Sep 4, 2017

You Are Here: Home / 4 Sep 2017

മോഹൻലാൽ പായസം കുടിക്കാത്ത ഓണം
പ്രിയദർശൻ

Categories:
ഓണക്കാലം, പൂവിളികളും രസകരമായ സംഭവങ്ങൾ കൊണ്ടും മനസിലിന്നും നിറഞ്ഞുനിൽക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഓണാവധി സ്വാതന്ത്ര്യത്തിന്റെ ദിനങ്ങളാണ്. അച്ഛനും അമ്മയും തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥരായിരുന്നു. എല്ലാ കാര്യങ്ങളിലും അവർ സ്ട്രിക്ട് ആയിരുന്നു. തിരുവനന്തപുരത്തെ കുട്ടിക്കാലം ഒരുതരത്തിൽ വിരസമായിരുന്നുവെന്നും പറയാം. ഓണം, നവരാത്രി ഉൾപ്പെടെയുള്ള അവധികളിൽ അമ്പലപ്പുഴയിലെ ചേരിയിൽ കുടുംബ വീട്ടിലായിരിക്കും. അമ്പലപ്പുഴ എനിക്കെന്നും ഇഷ്ടപ്പെട്ട സ്ഥലമാണ്. കുട്ടിക്കാലത്തെ വെക്കേഷൻ നാളുകളിൽ അമ്പലപ്പുഴയ്ക്കു പോകാൻ വലിയ ഇഷ്ടമാണ്. അതിന് ഒരുപാടു കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനകാരണം അവിടെ ചെന്നാൽ പഠിക്കണ്ട എന്നതാണ്. പുസ്തകങ്ങളോടും ഗൃഹപാഠങ്ങളോടും തത്ക്കാലം വിടപറയാം. കൂട്ടുകാരൊത്തു കളികളും ഊരുചുറ്റലുമായി നടക്കാം. വിലക്കുകളൊന്നുമില്ല. അമ്പലപ്പുഴയിലേത് ട്രഡിഷണൽ ഓണാഘോഷങ്ങളായിരുന്നു. ഓണവുമായി ബന്ധപ്പെട്ട കഥകളും ഉപകഥകളും ആചാരങ്ങളുമെല്ലാം മുതിർന്നവർ കുട്ടികൾക്കു പറഞ്ഞുതരും. ചേരിയിൽ തറവാട്ടുവീട്ടിലെയും അതുമായി ബന്ധപ്പെട്ട വീടുകളിലുമായി നിരവധി കുട്ടികളുണ്ടായിരുന്നു. ഞങ്ങളെല്ലാവരും ചേർന്നാണ് പൂക്കളമിടുന്നതും ഓണത്തപ്പനെ ഉണ്ടാക്കുന്നതും ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതും. ഞങ്ങൾ കുട്ടികൾക്ക് അമ്മാവന്മാർ പുത്തൻ ഉടുപ്പുകൾ തരും. അന്നൊക്കെ ഓണത്തിനും വിഷുവിനും സ്‌കൂളു തുറക്കുമ്പോഴും മാത്രമാണു പുത്തൻ ഉടുപ്പുകൾ കിട്ടുക. ഉത്സവങ്ങളോടുള്ള താത്പര്യം തന്നെ ഇത്തരത്തിലുള്ള സമ്മാനങ്ങളോടുള്ള ഇഷ്ടമാണെന്നും പറയാം. വീട്ടുകാർ ഒന്നിച്ചു സിനിമയ്ക്കു പോകുന്ന പതിവൊന്നും ഉണ്ടായിരുന്നില്ല. അച്ഛനും അമ്മയും ഞാനും അനുജത്തിയും കൂടെ പോയി കണ്ടത് ചെമ്മീൻ എന്ന സിനിമ മാത്രമാണ്. അച്ഛന് സിനിമയിൽ താത്പര്യമുണ്ടായിരുന്നില്ല. പിന്നീട്, എന്റെ സിനിമ തിയേറ്ററിൽ വരുമ്പോഴാണ് അച്ഛനും അമ്മയും സിനിമയ്ക്കു പോയിത്തുടങ്ങിയത്. അല്ലെങ്കിൽ, മോഹൻലാലിന്റെ സിനിമ കാണാൻ. മോഹൻലാലിന്റെ അച്ഛനും എന്റെ അച്ഛനും സുഹൃത്തുക്കളായിരുന്നു. ഓണത്തിന് സിനിമ കാണാൻ വീട്ടിൽ നിന്നു കാശു തരുമായിരുന്നു. ഓണച്ചിത്രങ്ങളുടെ തിരക്കുകാരണം പലപ്പോഴും നല്ല സിനിമ കാണാൻ പറ്റുമായിരുന്നില്ല. ടിക്കറ്റ് കിട്ടുന്ന ഏതെങ്കിലുമൊരു സിനിമ കാണും. അന്നു കണ്ട ഓണച്ചിത്രങ്ങളെല്ലാം ഇപ്പോഴും എനിക്കോർമയുണ്ട്. അമ്മയെ കാണാൻ, രക്തപുഷ്പം, ലിസ, സുബൈദ തുടങ്ങിയവയൊക്കെ അന്നു കണ്ട ചിത്രങ്ങളാണ്. ആ ചിത്രങ്ങളുടെ തുടക്കം മുതൽ ഒടുക്കം വരെ സ്‌ക്രീൻ പ്ലേ പോലെ ഇപ്പോഴും എനിക്ക് ഓർമിക്കാൻ കഴിയും. ആര്യൻ, ബോയിംഗ് ബോയിംഗ് എന്നീ ചിത്രങ്ങൾ എന്റെ ഹിറ്റ് ഓണച്ചിത്രങ്ങളാണ്. രണ്ടു ചിത്രത്തിലും മോഹൻലാൽ ആയിരുന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്. ആര്യൻ ആക്ഷൻ ചിത്രമായിരുന്നു. ബോയിംഗ് ബോയിംഗ് കോമഡിയും. ഓണക്കാലത്ത് സിനിമ കാണാനെത്തിയവരുടെ തിരക്കു കാണുമ്പോൾ അമ്മയുടെ കൈയിൽ നിന്ന് ഒരു രൂപ വാങ്ങി ഓണത്തിന് സിനിമ കാണാൻ പോയ കാലം ഓർക്കും. ഇടിച്ചുകയറി ടിക്കറ്റെടുത്ത് സിനിമ കണ്ട തിയേറ്ററുകളിൽ എന്റെ സിനിമ കാണാൻ ആളുകൾ തിരക്കുകൂട്ടുന്നതു കാണുമ്പോൾ മനസിനതു സന്തോഷമുള്ള കാര്യമല്ലേ. ആ തിരക്കിൽ നിന്നായിരിക്കാം നാളത്തെ ചലച്ചിത്രപ്രതിഭ പിറവിയെടുക്കുന്നത്. തീയേറ്ററിൽ പോയി സിനിമ കാണൽ പതിവാക്കുന്നത് എം.ജി. ശ്രീകുമാറിന്റെ ഒപ്പമാണ്. സിനിമ കാണാനുള്ള പണം എങ്ങനെയങ്കിലുമൊക്ക ഒപ്പിക്കും. വീട്ടിൽ നിന്ന് എന്തെങ്കിലുമൊക്കെ കട്ടെടുത്തു വിറ്റുകിട്ടുന്ന കാശുകൊണ്ടും സിനിമ കാണ്ടിട്ടുണ്ട്. ഇത്തരം ചില്ലറ കുസൃതികൾക്കു വീട്ടിൽ നിന്നു ധാരാളം ചീത്തവിളിയും കിട്ടിയിട്ടുണ്ട്. സിനിമയിൽ വന്നതിനുശേഷവും ഓണനാളുകൾ കുടുംബത്തോടൊപ്പമായിരുന്നു ചെലവഴിച്ചിരുന്നത്. അങ്ങനെയല്ലാത്ത അവസരങ്ങൾ അപൂർവമായുണ്ടായിട്ടുണ്ട്. എന്നെ വേദനപ്പിച്ച ഓണവുമുണ്ട്. രണ്ട് കൊല്ലം മുമ്പ്, എന്റ ജീവിതത്തിലെ ഏറ്റവും മോശമായ ദിവസങ്ങളിലൂടെ കടന്നുപോകുമ്പോൾ വന്ന ഓണം. കരിയറിലെ ഒട്ടും തിളക്കമില്ലാത്ത സിനിമയായ ആമയും മുയലിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ. ഓണത്തിന് എങ്ങോട്ടും പോകാനില്ല. ആ ഓണം ലൊക്കേഷനിൽ ചെലവഴിച്ചു. മനസിൽ ദുഃഖങ്ങളുടെ പെരുമഴക്കാർ നിറഞ്ഞ ആ ദിവസം അറിയാതെ മനസു വിതുമ്പിപ്പോയി. ഇനി, ഒരു പായസക്കഥ പറയാം. മോഹൻലാലിനു പായസം കുടിക്കാൻ കഴിയാതെ പോയ, കൂട്ടുകാരുമായി വഴക്കിട്ട കഥ. ചെറുപ്പകാലത്ത് ഓണം, വിഷു, പിറന്നാൾ ദിവസങ്ങളിൽ മാത്രമാണ് പായസം കിട്ടുകയുള്ളൂ. അപ്പോൾ വിശേഷദിവസങ്ങളിൽ കിട്ടുന്ന പായസത്തിന്റെ പ്രത്യേകത മനസിലായല്ലോ.

വിജയത്തേരിൽ മൂവർ സംഘം
വൈഗാ ലക്ഷ്മി

Categories:
തൃശൂരിലെ മൂന്നു യുവാക്കൾ മനസിലൊരു സ്വപ്‌നം കണ്ടു. ചെറിയ ബിസിനസ് സംരംഭം ആരംഭിക്കുക എന്നത്. അവർ തങ്ങളുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാനായി രാവും പകലും അദ്ധാനിച്ചു. അതിന്റെ ഫലം അവർക്കു കിട്ടി. അങ്ങനെ, മൂവർ സംഘം തുടങ്ങിവച്ച ഗോൾഡൻ ഇന്റർനാഷണൽ എന്ന കമ്പനി കോടികളുടെ വിറ്റുവരവുള്ള സ്ഥാപനമായി വളർന്നു. തോമസ് തരകൻ, അബ്ദുൾ റഹ്മാൻ, പാലു എന്നു വിളിക്കുന്ന പോൾ ചിരിയൻകണ്ടത്ത് എന്നിവരാണ് ആ മൂവർ സംഘം. തുടക്കത്തിൽ വലിയ പ്രതിസന്ധികൾ തരണം ചെയ്‌തെങ്കിലും ഇപ്പോൾ മികച്ച ലാഭത്തോടെയാണ് ബിസിനസ് മുന്നോട്ടു പോകുന്നത്. തങ്ങളുടെ ബിസിനസും ജീവിതവും പങ്കുവച്ച് മൂവർ സംഘം. ബിസിനസിന്റെ തുടക്കം സ്റ്റീൽ ബിസിനസാണ് ഗോൾഡൻ ഇന്റർനാഷണൽ ചെയ്യുന്നത്. വീടുകൾക്ക് റൂഫിംഗ് ചെയ്യുന്നതിന് ആവശ്യമുള്ള കോയിൽസ് ചൈന, വിയറ്റ്‌നാം, കൊറിയ എന്നീ രാജ്യങ്ങളിൽ നിന്ന് ഇംപോർട്ട് ചെയ്യും. തുടർന്ന്, സ്റ്റീൽ കോയിൽ ഷീറ്റാക്കുന്ന കമ്പനികൾക്ക് എത്തിച്ചു കൊടുക്കും. ഹോൾസെയിൽ ചെയ്യുന്നവർക്കാണ് കമ്പനി പ്രൊഡക്റ്റ് സപ്ലൈ ചെയ്യുന്നത്. ആവശ്യത്തിന് സ്റ്റാഫുകൾ ഇല്ലാത്ത കമ്പനി കമ്പനിയുടെ എല്ലാകാര്യങ്ങളും നോക്കുന്നതു ഞങ്ങൾ തന്നെയാണ്. വിദേശത്തു പോയി സ്റ്റീൽ കോയിൽ പർചേയ്‌സ് ചെയ്യുന്നതും മൂന്നുപേരും ചേർന്നാണ്. ഞങ്ങളുടെ ഒത്തൊരുമ തന്നെയാണു വിജയത്തിനു പിന്നിലെ രഹസ്യം. നേരിട്ടുള്ള ഇടപെടലുകൾ ബിസിനസിനെ ഗുണകരമാകും എന്നതു കൊണ്ടാണ് എല്ലാം ഞങ്ങൾ നേരിട്ടു ചെയ്യുന്നത്. കേരളത്തിലെ ബിസിനസ് നോക്കാൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സെയിൽസും സ്‌റ്റോക്ക് ചെക്കിംഗും ശ്രദ്ധിക്കാനും ഒരു സ്റ്റാഫുണ്ട്. എന്തുകൊണ്ട് സ്റ്റീൽ ബിസിനസ് ആദ്യം ചെയ്തിരുന്നത് ഇലക്‌ട്രോണിക്‌സ് ബിസിനസ് ആയിരുന്നു. അതിനുശേഷമാണ് മെറ്റൽസ് ലാഭകരമാണെന്നു മനസിലാക്കി ഈ ബിസിനസിലേക്കു മാറിയത്. പത്തുവർഷമായി ഇംപോർട്ടിംഗ് മേഖലയിൽ ഉണ്ടെങ്കിലും മെറ്റൽസുമായി ബന്ധപ്പെട്ട വ്യവസായം ആരംഭിച്ചിട്ട് നാലു വർഷമേ ആയിട്ടുള്ളു. ഉയർന്ന ക്വാളിറ്റിയുള്ള പ്രൊഡക്റ്റുകൾ മാത്രമാണ് ഗോൾഡൻ ഇന്റർനാഷണൽ ഇംപോർട്ട് ചെയ്യുന്നത്. ക്വാളിറ്റി ചെക്ക് ചെയ്തതിനുശേഷം മാത്രമാണു വിതരണം നടത്തുക. നാലു വർഷത്തിനിടയിൽ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. കസ്റ്റമേഴ്‌സിന് പരാതിയുണ്ടെങ്കിൽ ഞങ്ങളെ നേരിട്ടു വിളിച്ചറിയിക്കാം. പരാതികൾക്ക് അപ്പോൾത്തന്നെ പരിഹാരം കാണാൻ ശ്രമിക്കും. സാധാരണ ഇംപോർട്ട് ബിസിനസ് ചെയ്യുന്നവർ ഗ്യാരന്റി കൊടുക്കാറില്ല. പക്ഷേ, ഞങ്ങൾ പത്തു വർഷത്തെ ഗ്യാരന്റി കൊടുക്കുന്നുണ്ട്. ഗ്യാരന്റി പിരീയഡിൽ എന്തെങ്കിലും പ്രശ്‌നം സംഭവിച്ചാൽ പ്രൊഡക്റ്റ് തിരിച്ചെടുത്ത് ക്യാഷ് നൽകുന്നതാണ് ഗോൾഡൻ ഇന്റർനാഷണലിന്റെ രീതി. സൗഹൃദത്തിന്റെ തുടക്കം മൂന്ന് പാർട്‌ണേഴ്‌സാണുള്ളത്. തോമസ് തരകൻ, അബ്ദുൾ റഹ്മാൻ, പാലു. 1988 മുതൽ പോളിന്റെ അച്ഛൻ ജോസേട്ടനും ഞാനും തമ്മിൽ നല്ല സുഹൃത്തുക്കളാണ്. 91-ലാണ് അബ്ദുൾ റഹ്മാനുമായി പരിചയമാകുന്നത്. ഞങ്ങളുടെ സൗഹൃദത്തിന്റെ വിശ്വാസവും സ്‌നേഹവും തന്നെയാണ് ബിസിനസിന്റെ വിജയത്തിനു പിന്നിൽ. തുടക്കത്തിൽ ഞാനും അബ്ദുൾ റഹ്മാനുമേ ഉണ്ടായിരുന്നുള്ളു. പാലു പഠനം കഴിഞ്ഞു വന്നതിനു ശേഷമാണു ഞങ്ങൾക്കൊപ്പം ചേർന്നത്. സ്വർണക്കട നടത്തുന്നവരാണ് പാലുവിന്റെ കുടുംബം. ഇപ്പോഴും അതു വിട്ടിട്ടില്ല. എന്നാലും, ഞങ്ങൾക്കൊപ്പം എല്ലാ കാര്യത്തിനും കൂടെയുണ്ടാകും. ബിസിനസിന്റെ തുടക്കം ലാഭകരമായിരുന്നോ? ആദ്യം ഫെയ്‌സ് ചെയ്ത പ്രശ്‌നം ലാഭമോ നഷ്ടമോ എന്നുള്ളതായിരുന്നില്ല. മറിച്ച് ഇതിലേക്ക് ഇൻവെസ്റ്റ് ചെയ്യാൻ വലിയൊരു തുക ആവശ്യമായിരുന്നു എന്നതാണ്. ഞങ്ങൾക്കു സങ്കൽപ്പിക്കാവുന്നതിലും വലിയ തുകയാണ് വേണ്ടിവന്നത്. സത്യത്തിൽ ഈയൊരു മേഖലയെക്കുറിച്ചു പഠിച്ചു മനസിലാക്കി വന്നവരല്ല. ഇതിലേക്ക് ഇറങ്ങിയപ്പോഴാണു മനസിലായതു പ്രതീക്ഷിക്കുന്നതു പോലെയല്ല കാര്യങ്ങളെന്ന്. ഫണ്ടിനായി കുറേ കഷ്ടപ്പെട്ടു. നടുക്കടലിൽപ്പെട്ട അവസ്ഥയിൽ നിൽക്കുന്ന സമയത്താണ് പോളിന്റെ അച്ഛൻ ജോസേട്ടൻ വരുന്നത്. ആവശ്യമായ തുക തന്നു സഹായിക്കുകയും ചെയ്തു. അങ്ങനെയാണ് ബിസിനസ് നല്ല നിലയിൽ നീങ്ങിത്തുടങ്ങിയത്.

പ്രണയജീവിതത്തിന്റെ 25 വർഷങ്ങൾ
സുനിത സുനിൽ

Categories:
മലയാള സിനിമയിലെ സ്വർണത്തിളക്കമാർന്ന താരജോഡികൾ ആരെന്നു ചോദിച്ചാൽ അതിന് ഒറ്റ ഉത്തരമേയുള്ളു. ജയറാം-പാർവതി. താര ദമ്പതിമാർക്കിടയിൽ വേർപിരിയലുകൾ സാധാരണമായി സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പ്രണയവും ജീവിതവും എങ്ങനെയാണ് ആഘോഷമാക്കേണ്ടതെന്നു കാണിച്ചുതരികയാണ് ഈ ദമ്പതിമാർ. വിവാഹജീവിതത്തിന്റെ ഇരുപത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന വേളയിൽ തങ്ങളുടെ പ്രണയത്തെക്കുറിച്ചും വിവാഹജീവിതത്തെക്കുറിച്ചും ജയറാമും പാർവതിയും ഓണാഘോഷവേളയിൽ… ആദ്യാനുരാഗത്തിന്റെ നാളുകൾ ജയറാം: കരുക്കൾ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയം. തേക്കടിയാണ് ലൊക്കേഷൻ. അവിടെവച്ചാണ് രണ്ടുപേരും മനസുതുറന്നു സംസാരിക്കുന്നത്. രണ്ടു പേരുടെയും മനസിൽ പ്രണയമുണ്ടെന്ന് അറിയാവുന്നതുകൊണ്ട് ടെൻഷൻ ഉണ്ടായിരുന്നില്ല. ലോകത്തിൽ ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് തേക്കടി. തേക്കടിയിലെ ഓർമകൾ ഇപ്പോഴും ഞങ്ങളുടെ മനസിലുണ്ട്. പാർവതി: പരസ്പരം പ്രൊപ്പോസ് ചെയ്യേണ്ട ആവശ്യമൊന്നുമില്ലായിരുന്നു. ഇഷ്ടമാണ് എന്ന് ഞാനോ ജയറാമോ പരസ്പരം പറഞ്ഞിട്ടുമില്ല. പ്രണയം പറഞ്ഞറിയിക്കേണ്ട ഒന്നാണെന്ന ചിന്ത ഞങ്ങൾക്കില്ല. എതിർപ്പുകളിൽ പതറാതെ നിന്ന കാലം പാർവതി: അതൊരു വല്ലാത്ത സമയമായിരുന്നു. ഗോസിപ്പുകളിലൂടെയാണു വീട്ടിൽ വിവരം അറിഞ്ഞത്. പരസ്പരം കാണാനോ മിണ്ടാനോ സാധിക്കാത്ത അവസ്ഥ. ഇന്നത്തെപ്പോലെ മൊബൈൽ പോലുള്ള സാങ്കേതികവിദ്യകളൊന്നും അന്നില്ലായിരുന്നല്ലോ. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും വീട്ടുകാരുടെ അനുവാദത്തോടെയാകും വിവാഹം കഴിക്കുകയെന്നു ഞങ്ങൾ തീരുമാനിച്ചിരുന്നു. നാലു വർഷത്തോളം കാത്തിരുന്നു. ഞങ്ങളുടെ സ്‌നേഹം ദൈവത്തിനും കുടുംബത്തിനും മനസിലായി. കാത്തിരിപ്പിനൊടുവിൽ വിവാഹമെന്ന സ്വപ്‌നം പൂവണിഞ്ഞു. ജയറാം: ഗുരുവായൂരപ്പന്റെ നടയിൽ വച്ചായിരുന്നു വിവാഹം. ജീവിതം തുടങ്ങുന്നത് എഴുന്നൂറ് സ്‌ക്വയർ ഫീറ്റ് മാത്രമുള്ള ഫ്‌ളാറ്റിലാണ്. ആ സമയത്താണ് വിക്രമിന്റെ ഗോകുലം എന്ന സിനിമയിൽ അവസരം ലഭിക്കുന്നത്. പിന്നീട് തിരക്കായി. ചെന്നൈയിൽ സ്ഥിരതാമസമാക്കി. അവിടെയൊരു ഫ്‌ളാറ്റു വാങ്ങി. മോൾ ജനിച്ചശേഷമാണ് സ്വന്തമായി ഒരു വീടുവേണം എന്നു തോന്നുന്നത്. ജീവിതത്തിലെ മറക്കാനാവാത്ത സമ്മാനം പാർവതി: പരസ്പരം സമ്മാനങ്ങൾ കൈമാറുന്ന രീതിയൊന്നും ഞങ്ങൾക്കിടയിലില്ല. എന്തെങ്കിലും കണ്ട് ഇഷ്ടപെട്ടാൽ അതു വാങ്ങി നൽകും. ജയറാം: വിലകൂടിയ വസ്ത്രങ്ങളോടോ ആഭരണങ്ങളോടോ പാർവതിക്ക് അത്ര കമ്പമൊന്നുമില്ല. പിന്നെ, അവൾക്കു കിട്ടിയ ഏറ്റവും നല്ല സമ്മാനമല്ലേ ഞാൻ. മെയ്ഡ് ഫോർ ഈച്ച് അഥർ പാർവതി: അയ്യോ… അങ്ങനൊന്നും പറഞ്ഞു കണ്ണുവയ്ക്കല്ലേ. എല്ലായിടത്തേയും പോലെ ഇണക്കങ്ങളും പിണക്കങ്ങളും ഞങ്ങൾക്കിടയിലുണ്ട്. ജയറാം: കൊച്ചു കൊച്ചു ഇണക്കങ്ങളും പിണക്കങ്ങളും ഇല്ലാതെ ഒരു ദാമ്പത്യം എങ്ങനെയാണ് സക്‌സസ് ആവുക. ചെറിയ പിണക്കങ്ങളാണു കൂടുതൽ ഇണക്കമുണ്ടാക്കുന്നത്. ജയറാമെന്ന ഫാമിലിമാൻ പാർവതി: സിനിമയിൽ മാത്രമല്ല ജീവിതത്തിലും നല്ലൊരു ഫാമിലിമാനാണ് ജയറാം. ചെന്നൈയിൽ വന്നിട്ട് ഇത്രയും വർഷമായി ഒരു നൈറ്റ് ക്ലബ്ബിൽ പോലും ജയറാം പോയിട്ടില്ല. ഷൂട്ടില്ലാത്ത ദിവസങ്ങളിൽ വീട്ടിലോ അല്ലെങ്കിൽ കുടുംബത്തോടൊപ്പം യാത്രകൾ ചെയ്യാനോ ആണ് കൂടുതൽ ഇഷ്ടം. ജയറാം: ഞാനിങ്ങനെയാവാനുള്ള പ്രധാന കാരണം പാർവതിയാണ്. ഞങ്ങളുടെ കുടുംബത്തിലെ ധനകാര്യമന്ത്രി പാർവതിയാണ്. പണമുള്ളപ്പോഴും പണത്തിന് ടൈറ്റുള്ള സമയത്തും എന്നെയും കുട്ടികളെയും ഒന്നുമറിയിക്കാതെ പാർവതിയതു കൈകാര്യം ചെയ്യും. വീട്ടുകാര്യങ്ങളിലൊന്നും എന്നെ ടെൻഷനടിപ്പിക്കാറില്ല. ഞാൻ വീടുനോക്കികൊള്ളാം ജയറാം സിനിമയിൽ ശ്രദ്ധിച്ചോളു എന്നാണ് പാർവതി പറയാറ്. ഒരു കലാകാരനെ സംബന്ധിച്ച് ഇതിലും വലിയൊരു ഭാഗ്യം ലഭിക്കാനില്ല. അറിയപ്പെടുന്ന താരത്തിൽ നിന്ന് വീട്ടമ്മയിലേക്കുള്ള മാറ്റം പാർവതി: എന്നും ഒരു സാധാരണ വീട്ടമ്മയാകാനാണ് എനിക്കിഷ്ടം. അഭിനയിക്കണമെന്ന ആഗ്രഹം എനിക്കു പണ്ടേയില്ല. കുടുംബത്തോടൊപ്പം സന്തോഷകരമായ ലൈഫാണ് എനിക്കിഷ്ടം. ജയറാം: ആ റോൾ പാർവതി മികച്ചതാക്കുന്നുമുണ്ട്. പരാജയങ്ങളിലും കൈതാങ്ങ് പാർവതി: ചെറിയ ടെൻഷനുണ്ടായാൽ പോലും അത് അപ്പപ്പോൾ വിളിച്ചു പറയുന്ന ആളാണ് ജയറാം. ജയറാം: പാർവതി എന്ത് ടെൻഷനും സൊല്യൂഷനുണ്ടാക്കുന്ന വ്യക്തിയാണ് പാർവതി. അതുകൊണ്ടുതന്നെ ചെറിയ കാര്യങ്ങൾ പോലും അശ്വതിയോടു പറഞ്ഞ് ടെൻഷൻ ഒഴിവാക്കും. എന്നാലും പരാജയപ്പെടുമ്പോഴൊക്കെ എവിടെയെങ്കിലും ഒരു കൈതാങ്ങുണ്ടാകും. അതിന്റെ കാരണം ഗുരുത്വമാണ്. ഈ മൂന്നക്ഷരം മനസിൽ സൂക്ഷിക്കുന്ന ആളാണു ഞാൻ. അത് ഏതു കാര്യത്തിലായാലും. നല്ല ഗുരുനാഥൻ ലഭിക്കുക എന്നതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഭാഗ്യം. മിമിക്രിയുമായി വരുന്ന കാലത്ത് എനിക്കു കിട്ടാവുന്ന ഏറ്റവും വലിയ ഗുരുനാഥനായിരുന്നു കലാഭവനിലെ ആബേലച്ചൻ. സിനിമയിൽ എനിക്കു കിട്ടിയ ഗുരുനാഥനാണ് പത്മരാജൻ. എന്തു കാര്യങ്ങളുണ്ടെങ്കിലും എനിക്കു പറയാൻ പറ്റുന്ന ഒരാളായിരുന്നു അദ്ദേഹം. അതുപോലെ ചെണ്ടയുടെ കാര്യത്തിൽ മട്ടന്നൂർ. ഒരു ഗുരുകുല വിദ്യാഭ്യാസം പോലെയാണ് അദ്ദേഹത്തോടൊപ്പം പാണ്ടി മേളം പഠിച്ചത്. ഗുരുത്വമായിരിക്കാം പരാജയങ്ങൾ വരുമ്പോഴും അവയിൽ നിന്നുമൊക്കെ എന്നെ കര കയറ്റുന്നത്. അവനവനെ സ്വന്തമായി വിൽക്കാനറിയാത്തവൻ ഇന്ന് സിനിമയിൽ മണ്ടനാണെന്നു വേണം പറയാൻ. സെൽഫ് മാർക്കറ്റിംഗ് പഠിച്ചാലേ സിനിമയിൽ നിലനിൽപ്പുള്ളു. നല്ല ബിസിനസ് മൈന്റോടെ പ്രവർത്തിക്കണം. ഞാനൊരു ബിസിനസ്മാനല്ല എന്നതു വലിയൊരു പോരായ്മയാണ്. നമ്മളെ ഏൽപ്പിക്കുന്ന ജോലി ചെയ്യുക, പോവുക. അത്രേയുള്ളു. സംവിധാകന്റെ അടുത്തുപോയി അദ്ദേഹത്തിന്റെ ജോലിയിൽ തലയിടുക, അങ്ങനെയുള്ള ശീലമൊന്നും എനിക്കില്ല. മാത്രമല്ല, സിനിമയുടെ റിലീസിംഗിന്റെ അന്ന് തിയറ്ററുകളിൽ പോയി അവിടുത്തെ കളക്ഷൻ റിപ്പോർട്ട് എടുക്കുക ഇതൊന്നും ഞാൻ ശ്രദ്ധിക്കാറേയില്ല. അതൊക്കെ എന്റെ പോരായ്മകൾ തന്നെയാണ്. എന്നാലും, ഇതൊന്നും നെഗറ്റീവായി എന്നെ ബാധിക്കാറില്ല. ദൈവത്തോട് ഒരു കൈ കുമ്പിളിൽ ഒരു തുടം വെള്ളമേ ഞാൻ ചോദിച്ചിട്ടുള്ളു. അദ്ദേഹമെനിക്ക് കടലോളം തന്നു. ഇത്തരം ചെറിയ സന്തോഷങ്ങളിൽ സംതൃപ്തനാണ് ഞാൻ.

സഹസ്ര പൂർണിമയുടെ ഹേമന്തചന്ദ്രിക
എം.ടി / കെ.പി. സുധീര

Categories:
കാലത്തിന്റെ സ്പന്ദനങ്ങൾ പ്രതിഫലിപ്പിച്ച എഴുത്തുകാരനാണ് എം.ടി. വാസുദേവൻ നായർ എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എം.ടി. നിളയുടെ ജലരാശിയിൽ നിന്ന്, ജന്മനാടിന്റെ ജൈവസമൃദ്ധിയിൽ നിന്നു സ്വാംശീകരിക്കപ്പെട്ട സംസ്‌കാരമാണ്, അദ്ദേഹത്തിന്റെ സാഹിത്യം. മനുഷ്യമഹത്വത്തിന്റെ രഹസ്യമറിഞ്ഞ ഈ നാട്ടിൻപുറത്തുകാരൻ, മണ്ണിന്റെ ഗന്ധം, അതിന്റെ സമൃദ്ധി വായനക്കാരെ അനുഭവിപ്പിച്ചു. കർഷകന്റെ കലപ്പയുടെയും കണ്ണാന്തളിപ്പൂക്കളുടെയും മർമരങ്ങൾ മാത്രമല്ല, ഭൗതിക വിജയത്തിന്റെ മരീചകയ്ക്കു പിറകേ പായുന്ന നഗരസംസ്‌കാരത്തിന്റെ ശബ്ദവും കേൾപ്പിച്ചു. മലയാളത്തിലേക്കു വീണ്ടും ജ്ഞാനപീഠത്തിന്റെ പെരുമ കൊണ്ടുവന്നു. ”അറിയാത്ത മഹാത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന സാഗരങ്ങളേക്കാൾ, അറിയുന്ന നിളാ നദിയാണെനിക്കിഷ്ടം” എന്നു പറഞ്ഞ സാഹിത്യകാരനാണ്, എം.ടി. അദ്ദേഹത്തിന്റെ കൃതികളിൽ പുഴയുണ്ട്, വയലുണ്ട്, കുന്നുണ്ട്, പൂത്തുമറിഞ്ഞുനിൽക്കുന്ന കാട്ടുചെടികളുണ്ട്, കാവുകളുണ്ട്, പള്ളിയും ദൈവവുമുണ്ട്. നാടിനോടും നാട്ടുഭാഷയോടുമുള്ള വേർപെടുത്താനാവാത്ത ബന്ധമാണ്, അദ്ദേഹത്തിന്റെ എഴുത്തിന്റെ കാതൽ. വായനക്കാരുടെ ആത്മദാഹങ്ങൾ ശമിപ്പിക്കാൻ, ജന്മനാടിനെ സ്ഫുടീകരിക്കുന്ന ഈ കൃതികൾക്കു കഴിഞ്ഞു. അക്കാലത്ത് നായർ തറവാടുകളിലെ മരുമക്കത്തായ സമ്പ്രദായവും നാലുകെട്ടുകളിൽ പുകയുന്ന രോക്ഷങ്ങളും അനീതിക്കെതിരേയുള്ള പ്രതിഷേധങ്ങളും അതിൽ വീർപ്പുമുട്ടി കഴിഞ്ഞവരുടെ ജീവിതവും സഹനത്തിൽ നിന്നു വാർന്നുവീണ കഥകൾ- മനുഷ്യന്റെ ആയിരം ദുരിതങ്ങളും ഹർഷങ്ങളും ഗൃഹാതുരമായ കഥകളിലൂടെയും നോവലുകളിലൂടെയും എം.ടി ആവിഷ്‌കരിച്ചു. ആഷാഡമാസത്തിൽ, നിലാവുറയുന്ന രാത്രിയിൽ നിളയുടെ മടിത്തട്ടിൽ ശയിക്കും പോലൊരു അനുഭൂതിയാണ് അദ്ദേഹത്തിന്റെ കഥകൾ പകരുന്നത്. കർക്കടകമാസത്തെ ആഞ്ഞുപെയ്യുന്ന മഴയോടാണ്, കഥയിൽ കഥാകാരൻ അമ്മയെ ഉപമിക്കുന്നത്- പ്രകൃതിയുടെയും നന്മയുടെയും പ്രതീകമായ ഒരമ്മ. മികച്ച സാഹിത്യകൃതികൾ അഭ്രപാളിയിലേക്കു പകർത്തിയ നല്ലകാലത്തിന്റെ സ്മാരകങ്ങളാണ് എം.ടിയുടെ സിനിമകൾ. അവ, സർഗാത്മകതയുടെ വൈശാഖബാഷ്പമായി ഇന്നും ആരാധകമനസുകൾ അയവിറക്കുന്നു. ഊഷരമായിപ്പോയ ഈ ഭൂമിയിൽ അദ്ദേഹത്തിന്റെ കല, ഉർവരതയുടെ സമൃദ്ധി നിറയ്ക്കുന്നു. മുറപ്പെണ്ണ് മുതൽ രണ്ടാമൂഴം വരെയുള്ള എം.ടിയുടെ തിരക്കഥകളും ചില സിനിമ സംവിധാനവും മലയാളി കൃതജ്ഞതയോടെ ഓർക്കുന്നു. ഒരു കഥയുടെ ആലോചനയുമായി നിർമാതാവ് വന്നാൽ സംവിധായകനും നിർമാതാവും മാത്രമല്ല എഡിറ്ററും ക്യാമറാമാനും വരെ പങ്കുകൊണ്ട രസമുള്ള പഴയ അനുഭവങ്ങൾ എം.ടി എഴുതിയിട്ടുണ്ട്. ഇരുട്ടിന്റെ ആത്മാവ് സിനിമയാക്കിയപ്പോൾ മുതൽ വേലായുധന് പ്രേംനസീറിന്റെ ഛായയാണ് നമ്മുടെ മനസിൽ. ‘മഞ്ഞ്’ സിനിമയാക്കിയപ്പോൾ സുധീർ മിശ്രയെ കാത്തിരിക്കുന്ന വിമലയേക്കാൾ ഒരു പക്ഷേ നമ്മുടെ ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്നത്, ഏക്താരയുടെ തേങ്ങലായി നൈനിറ്റാളിൽ അലയുന്ന ആ പഞ്ചാബിയുടെ നിശ്വാസമല്ലേ? അയാൾ വിമലയോടു പറയുന്ന വാക്കുകൾ പോലും ഇന്നും കാതിൽ മുഴങ്ങുന്നു. ”എനിക്ക് നിങ്ങളെ ഇഷ്ടമാണ്. കാരണമൊന്നുമില്ല! വഴിയിൽ തടഞ്ഞു നിർത്തില്ല, പ്രേമലേഖനമെഴുതിയില്ല. വെറുതെ- എനിക്ക് നിങ്ങളെ ഇഷ്ടമാണ്.” സാഹിത്യപാരമ്പര്യമൊന്നുമില്ലാത്ത ഒരു കുഗ്രാമത്തിൽ ജനിച്ചു വളർന്നവനാണ് താനെന്ന് എം.ടി പറയാറുണ്ട്. വിശപ്പിന്റെ രുചി അറിഞ്ഞ ബാല്യ- കൈശോര ദിനങ്ങളെ ഈ എഴുത്തുകാരൻ എന്നും ഓർത്തു. എം.ടിയുടെ പിറന്നാൾ ദിനത്തിൽ സഹസ്രപൂർണിമ വന്നെത്തിയ കർക്കടകത്തിലെ ഉത്രട്ടാതി നാളിൽ അദ്ദേഹത്തിന്റെ കൃതികളുടെയും സിനിമകളുടെയും എക്കാലത്തേയും ആരാധികയായ ഇതെഴുതുന്നവൾ അദ്ദേഹം പറഞ്ഞു തന്ന സംഭവം ഓർക്കുന്നു. മഴക്കാറ് മൂടിയ ഒരു കർക്കടക ദിനത്തിൽ തന്റെ പിറന്നാളിന്, വയറു നിറച്ച് ചോറുണ്ണാൻ വാസു എന്ന കുട്ടിക്കു മോഹം. കുഞ്ഞിക്കിണ്ണത്തിൽ കഞ്ഞി വിളമ്പുന്ന അമ്മയോടു കുട്ടി മടിച്ചുമടിച്ച് പറയുന്നു, ”ഇക്കുറി എന്റെ പിറന്നാളിന്, എനിക്കു കഞ്ഞി വേണ്ട. ചോറു മതിയമ്മേ.” പിറന്നാളിന്, വീട്ടിൽ ഒരു മണി നെല്ലില്ല. അമ്മ കടം വാങ്ങിയ മൂന്നു രൂപയുമായി നെല്ലു വാങ്ങാൻ ആളെ അയച്ചു. നെല്ലു കുത്തി ചോറായപ്പോഴേക്കും വൈകുന്നേരമായിരുന്നു. ചത്ത വിശപ്പ്- കണ്ണീരു കലങ്ങിയ മനസ്. കർക്കടകക്കാറ്റിൽ ആടി ഉലയുന്ന വൃക്ഷങ്ങളെ നോക്കി, കോഴിക്കോട്ടുള്ള ഫ്‌ളാറ്റിലിരിക്കുന്ന എഴുത്തുകാരന്റെ മുഖത്തു വിഷാദം. സ്വന്തം സുഖത്തിലും സൗകര്യത്തിലുമല്ല, മനുഷ്യത്വം വറ്റിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ലോകത്തിന്റെ ദീനതയിലും മനുഷ്യന്റെ ദുരിതങ്ങളിലുമാണ് ആ വലിയ മനുഷ്യൻ മുഴുകിയിരിക്കുന്നത്. സ്വന്തം കൃതികളിലൂടെയും സിനിമകളിലൂടെയും നമ്മിലേക്കു പുതിയ ജീവശ്വാസം ഊതിക്കയറ്റാൻ ശ്രമിച്ച ആ വലിയ എഴുത്തുകാരൻ. കാലത്തിന്റെ മുദ്രവഹിക്കുന്ന നിരവധി സാഹിത്യകൃതികൾ, അമ്പത്തിനാല് തിരക്കഥകൾ, സംവിധാനം, സാമൂഹികമായ ഇടപെടലുകൾ, തുഞ്ചൻ സ്മാരക കേന്ദ്രത്തിലെ കലാസാംസ്‌കാരിക സാഹിത്യപ്രവർത്തനങ്ങൾ- മനുഷ്യ ജീവിതത്തിന്റെ ഇരുളും വെളിച്ചവും തലമുറയ്ക്കു പാരിതോക്ഷികമാക്കിയ എം.ടിക്ക്, സഹസ്രപൂർണിമയുടെ ഹേമന്തചന്ദ്രികയിൽ കുളിച്ചുനിൽക്കുന്ന മഹാസാഹിത്യകാരന് മലയാളിയുടെ ഹൃദയത്തിൽ നിറഞ്ഞ ആശംസകൾ. * ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ചു കഴിയുമ്പോൾ ജീവിതത്തോട് കൃതജ്ഞതയോ, കൃതാർത്ഥതയോ നന്ദിയുണ്ട്. ഒരു പരിചയവുമില്ലാത്തവർ പോലും എന്റെ പിറന്നാളിന്, ആയുരാരോഗ്യ സൗഖ്യത്തിന് ക്ഷേത്രങ്ങളിൽ പോയി പൂജ കഴിച്ച് പ്രസാദം അയച്ചു തരുന്നു. നിരവധി പിറന്നാളാശംസകൾ കത്തുകളായി വന്നു. അവരുടെയൊക്കെ സ്‌നേഹം എന്നെ വികാരഭരിതനാക്കുന്നു. ഒന്നുമില്ലാതെ, ഇത്തിരി അക്ഷരങ്ങൾ മാത്രം കീശയിലിട്ട് ഇറങ്ങിത്തിരിച്ചവനാണു ഞാൻ. ഇന്നെനിക്ക് ആഹാരം തരുന്നത് അക്ഷരങ്ങളാണ്.