ഏയ്… ടൈറ്റിൽസ് എന്നു പറഞ്ഞാലൊന്നും ആ ഒരു ഇതു കിട്ടില്ല. എഴുതിക്കാണിപ്പ് എന്നു തന്നെ പറയണം. മുമ്പൊക്കെ തിയേറ്ററിൽ വൈകി എത്തുന്നവർ അടുത്തിരിക്കുന്നയാളോടു വെപ്രാളത്തോടെ ചോദിക്കും. ” എഴുതികാണിപ്പ് കഴിഞ്ഞോ?” കപ്പലണ്ടിയെ പോപ്പ് കോൺ വിഴുങ്ങിയതുപോലെ ഫാനിനെ ഏസി വിഴുങ്ങിയതുപോലെ ”എഴുതിക്കാണിപ്പിനെ ടൈറ്റിൽസ്” വിഴുങ്ങിക്കളഞ്ഞു. എഴുതിക്കാണിപ്പും സിനിമയും തുടങ്ങുന്നതിനു മുമ്പ് പണ്ട് ഇന്ത്യൻ ന്യൂസ് റിവ്യൂ എന്നൊരു റീൽ ഉണ്ടായിരുന്നത് അന്നത്തെ സിനിമാപ്രേമികൾക്കറിയാം. ക്രിസ്തുദേവന്റെ വരവറിയിച്ച് സ്‌നാപക യോഹന്നാൻ വന്നതുപോലെ ഇതാ സിനിമ തുടങ്ങുന്നു എന്നതിന്റെ സൂചനയായിട്ടാണ് ഇന്ത്യൻ ന്യൂസ് റിവ്യൂവിന്റെ വരവ്. ന്യൂസ് റിവ്യൂവിനു മുമ്പു മറ്റു പരസ്യങ്ങൾ ഉണ്ടാകും. രാമുവിന്റെ പല്ലുവേദനയും പല്ലിലെ പോടുമൊക്കെ പേസ്റ്റും ദന്തചൂർണവുമൊക്കെ ഉപയോഗിച്ചപ്പോൾ കുറഞ്ഞെന്നും സോപ്പ് ഉപയോഗിച്ചു കുളിച്ചപ്പോൾ ഫുഡ്‌ബോളിൽ ഒന്നാമനായിയെന്നുമൊക്കെ അറിയിച്ചുകൊണ്ടുള്ള പരസ്യങ്ങളാണ്. മുത്തച്ഛൻ, ചെറുപ്പക്കാരൻ, ചെറുപ്പക്കാരി, എട്ടു വയസുകാരൻ എന്നിങ്ങനെ പതിവു പരസ്യ ഫോർമുല തന്നെയാണ്. മുത്തച്ഛന് ഉപദേശകന്റെ റോളാണ്. ഇന്ത്യൻ ന്യൂസ് റിവ്യൂവിൽ ബിഹാറിലെ വെള്ളപ്പൊക്കം, ഭോപ്പാലിലെ വരൾച്ച എന്നിവയാണ് ഹിറ്റ് ഐറ്റങ്ങൾ. തന്റെ കൃഷി എങ്ങനെയാണു നശിച്ചതെന്നും ആ തകർച്ചയിൽ നിന്നു കരകയറാൻ ഗവൺമെന്റും പഞ്ചായത്തും നടത്തിയ സേവനങ്ങളെല്ലാം ഇതിലുൾപ്പെടും. ബിഹാറികൾ അയാളുടെ മാതൃഭാഷയിൽ പറയുന്നതു നമ്മുടെ മാതൃഭാഷയിൽ തത്സമയം നമ്മളെ കേൾപ്പിക്കും. ഒരു ദേശത്തിന്റെ ദൈന്യതയോ, മനുഷ്യജീവിതങ്ങളോടുള്ള സഹാനുഭൂതിയോ അല്ല പടം പെട്ടെന്നു തുടങ്ങുന്നില്ലെടോ എന്നുള്ള സമ്മർദ്ദമാണു നമ്മുടെ മനസിൽ. ന്യൂസ് റിവ്യൂ കഴിമ്പോൾ മൊത്തത്തിൽ ഒരു കൈയടി ഉണ്ടാകും. സിനിമ തുടങ്ങുന്നു എന്നതിന്റെ ഉൾവിളി പ്രേക്ഷകനു കിട്ടിയതിന്റെ കൈയടിയാണ്. ഇന്നത്തെ ടൈറ്റിലിൽ അഞ്ചു മിനിട്ട് താങ്ക്‌സ് പറച്ചിലാണല്ലോ. താങ്ക്‌സ് കാണിക്കുന്നവരുടെ കുടുംബാംഗങ്ങൾ മാത്രം കയറിയാൽത്തന്നെ പടം ഇരുപത്തിയഞ്ചു ദിവസം നിറത്തോടും. മുമ്പു നന്ദിപ്രകാശനം ഇത്രയങ്ങോട്ടില്ല. വിവിധ തരത്തിലാണു മുമ്പൊക്കെ എഴുതിക്കാണിപ്പു വന്നിരുന്നത്. സിനിമ തുടങ്ങുന്നു. സന്തുഷ്ട കുടുംബം. അച്ഛനും അമ്മയും മൂന്നു മക്കളും മൂത്തത് രണ്ട് ആണും. ഇളയതു പെങ്കൊച്ചും. സന്തുഷ്ട കുടുംബമെന്നുവച്ചാൽ ഇതിനപ്പുറം ഒരു സന്തുഷ്ടകുടുംബം തപസു ചെയ്താൽ പോലും കിട്ടില്ല. അച്ഛൻ പോലീസ് ഓഫീസറോ അല്ലെങ്കിൽ മറ്റെന്തോ വലിയ ഉദ്യോഗസ്ഥനോ ആണ്. ഒരു പാട്ട് മസ്റ്റാണ്. ജീവിതം മുഴുവൻ ഇങ്ങനെ ഐക്യത്തോടെ പോണം, എന്നും സന്തുഷ്ടി കളിയാടണം, പരസ്പര സ്‌നേഹത്തോടെ ജീവിക്കണം തുടങ്ങി, സാധാരണ ഗതിയിൽ ഒരിക്കലും സംഭവിക്കാൻ സാധിക്കാത്ത കാര്യങ്ങൾ ഇൾക്കൊള്ളിച്ചാണ് പാട്ട്. പാട്ടു തീരുമ്പോൾ അതാ ഒരുറപ്പ്. ഠേ.. ഠേ.. ഠേ.. എന്ന് മൂന്നു വെടി. ആദ്യ വെടിയിൽ അച്ഛൻ വീണു. അടുത്ത വെടിയിൽ അമ്മയും. പിന്നെ ആകെ ബഹളമാണ്. ആ ബഹളത്തിൽ ജ്യേഷ്ഠനും അനിയനും വേർപിരിയുന്നു. അതാ അവർ ഓടുകയാണ്. ഓടുന്ന ഏട്ടന്റെ കാലുകളിൽ ക്യാമറ. അവിടെ അതാ എഴുതിക്കാണിപ്പു തുടങ്ങുന്നു. പിക്‌ചേഴ്‌സിന്റെ പേര് എഴുതിക്കാണിക്കുന്നു. സിനിമയുടെ പേര്, തുടർന്ന് പേരുകളുടെ നീണ്ടനിര. എഴുതിക്കാണിപ്പ് അവസാനിക്കുമ്പോൾ അതുവരെ ഓടിയിരുന്ന ചെറിയ കാലുകൾ വലുതാവുന്നു. നായകൻ നിൽക്കുന്നു. ചിലപ്പോൾ ആൾ വെടിയേറ്റ് വീഴില്ല. ഇളയമകളെ കൊള്ളത്തലവൻ തന്നെ ഏറ്റെടുത്തു താവളത്തിലേക്ക് കൊണ്ടുപോയാലുമായി.