ഇരുപത്തിരണ്ടു വർഷം മുമ്പായിരുന്നു അച്ഛനുമൊന്നിച്ചുള്ള അവസാനത്തെ ഓണാഘോഷം. 1995-ൽ. ആഘോഷങ്ങളും ഉത്സവങ്ങളും അച്ഛനെന്നും ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും തിരുവോണം. ഓണക്കാലത്ത് കുടുംബത്തിലെ എല്ലാവരും കഴിവതും ഒത്തുചേരാറുണ്ട്. ആരെങ്കിലും ഒരാൾ ഇല്ലെങ്കിൽ വലിയ വിഷമമാണ്. അന്നത്തെ ഓണം കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും അച്ഛൻ മരിച്ചു. അതിനുശേഷം തിരുവേണം വരുമ്പോൾ വല്ലാത്തൊരു ശൂന്യതയാണ്. ഈ ഓണത്തിനുമുണ്ട്, പരിഹരിക്കാൻ കഴിയാത്ത ആ ശൂന്യത. മരിക്കുന്നതുവരെ ഒരു വാക്കിന്റെ അർത്ഥം തേടി എനിക്ക് ഡിക്ഷണറി നോക്കേണ്ടിവന്നിട്ടില്ല. ചോദിച്ചാൽ അപ്പോൾത്തന്നെ ഉത്തരം പറയും. സംശയമുണ്ടെങ്കിൽ മാത്രം ഡിക്ഷണറി പരിശോധിക്കും. വായിച്ചുകിട്ടിയതിനേക്കാൾ ജീവിതത്തിൽ നിന്നു നേടിയ അറിവാണത്. ജനയുഗത്തിൽ അച്ഛന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്ന സമയം. ആ സമയത്ത് അമ്പലപ്പുഴയിൽ നാടകത്തിനുപോയപ്പോൾ തകഴിച്ചേട്ടനെ കണ്ടു. അച്ഛനെ എടാ എന്നു വിളിക്കുന്ന ഒന്നോ രണ്ടോ പേരെയേ ഞാൻ കണ്ടിട്ടുള്ളൂ. അതിലൊരാളാണ് തകഴിച്ചേട്ടൻ. അച്ഛനെ തകഴിച്ചേട്ടൻ കെട്ടിപ്പിടിച്ചു, ”എടാ എനിക്കു നിന്നോട് അസൂയയുണ്ട്. നിന്റെ അനുഭവത്തിന്റെ നൂറിലൊരംശം പോലും എനിക്കില്ലാതായിപ്പോയല്ലോ…” അത്രയേറെ അനുഭവങ്ങളുണ്ട്. പത്തൊമ്പതാമത്തെ വയസിൽ നാടുവിട്ടുപോയ ആളാണ് അച്ഛൻ. മലേഷ്യയിലെത്തി പല പല ജോലികൾ ചെയ്തു. റബർ എസ്റ്റേറ്റിൽ ജോലിയെടുത്തു. മെറ്റീരിയ മെഡിക്ക കോഴ്‌സ് പഠിച്ചുകഴിഞ്ഞാൽ അന്നു ചെറിയ ഓപ്പറേഷനൊക്കെ ചെയ്യാം. അച്ഛനതും പഠിച്ചു. എസ്റ്റേറ്റിലെ ജോലിക്കാർക്ക് മലമ്പനി, സിഫിലിസിസ് തുടങ്ങിയ രോഗങ്ങൾ വന്നാൽ ചികിത്സിക്കുന്നത് അച്ഛനാണ്. മെറ്റീരിയ മെഡിക്ക കഴിഞ്ഞ് രണ്ടുവർഷത്തെ കോഴ്‌സ് കഴിഞ്ഞാൽ എൽ.എം.പി ആവാം. എന്നുവച്ചാൽ പഴയ എം.ബി.ബി.എസ്. പിന്നീട് ഐ.എൻ.എയിൽ ചേർന്നു. സുഭാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ടു. അവിടെ നിന്ന് ഇംഗ്ലീഷുകാർ പിടിച്ചു. പിന്നീടു രക്ഷപ്പെട്ടു. യുദ്ധം നേരിട്ടു കാണുകയും അതിന്റെ കെടുതികൾ അനുഭവിക്കുകയും ചെയ്തയാളാണ് അച്ഛൻ. അങ്ങനെ എത്രയെത്ര അനുഭവങ്ങൾ. അതുകൊണ്ടാണ് തകഴിച്ചേട്ടൻ അത്ഭുതപ്പെട്ടത്. നാടകം കഴിഞ്ഞിട്ടും കരച്ചിൽ ബാക്കി ഏഴാം വയസിൽ അച്ഛന്റെ നാടകത്തിൽ തുടങ്ങിയതാണ് അഭിനയം. ഒരു നാടകത്തിൽ എന്റച്ഛൻ മരിച്ചുപോയി. അച്ഛനെയോർത്ത് അമ്മ കരയുന്നതാണ് സീൻ. കൂടെ ഞാനും കരയണം. നാടകം ആരംഭിച്ചു. അമ്മ കരയുമ്പോൾ ഞാനും കരഞ്ഞു. തിരിച്ച് ഗ്രീൻ റൂമിലെത്തിയിട്ടും എനിക്കു കരച്ചിലടക്കാൻ കഴിഞ്ഞില്ല. കരച്ചിൽ എങ്ങനെ നിയന്ത്രിക്കണമെന്നൊന്നും എനിക്കറിയില്ലായിരുന്നു. കോളേജുകാലം വരെ അച്ഛനൊപ്പം നാടകത്തിനു പോകും. അഭിനയിക്കുന്നവർ ആരെങ്കിലും വരാതിരുന്നാൽ ആ വേഷം ചെയ്യുന്നതു ഞാനാണ്. കോളേജ് കാലഘട്ടം കഴിഞ്ഞപ്പോഴാണ് ഫുൾടൈം നാടകത്തിലെത്തിയത്. കാപാലിക, ക്രോസ്‌ബെൽട്ട് തുടങ്ങിയ നാടകങ്ങൾ വീണ്ടും സ്റ്റേജിലെത്തിയപ്പോൾ ഞാനും അഭിനയിച്ചു. വീടിന്റെ ചെറിയ ചായ്പിലാണ് അന്ന് റിഹേഴ്‌സൽ. രാവിലെ ഉണരുമ്പോൾ കേൾക്കുന്നത് നാടകത്തിലെ ഡയലോഗുകളാണ്. അതുകൊണ്ടുതന്നെ നാടകം മാത്രമായിരുന്നു അന്നത്തെ ചിന്ത. ശ്രീകുമാരൻ തമ്പി സാറിന്റെ അമ്മയ്‌ക്കൊരുമ്മ എന്ന സിനിമയുടെ ഷൂട്ടിംഗ് കോട്ടയത്തായിരുന്നു. ജഗതിയും ഇപ്പോഴത്തെ ഡബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുമാണ് പ്രധാനവേഷത്തിൽ. അതിൽ ചെറിയൊരു റോളിൽ എനിക്കും ചാൻസ് കിട്ടി. അതാണ് ആദ്യത്തെ സിനിമ. പിന്നീട് സുറുമയിട്ട കണ്ണുകൾ. ന്യൂഡൽഹി വരെ ചെറിയ ചെറിയ വേഷങ്ങളിൽ മാത്രമായിരുന്നു അഭിനയിച്ചിരുന്നത്. പിന്നീടാണ് വില്ലനായി മാറിയത്. ഞാൻ സിനിമയിൽ അഭിനയിക്കുന്നതിനോട് അച്ഛന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ പുകഴ്ത്തി സംസാരിക്കാറില്ല. സിനിമ കണ്ടാൽ കുഴപ്പമില്ലെന്നു മാത്രം പറയും. തുടർച്ചയായി വില്ലനായപ്പോൾ ഒരു ദിവസം അച്ഛൻ ചോദിച്ചു, ”എന്തിനാടാ ഇങ്ങനെ തല്ലുകൊള്ളാൻ പോകുന്നത്..?” അമ്മ കാത്തിരുന്നു, ഒൻപതുവർഷം നാടുവിട്ടു പോയതിനുശേഷം അച്ഛനെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. മരിച്ചു എന്നുതന്നെയാണ് നാട്ടുകാരടക്കം എല്ലാവരും കരുതിയത്. എന്നാൽ, അമ്മയ്ക്ക് വിശ്വാസമുണ്ടായിരുന്നു, അച്ഛൻ തിരിച്ചുവരുമെന്ന്. ഒൻപതുവർഷം കഴിഞ്ഞ് അച്ഛൻ തിരിച്ചെത്തിയപ്പോൾ നാട്ടുകാർ അമ്പരന്നു. അമ്മ മരിച്ചപ്പോഴാണ് അച്ഛനാദ്യമായി പൊട്ടിക്കരഞ്ഞത്. അമ്മയുടെ ബോഡി താഴെ കൊണ്ടുവന്നപ്പോൾ മുകളിലത്തെ മുറിയിലായിരുന്നു അച്ഛൻ. പൂവിട്ട് നമസ്‌കരിക്കാൻ വിളിച്ചപ്പോൾ പോലും വന്നില്ല. സംസ്‌കാരം കഴിഞ്ഞപ്പോഴാണ് അച്ഛൻ ജനാല തുറന്ന് അമ്മയെ അടക്കിയ സ്ഥലത്തേക്കു നോക്കിയത്. ”എനിക്കാ പുക കണ്ടാൽ മാത്രം മതി. അതിൽ അവളുണ്ട്…” അടിയന്തിരം കഴിയുന്ന ദിവസം അച്ഛൻ ഏങ്ങലടിച്ചു കരയുന്നതുകണ്ടപ്പോൾ ഞങ്ങൾക്കെല്ലാം പേടിയായി. മുകളിലത്തെ മുറിയിൽ നിന്ന് എവിടേക്കും ഇറങ്ങിയതുമില്ല. അമ്മ മരിക്കുന്നതിനു മുമ്പുതന്നെ സംവിധായകൻ സിദ്ധിഖ് ഗോഡ്ഫാദർ എന്ന സിനിമ ചെയ്യുന്ന കാര്യം സൂചിപ്പിച്ചിരുന്നു. അതിൽ അഭിനയിക്കാൻ അച്ഛനെക്കൊണ്ടു സമ്മതിപ്പിക്കുമോ എന്നു ചോദിച്ചു. പൊതുവെ ആരു പറഞ്ഞാലും കേൾക്കുന്ന സ്വഭാവമല്ല അച്ഛന്റേത്. പ്രത്യേകിച്ചും സിനിമയിൽ അഭിനയിക്കുന്ന കാര്യം. പറഞ്ഞുനോക്കാമെന്നു ഞാൻ പറഞ്ഞു. ഇക്കാര്യം മടിച്ചുമടിച്ചാണ് അച്ഛനോട് സൂചിപ്പിച്ചത്. സ്‌ക്രിപ്റ്റ് കേൾക്കട്ടെ. എന്നിട്ടാലോചിക്കാം എന്നായിരുന്നു മറുപടി. ഈ സമയത്തായിരുന്നു അമ്മയുടെ മരണം.