‘ശീമാട്ടി’ എന്ന ബ്രാൻഡ് പട്ടിന്റെ പരിശുദ്ധിയും വിശ്വസ്തതയുമാണ് മലയാളികൾക്ക്. കേരളത്തിൽ പട്ടിന്റെ ബ്രാൻഡ് അംബാസിഡറാണ് ബീനാ കണ്ണൻ. ടെക്‌സ്റ്റൈൽ ബിസിനസ് രംഗത്തെ ശക്തമായ സ്ത്രീസാന്നിധ്യം. മലയാളി സ്ത്രീകളുടെ സ്വപ്‌നങ്ങളിലെ വസ്ത്രങ്ങൾക്ക് അഴകും വർണങ്ങളും നൽകി സാക്ഷാത്കരിച്ച ശീമാട്ടി എന്ന വസ്ത്ര വ്യാപാരശൃംഖലയുടെ അമരക്കാരി. ലോകത്തിലെ ഏറ്റവും നീളം കൂടിയ പട്ടുസാരി നെയ്ത് ഗിന്നസ് റിക്കോർഡ് കരസ്ഥമാക്കിയ ഡിസൈനർ. വിശേഷണങ്ങൾ ഏറെയുണ്ട് ബീനാ കണ്ണന്. കുട്ടിക്കാലത്തെ ഓണം കുട്ടിക്കാലവും കുട്ടിക്കാലത്തെ ഓണവും ഇന്നും മനസിൽ നിറം മങ്ങാത്ത ഓർമകളാണ്. എത്ര സങ്കടമുണ്ടായാലും കുട്ടിക്കാലം എല്ലാവർക്കും മനോഹരമായ കാലമാണ്. കാലം മാറിയിരിക്കുന്നു. എല്ലാവരും ഇന്ന് സോഷ്യൽ മീഡിയകളിലാണു ജീവിക്കുന്നതെന്നു തോന്നിപ്പോകും. എന്റെ കുട്ടിക്കാലത്ത് ടെലിവിഷൻ പോലും ഉണ്ടായിരുന്നില്ല. ഇന്ന് കാഴ്ചയുടെ ലോകമാണ്. രാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ പോലും കാഴ്ചകളുടെ ലോകത്ത് ഇല്ലാതായിരിക്കുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ച് റെഡിയായി പട്ടു പാവാട ധരിച്ച് അമ്പലത്തിൽ പോകും. മുറ്റത്തു വിവിധ ഡിസൈനുകളിലുള്ള പൂക്കളം ഇടും. പൂക്കൾ പറിക്കാൻ പോകുന്നതൊക്കെ ഇന്നും ഓർമയിലുണ്ട്. വീട്ടുമുറ്റത്തുതന്നെ ധാരാളം പൂച്ചെടികളുണ്ട്. പൂക്കൾ പറിക്കാൻ വീടിന്റെ ചുറ്റുവട്ടത്തും പോകുമായിരുന്നു. ഇന്നിപ്പോൾ അങ്ങനെയൊന്നുമില്ലല്ലോ, പൂക്കൾ വീട്ടിൽ കൊണ്ടുവന്നു തരുന്ന കച്ചവടക്കാരുണ്ട്. ഓർഡർ കൊടുത്താൽ മതി. ഓണാഘോഷവുമായി ബന്ധപ്പെട്ട് പുലികളി ഉൾപ്പെടെയുള്ളവ കാണാൻ പോകുമായിരുന്നു. ഓണം അവധി ദിവസങ്ങൾ കൂട്ടുകാരൊത്തു ചെലവഴിക്കുന്ന സമയം കൂടിയാണ്. വീട്ടിൽ സ്ഥിരമായി ഊഞ്ഞാലുണ്ട്. ഓണത്തിനുവേണ്ടി പ്രത്യേകിച്ച് ഊഞ്ഞാൽ കെട്ടേണ്ട ആവശ്യമില്ലായിരുന്നു. അച്ഛന് ബിസിനസിന്റെ തിരക്കുകളുണ്ടെങ്കിലും ഓണനാളുകളിൽ അച്ഛൻ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിച്ചിരുന്നു. എല്ലാ ആഴ്ചയിലും അച്ഛനും അമ്മയും ഞാനും ആലപ്പുഴയിലെ കുടുംബവീട്ടിൽ പോകും. കുടുംബവീട്ടിലായിരിക്കും തിരുവോണത്തിന്റെ ആഘോഷങ്ങൾ. വീട്ടമ്മ എന്നതിൽ നിന്ന് ബിസിനസിലേക്കുള്ള വരവ് വിവാഹം കഴിയുന്നതിനു മുമ്പുതന്നെ ബിസിനസ് രംഗത്തേക്കു വന്നിരുന്നു. ഡിഗ്രി പരീക്ഷ കഴിഞ്ഞതിന്റെ പിറ്റേ ദിവസം തന്നെ അച്ഛനോടൊപ്പം ശീമാട്ടിയിൽ എത്തി. ശീമാട്ടിയുടെ എല്ലാ കാര്യങ്ങളിലും അച്ഛനെ സഹായിച്ചിരുന്നു. വിവാഹശേഷവും ബിസിനസ് വിട്ടില്ല. ഭർത്താവിന്റെ പൂർണ പിന്തുണ എനിക്കുണ്ടായിരുന്നു. ഷോപ്പിൽ നിന്നിറങ്ങിയാൽ കുടുംബകാര്യങ്ങളിൽ ശ്രദ്ധിക്കും. മക്കളുടെ പഠനകാര്യങ്ങൾ, അവരുടെ മറ്റ് ആക്റ്റിവിറ്റീസുകൾ തുടങ്ങിയവയ്‌ക്കൊക്കെ സമയം കണ്ടെത്തും. വസ്ത്രവ്യാപാരം എന്നെ സംബന്ധിച്ചടത്തോളം ഏറ്റവും സന്തോഷകരമായ ബിസിനസ് ആണ്. ബിസിനസ് എന്നതിലുപരി ആളുകളുടെ സന്തോഷത്തിലും നമുക്കു പങ്കുചേരാം. വിവാഹം, എൻഗേയ്ജ്‌മെന്റ്, വിവാഹവാർഷികം, ബെർത്ത്‌ഡേ, മാമോദീസ… അങ്ങനെ ആളുകളുടെ സന്തോഷ നിമിഷങ്ങളിൽ നമ്മളും കൂട്ടുചേരുന്നു. അച്ഛൻ, അമ്മ അച്ഛന്റെ (വി. തിരുവെങ്കിടം) യും അമ്മ (സീതാലക്ഷ്മി) യുടെയും പിന്തുണ എല്ലാ ഉയർച്ചകൾക്കും പിന്നിലുണ്ട്. ബിസിനസിന്റെ വലിയ സാധ്യതകൾ എനിക്കു മുന്നിൽ തുറന്നിട്ടത് അച്ഛനാണ്. ഓരോ കാര്യങ്ങളും വിശദീകരിച്ചു പറഞ്ഞുതരുമായിരുന്നു. അതെല്ലാം കനമുള്ള ജീവിതപാഠങ്ങൾ കൂടിയാണ്. അമ്മ ബിസിനസ് രംഗത്തു വന്നിരുന്നില്ല. ഫാഷൻ, ഡ്രസിംഗ്, മേയ്ക്കപ്പ് തുടങ്ങിയ മേഖലയിലായിരുന്നു അമ്മയ്ക്കു താത്പര്യം. അമ്മ മികച്ച ഡിസൈനർ കൂടിയായിരുന്നു. ലേറ്റസ്റ്റ് ഫാഷൻ ട്രെൻഡുകളെക്കുറിച്ച് അമ്മയ്ക്കു നന്നായി അറിയാമായിരുന്നു. സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രങ്ങൾ അമ്മയ്ക്കുണ്ടായിരുന്നു. അമ്മയുടെ ഇത്തരം പ്രവർത്തനങ്ങൾക്ക് ഭർതൃസഹോദരിയും ഒപ്പമുണ്ടായിരുന്നു. ഫാഷൻ, ഡിസൈനിംഗ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് അമ്മയിൽ നിന്നു ധാരാളം പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ശീമാട്ടിയുടെ പ്രത്യേകതകൾ ശീമാട്ടിയുടെ പ്രത്യേകതകൾ കസ്റ്റമേഴ്‌സ് ആണ് പറയേണ്ടത്. എനിക്കു കിട്ടിയിട്ടുള്ള കസ്റ്റമേഴ്‌സ് ഫീഡ്ബാക്ക്, ശീമാട്ടിയിൽ വന്നാൽ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്നതിലെ പരിപൂർണത ലഭിക്കും എന്നതാണ്. വിവാഹ വസ്ത്രങ്ങളെടുക്കാൻ വരുന്നവരുൾപ്പെടെ ചിലർ ശീമാട്ടിയിൽ നിന്നു വസ്ത്രങ്ങൾ വാങ്ങാതെ മടങ്ങിപ്പോയ സാഹചര്യങ്ങളുണ്ട്. അവർ വീണ്ടും അന്നുതന്നെയോ അല്ലെങ്കിൽ അടുത്ത ദിവസമോ വന്ന് ശീമാട്ടിയിൽ നിന്നുതന്നെ വസ്ത്രങ്ങൾ തെരഞ്ഞെടുക്കുന്ന സന്ദർഭങ്ങളുമുണ്ടാകാറുണ്ട്. സ്ത്രീകളുടെയും പുരുഷന്മാരുടെയും വിവാഹ വസ്ത്രങ്ങളിൽ എന്നും ലേറ്റസ്റ്റ് ഐറ്റംസ് ശീമാട്ടിക്കുണ്ട് എന്നതുകൊണ്ടാണ്. ആഘോഷമേതുമാകട്ടെ അതിനുള്ള ലേറ്റസ്റ്റ് വസ്ത്രങ്ങൾ ശീമാട്ടിയിലുണ്ട്. ഏറ്റവും പുതിയ വസ്ത്രങ്ങളാണ് ശീമാട്ടി കളക്റ്റ് ചെയ്യുന്നത്. സാരികളിൽ ഏറ്റവും പുതുമയുള്ള ഡിസൈനുകൾ ശീമാട്ടിയ്ക്കുണ്ട്. കസ്റ്റമേഴ്‌സിന്റെ ഇഷ്ടത്തിനനുസരിച്ച് സാരികൾ ഡിസൈൻ ചെയ്തും കൊടുക്കും. അവരുടെ കൂടെ നിന്ന്, അവരുടെ മനസിലുള്ള ഡിസൈൻ ചെയ്തുകൊടുക്കും. നമ്മുടെ താത്പര്യങ്ങൾ അവരിലേക്ക് അടിച്ചേൽപ്പിക്കാറില്ല. ഫെസ്റ്റിവൽ സീസണിൽ മാത്രം കളക്ട് ചെയ്യുന്ന രീതി ശീമാട്ടിക്കില്ല. ശീമാട്ടിക്കെന്നും ഫെസ്റ്റിവൽ ആണ്. വസ്ത്രങ്ങളുടെ ക്വാളിറ്റി ശീമാട്ടി എന്നും കാത്തുസൂക്ഷിക്കുന്നു. കാഞ്ചീപുരം, ബനാറസ് തുടങ്ങിയ നെയ്ത്തുഗ്രാമങ്ങളിൽ നിന്നു നേരിട്ടു കൊണ്ടുവരുന്നതാണ് സാരികൾ. ഷോപ്പിൽ നിന്നു വാങ്ങുന്ന ഏതുതരം വസ്ത്രവുമാകട്ടെ അതിനു ഗ്യാരന്റിയുണ്ട്. പിന്നെ, അമിതലാഭം എടുക്കുന്ന രീതി ശീമാട്ടിക്കില്ല. ന്യായമായ വില മാത്രമേ ശീമാട്ടി ഈടാക്കുന്നുള്ളു.