കേരളത്തിൽ നാടക പ്രവർത്തനങ്ങൾ സജീവമായിരുന്ന കാലത്ത് ഗൾഫ് നാടുകളിലും മലയാളികളുടെ നാടക പ്രവർത്തനങ്ങൾ സജീവമായിരുന്നു. മലയാളികളുടെ സമ്പന്നമായൊരു നാടകകാലം ഗൾഫ് നാടുകളിലും ഉണ്ടായിരുന്നു. ഇന്ന് അബുദാബിയുടെ കോർണീഷ് എന്നറിയപ്പെടുന്ന യു.എ.ഇയുടെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായി മാറിയ അബുദാബി കടപ്പുറത്ത് 1969 മാർച്ച് ആറിന് ഈന്തപ്പനയോലകൾ കൊണ്ടും മരക്കഷ്ണങ്ങൾ കൊണ്ടും താത്കാലികമായി കെട്ടിയുണ്ടാക്കിയ വേദിയിൽ അബുദാബി മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തിൽ സമ്പൂർണ മലയാള നാടകം അവതരിപ്പിച്ചുകൊണ്ടാണ് ഗൾഫിലെ നാടക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ‘ജീവിതം ഒരു കൊടുങ്കാറ്റ്’ എന്നതായിരുന്നു നാടകത്തിന്റെ പേര്. തുടർന്നങ്ങോട്ട് അബുദാബിയിലും ഇതര എമിറേറ്റുകളിലും മറ്റ് ഗൾഫ് നാടുകളിലും നാടകം ഇതൾ വിരിയുകയായിരുന്നു. ആയിരത്തി തൊള്ളായിരത്തി എഴുപതുകളും എൺപതുകളും അബുദാബിയിൽ മലയാള നാടകങ്ങളുടെ വസന്തകാലമായിരുന്നു. കേരള സോഷ്യൽ സെന്ററിൽ നാടകോത്സവവും അബുദാബി മലയാളി സമാജത്തിൽ നാടകമത്സരവും അരങ്ങുതകർത്തിരുന്ന കാലം. നാടകാചാര്യന്മാരായ പി.കെ. വേണുകുട്ടൻ നായർ, കെ.പി. ഉമ്മർ, എൻ. കൃഷ്ണപ്പിള്ള, കരമന ജനാർദ്ദനൻ നായർ, പ്രൊഫ. ആനന്ദക്കുട്ടൻ, കെ.ജി. സേതുനാഥ്, ജി. ശങ്കരപ്പിള്ള, വയലാ വാസുദേവപ്പിള്ള, നരേന്ദ്രപ്രസാദ് തുടങ്ങി മലയാള നാടക ലോകത്തെ ഒട്ടുമിക്ക പ്രഗത്ഭരും നാടകോത്സവവുമായും നാടകമത്സരവുമായും ബന്ധപ്പെട്ട് അബുദാബിയിൽ എത്തിയിരുന്നു. അബുദാബി ശക്തി തിയറ്റേഴ്‌സ്, ജനസംസ്‌കൃതി, സംഘവേദി, ശിഖ അബുദാബി, മാസ് അബുദാബി, സ്റ്റേജ് ഓഫ് അൽ ഐൻ, സമീക്ഷ, ചലനം തിയറ്റേഴ്‌സ്, ഒമർഖയാം കലാവേദി തുടങ്ങി വിവിധ നാടക സമിതികൾ എണ്ണമറ്റ നാടകങ്ങൾ അവതരിപ്പിച്ചു. അന്ന്, നാടക സമിതികൾ അഭിമുഖീകരിച്ചിരുന്ന ഏറ്റവും വലിയ പ്രശ്‌നം നാടകത്തിൽ സ്ത്രീ വേഷങ്ങൾ ചെയ്യാൻ സ്ത്രീകളെ ലഭ്യമല്ലാതിരുന്നു എന്നതാണ്. നാടകത്തിൽ അഭിനയിക്കുക എന്നത് കുടുംബത്തിൽ പിറന്ന സ്ത്രീകൾക്കു യോജിച്ചതല്ല എന്ന വികലമായ കാഴ്ചപ്പാട് ആദ്യകാലങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്നതുപോലെ ഗൾഫ് നാടുകളിലും ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ വലിയ വായിൽ പുരോഗമനം പറയുന്നവർ പോലും തങ്ങളുടെ ഭാര്യയെയോ, മകളെയോ അഭിനയിക്കാൻ വേദികളിലേക്കു വിടില്ലായിരുന്നു. അതുകൊണ്ട് സ്ത്രീ വേഷങ്ങൾ പുരുഷന്മാരായിരുന്നു കെട്ടിയിരുന്നത്. പല മത്സരങ്ങളിലും മികച്ച നടിയായി തെരഞ്ഞെടുക്കലും അന്നു മികച്ച അഭിനയം കാഴ്ചവച്ച പുരുഷനെ തന്നെയായിരുന്നു. ഇതിനൊക്കെ, മാറ്റം വന്നത് ഷാഹിധനി വാസുവിനെപ്പോലുള്ള പുതു തലമുറകളിൽപ്പെട്ട കുടുംബിനികൾ അരങ്ങത്തു വന്നതോടെയാണ്. കേവലം ഒരു കുടുംബിനിയായി ഒതുങ്ങിക്കൂടി ജീവിക്കാൻ 1992-ൽ അബുദാബിയിലെത്തിയ ഷാഹിധനി അരങ്ങെത്തെത്തുന്നത് തികച്ചും യാദൃശ്ചികമായാണ്. നാട്ടുകാരുടെ കൂട്ടായ്മയായ വടകര എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച വടകര മഹോത്സവത്തിൽ രൂപേഷ് തിക്കോടിയുടെ സംവിധാനത്തിൽ ചിട്ടപ്പെടുത്തിയ മുരുകൻ കാട്ടാക്കടയുടെ ‘കണ്ണട’യ്ക്ക് വേണ്ടിയായിരുന്നു ആദ്യമായി മുഖത്ത് ചായം തേച്ചത്. ഭർത്താവ് കുറുങ്ങോട്ട് വാസുവും അവരുടെ സഹോദരങ്ങളായ കുഞ്ഞിക്കണ്ണൻ, വിജയൻ, സഹോദര പുത്രി അഞ്ജന, മകൻ അവിനേഷ് തുടങ്ങി വീട്ടിലുള്ളവരും സ്ഥിരപരിചിതരായ നാട്ടുകാരും വേഷം കെട്ടുന്നത് കണ്ടപ്പോൾ ഷാഹിധനിക്ക് അതൊരു പ്രചോദനമാവുകയായിരുന്നു. പക്ഷേ, അബുദാബി കൾച്ചറൽ ഫൗണ്ടേഷൻ ഹാൾ സംഘാടകർക്ക് മഹോത്സവത്തിന് അനുവദിച്ച സമയ പരിധി കഴിഞ്ഞതുകൊണ്ട് പ്രസ്തുത ദൃശ്യാവിഷ്‌കാരം അന്ന് അരങ്ങത്ത് അവതരിപ്പിക്കാൻ കഴിഞ്ഞില്ല. പിന്നീട്, ഷാർജയിൽ വച്ച് നടന്ന വടകര മഹോത്സവത്തലും ഇൻഡോ അറബ് സാംസ്‌കാരികോത്സവത്തിന്റെ ഭഗമായും ‘കണ്ണട’ അവതരിപ്പിച്ചു. ഇതിനു മുമ്പു പലപ്പോഴും പാട്ടു പാടുവാനും കവിത ചൊല്ലുവാനും തിരുവാതിര കളിക്കുവാനും സ്റ്റേജിൽ കയറിയിട്ടുണ്ടെങ്കിലും അഭിനയ രംഗത്തേയ്‌ക്കെത്തുന്നത് ആദ്യമായാണ്. തകഴിയുടെ ‘രണ്ടിടങ്ങഴി’യുടെ നാടാകാവിഷ്‌കാരത്തിൽ വേഷമിട്ടുകൊണ്ടായിരുന്നു നാടക വേദിയിലേക്കു കാലെടുത്തുവച്ചത്. നാടകത്തിനു വേണ്ടി ആദ്യമായി മുഖത്തു ചായം തേയ്ക്കുന്നത് അന്നായിരുന്നു. ‘ഒപ്പ് കടലാസ്’ ആയിരുന്നു രണ്ടാമത് അവതരിപ്പിച്ച ലഘു നാടകം. ഇരു നാടകവും സംവിധാനം ചെയ്തത് ഇ.ആർ. ജോഷിയായിരുന്നു. കേരളത്തിന് പുറത്ത് അരങ്ങേറുന്ന ഏറ്റവും വലിയ നാടകോത്സവമായ പ്രഥമ ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കുന്നതിനായി 2009-ൽ പ്രമുഖ നാടക പ്രവർത്തകൻ സതീഷ് കെ. സതീഷിന്റെ സംവിധാനത്തിൽ നാടകസൗഹൃദം അവതരിപ്പിച്ച ‘അവൾ’ എന്ന നാടകത്തിലായിരുന്നു ഷാഹിധനി ഒരു മത്സര നാടകത്തിനായി ആദ്യമായി വേഷം കെട്ടുന്നത്. ഒരു ഡോക്ടറുടെ വേഷമായിരുന്നു അന്ന് ഷാഹിധനി കൈകാര്യം ചെയ്തത്. പ്രസ്തുത നാടകം മികച്ച രണ്ടാമത്തെ നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ഷാഹിധനിയുടെ ഭാഗ്യനക്ഷത്രം തെളിയുന്നത് കേരള സംഗീത നാടക അക്കാഡമിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഈ വർഷത്തെ കോർഡിനേറ്റർമാരിൽ ഒരാളായ ജലീൽ ടി. കുന്നത്തിന്റെ സംവിധാനത്തിൽ അബുദാബി ശക്തി തിയിയറ്റേഴ്‌സിനു വേണ്ടി അവതരിപ്പിച്ച ‘ഉസ്മാന്റെ ഉമ്മ’യിലൂടെയായിരുന്നു. തന്റെ പൊന്നുമോന്റെ മനസൽ ജാതി-മത-രാഷ്ട്രീയ വിഷം ഏൽപ്പിക്കപ്പെട്ടതറിഞ്ഞ്, ആ വിഷം അവർ ആവോളം പാനം ചെയ്യുന്നതറിഞ്ഞ് മകനെ തന്റെ ജീവിതത്തിൽ നിന്നു തള്ളിപ്പറയേണ്ടി വന്ന വൃദ്ധമാതാവായാണ് ഷാഹിധനി ഈ നാടകത്തിൽ വേഷമിട്ടത്.