്പോൾ ജീവിതത്തോട് കൃതജ്ഞതയോ, കൃതാർത്ഥതയോ നന്ദിയുണ്ട്. ഒരു പരിചയവുമില്ലാത്തവർ പോലും എന്റെ പിറന്നാളിന്, ആയുരാരോഗ്യ സൗഖ്യത്തിന് ക്ഷേത്രങ്ങളിൽ പോയി പൂജ കഴിച്ച് പ്രസാദം അയച്ചു തരുന്നു. നിരവധി പിറന്നാളാശംസകൾ കത്തുകളായി വന്നു. അവരുടെയൊക്കെ സ്‌നേഹം എന്നെ വികാരഭരിതനാക്കുന്നു. ഒന്നുമില്ലാതെ, ഇത്തിരി അക്ഷരങ്ങൾ മാത്രം കീശയിലിട്ട് ഇറങ്ങിത്തിരിച്ചവനാണു ഞാൻ. ഇന്നെനിക്ക് ആഹാരം തരുന്നത് അക്ഷരങ്ങളാണ്.