എം.ടി സാറുമായുള്ള പരിചയം സിനിമ തന്ന സൗഭാഗ്യങ്ങളിലൊന്നാണ്. സാറിനെ എന്നാണു പരിചയപ്പെട്ടതെന്ന് ഓർമയില്ല. എന്നോ, എവിടെ വച്ചോ സംഭവിച്ച ഒരു ഭാഗ്യം. എഴുത്തുകാരനും നടനും എന്നതിനപ്പുറത്തേക്കു ഞങ്ങളുടെ സൗഹൃദം വളർന്നിട്ടില്ലെങ്കിലും സുകൃതമായി ഞാൻ അതിനെ നെഞ്ചേറ്റുന്നു. ഗുരുത്വത്തിന്റെ വലിയൊരു നദിയായി എന്നിൽ നിറഞ്ഞു നിൽക്കുന്നു. എന്റെ 38 വർഷത്തെ അഭിനയജീവിതത്തിൽ എം.ടി സാർ എഴുതിയ വിസ്മയകരമായ കുറേ തിരക്കഥകളിൽ അഭിനയിക്കാൻ എനിക്കു സാധിച്ചു. ഒറ്റ ഓർമയിൽ മാത്രം എത്രയെത്ര ചിത്രങ്ങൾ! എന്തെന്ത് അനുഭവങ്ങൾ! അവയെല്ലാം അഭിനയജീവിതത്തിലെ അഭിമാനനിമിഷങ്ങളാണ്. ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, ഉയരങ്ങളിൽ, രംഗം, അനുബന്ധം, ഇടനിലങ്ങൾ, പഞ്ചാഗ്നി, അമൃതം ഗമയഃ, താഴ്‌വാരം, സദയം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ചെറുതും വലുതുമായ വേഷങ്ങൾ. ഒരു നടനു ലഭിക്കാവുന്ന മഹാഭാഗ്യമായി തന്നെ ഞാനതിനെ കാണുന്നു. തികച്ചും വ്യത്യസ്തമായ സംഭാഷണങ്ങളും സാഹചര്യങ്ങളും സൃഷ്ടിക്കുന്ന അദ്ദേഹത്തിന്റെ രചനാവൈഭവത്തിനു ശരീരഭാഷ നൽകാൻ ഏതു നടനും സ്വാഭാവികമായും ആഗ്രഹിച്ചു പോകും. സിനിമയിലെത്തും മുമ്പ് എം.ടി സാറിന്റെ പല കൃതികളും പല ആവർത്തി ഞാൻ വായിച്ചിട്ടുണ്ട്. ഇപ്പോഴും വായിക്കാറുണ്ട്. തിരക്കഥകൾ വായിക്കുന്നതും ആ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും മനോഹരമായ ദൃശ്യാനുഭവമാണ്. സാറിന്റെ സ്‌ക്രിപ്റ്റിന്റെ മനോഹാരിത, കഥാപാത്രമായി മാറാൻ എളുപ്പം കഴിയും എന്നതാണ്. നടന്റെ മനസും ശരീരവും കഥാപാത്രമായി അതിവേഗം മാറും, പാകപ്പെടും. എത്ര പിരിമുറുക്കമുള്ള രംഗമാണെങ്കിലും അനായാസം അതിനെ അഭിമുഖീകരിക്കാൻ നടനു കഴിയും. സാറിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളവരിൽ ആരുടെയും അനുഭവം മറിച്ചാകില്ലെന്നാണ് എന്റെ വിശ്വാസം. ഞാനവതരിപ്പിച്ച എം.ടി കഥാപാത്രങ്ങളെല്ലാം എനിക്കു പ്രിയപ്പെട്ടതാണ്. ‘ഉയരങ്ങളി’ലെ ആന്റി ഹീറോ ആയ ജയരാജിനെ ഞാൻ ഏറെ ഇഷ്ടപ്പെടുന്നു. ക്ലൈമാക്‌സിൽ പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ ‘തോൽക്കാൻ ഞാൻ തയാറല്ലെങ്കിലോ?’ എന്നു പറഞ്ഞ് ഉയരങ്ങളിൽ നിന്നു ചാടി മരിക്കുന്ന ജയരാജൻ ഇന്നും എനിക്കു വിസ്മയമാണ്. പ്രദർശനത്തിനെത്തിയ കാലത്തേക്കാൾ പിൽക്കാലത്താണ് ‘ഉയരങ്ങളിൽ’ ശ്രദ്ധ പിടിച്ചുപറ്റിയത്. ഇന്നാണ് ഇറങ്ങുന്നതെങ്കിൽ ആ സിനിമ ഏറെ കൊണ്ടാടപ്പെടുമായിരുന്നു. ‘ആൾക്കൂട്ടത്തിൽ തനിയെ’യിൽ എന്റെ കഥാപാത്രം രണ്ടോ മൂന്നോ സീനിലേ പ്രത്യക്ഷപ്പെടുന്നുള്ളൂ. എന്നിട്ടും ഞാനതിനെ ഒരുപാടു സ്‌നേഹിക്കുന്നു. ‘അമൃതം ഗമയഃ’യും ‘സദയ’വും ‘താഴ്‌വാര’വും എന്നിലെ നടന് ഒരുപാടു സന്തോഷവും അസ്വസ്ഥതകളും ഉണ്ടാക്കിയ വേഷങ്ങളാണ്. മലയാള നോവൽ സാഹിത്യം 100 വർഷം പിന്നിട്ടപ്പോൾ തെരഞ്ഞെടുത്ത പത്ത് നോവലുകളിലെ പത്തു കഥാപാത്രങ്ങളെ ‘കഥയാട്ടം’ എന്ന പരിപാടിയിലൂടെ അരങ്ങിൽ പകർന്നാടാനുള്ള ഭാഗ്യം എനിക്കുണ്ടായി. അതിലൊന്ന് ‘രണ്ടാമൂഴ’ത്തിലെ ഭീമനായിരുന്നു. എത്ര തവണ ആ കൃതിയിലൂടെ ഞാൻ കടന്നു പോയിട്ടുണ്ടെന്ന് എനിക്കറിയില്ല. വായിക്കുന്തോറും കഥാപാത്രത്തിലേക്കു നടനെ പിടിച്ചുവലിക്കുന്ന അനുഭവം. അത് അഭ്രപാളിയിലും സാക്ഷാത്ക്കരിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. പല എഴുത്തുകാരും ഷൂട്ടിംഗ് കഴിയുന്നതുവരെ ലൊക്കേഷനിലുണ്ടാകാറുണ്ട്. പക്ഷേ, എം.ടി സാറിന്റെ സാന്നിധ്യം വളരെ കുറവാണ്. ‘അമൃതം ഗമയഃ’യുടെ ഷൂട്ടിംഗ് കോഴിക്കോട്ടു നടക്കുമ്പോൾ എം.ടി എന്ന സംവിധായകന്റെ കരവിരുതിലൂടെ കടന്നുപോകാനുള്ള അവിചാരിതമായ അവസരവും എനിക്കുണ്ടായി. ഹരിഹരൻ സാർ ഇടയ്ക്ക് ഇല്ലാതിരുന്ന സമയം. അദ്ദേഹമാണ് എന്റെ ചില രംഗങ്ങൾ ഷൂട്ട് ചെയ്തത്. അതു മറ്റൊരനുഭവം. ഇത്രയും കാലത്തിനിടയിൽ ഞാൻ എം.ടി സാറിനോട് അഭ്യർത്ഥിച്ച ഒരേയൊരു കാര്യം എന്റെ പ്രിയ സുഹൃത്ത് പ്രിയദർശനുവേണ്ടി ഒരു സ്‌ക്രിപ്റ്റ് എഴുതിക്കൊടുക്കാനാണ്. എന്തുകൊണ്ടോ, പല കാരണങ്ങളാലും അതു നടക്കാതെ പോയി.