പ്രവാസം എന്ന വാക്ക് എല്ലാ എഴുത്തുകാരും തലങ്ങുംവിലങ്ങും ഉപയോഗിച്ചു വല്ലാത്തൊരു ക്ലീഷെയായിട്ടുണ്ടെന്നാണു തോന്നുന്നത്. യഥാർത്ഥത്തിൽ ഒരു ഇന്ത്യൻ അവസ്ഥയിൽ ഇന്ത്യക്കാർക്കു പ്രവാസം സാധ്യമല്ല തന്നെ! സ്വന്തം ദേശത്തിന്റെ പരിമിതികളിൽ അതിന്റെ കഷ്ടങ്ങളിൽ അസംതൃപ്തരായ ഒരു വിഭാഗം കടൽ കടന്നുപോയ ചരിത്രസന്ദർഭങ്ങളെ ഒരിടത്തും പ്രവാസിയായി അംഗീകരിച്ചിട്ടില്ല. ജീവനുതന്നെ ഭീഷണിയാകുന്ന ഘട്ടങ്ങളിൽ എല്ലാം ഇട്ടെറിഞ്ഞുള്ള പലായനമാണ് ഒരു പ്രവാസിയെ സൃഷ്ടിക്കുന്നത്. എന്നിട്ടും വിദേശവാസത്തിന്റെ സുഖശീതോഷ്ണത്തിൽ അഭിരമിച്ച പല എഴുത്തുകാരും പ്രവാസത്തിന്റെ മൊത്തക്കച്ചവടക്കാരായി കൊണ്ടാടപ്പെടുന്നുണ്ട് എന്നതാണു ഖേദകരം. എൺപത്തഞ്ചിലെ മാർച്ച് പതിനേഴിനാണ് ഞാൻ ആദ്യമായി അറബ് രാജ്യമായ ബഹറിനിലെത്തുന്നത്. ഒരു പ്രവാസിയുടെ ജീവിതക്ലേശം തരിമ്പുപോലും ആ യാത്രയിലുണ്ടായിരുന്നില്ല. നിലവിലുള്ള അവസ്ഥയിൽ നിന്നു വിടുതിനേടി മെച്ചപ്പെട്ട ജീവിതാവസ്ഥ സ്വപ്‌നംകണ്ടുള്ള പാച്ചിലായിരുന്നു അത്. ഒരു രാത്രിയാണു വീടുവിട്ടിറങ്ങുന്നത്. നേരെ ബസിൽ മുംബൈയ്ക്ക്. പത്തുപതിനഞ്ചു ദിവസം അച്ഛന്റെ സുഹൃത്തിന്റെയൊപ്പമാണു താമസിച്ചത്. അദ്ദേഹമാണ് എന്റെ യാത്രയ്ക്കുള്ള പേപ്പറുകൾ ശരിയാക്കിയത്. ഒരുച്ചയ്ക്കായിരുന്നു ബഹറിനിലേക്കുള്ള വിമാനം. തണുത്തുവിറച്ചുള്ള രണ്ടര മണിക്കൂർ യാത്രയ്ക്കുശേഷമാണ് ബഹറിൻ എയർപോർട്ടിൽ വിമാനമിറങ്ങുന്നത്. അവിടെയെത്തുമ്പോഴും ഉച്ചനേരം തന്നെ. കൈയിലെ ബാഗിൽ അമ്മയുണ്ടാക്കിത്തന്ന അവലോസുണ്ടകളുടെ ഒരു പൊതിയും മൂന്നു പുസ്തകങ്ങളും ജീവിതം വിവരിച്ച കുറേ കത്തുകളുമായിരുന്നു. മാക്‌സിംഗോർക്കിയുടെ അമ്മ, എമിലി സോളയുടെ നാന, വിലാസിനിയുടെ അവകാശികളുടെ നാലാം ഭാഗവുമായിരുന്നു ആ പുസ്തകങ്ങൾ. പ്ലെയിനിങ്ങി പുറത്തേക്കു കടന്നതും ഞാനൊന്നാന്തിപ്പോയി. പുറത്തു നെറുകെ പിളർത്തുന്ന ചൂട്. മുന്നോട്ടുവച്ച കാൽ പിന്നിലേക്കെടുത്തു സ്തംഭിച്ചെന്നോണം നിന്നു. എന്റെ ദൈവമേയെന്ന് ഉള്ളിൽ കരഞ്ഞു. മരുഭൂമിയിലെ പൊള്ളുന്ന കാലാവസ്ഥയെക്കുറിച്ചു പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും അതിത്രയും ഭീകരാവസ്ഥയിലുള്ളതാണെന്നു കരുതിയില്ല. ഓഫീസിലെ നമ്പറിലേക്കു വിളിച്ചു. അപ്പുറത്ത് തലശേരിക്കാരനായ ഒരു കൃഷ്ണൻ നായരായിരുന്നു ഫോണെടുത്തത്. മലയാളിയായതുകൊണ്ടു കാര്യങ്ങൾ വേഗത്തിൽ പറഞ്ഞുമനസിലാക്കാൻ കഴിഞ്ഞു. അരമണിക്കൂർ കഴിഞ്ഞപ്പോൾ എന്നെ കൊണ്ടുപോകാനുള്ള ജീപ്പോടിച്ചുകൊണ്ടു കരിയിൽ മുങ്ങിയ കൊല്ലത്തുകാരൻ രവിയേട്ടനെത്തി. എന്തെടെയ് എന്ന അയാളുടെ ആദ്യ വിളിയിൽത്തന്നെ മലയാളഭാഷയുടെ ദേശവ്യതിയാനങ്ങൾ മനസിൽ തറച്ചു. നാട്ടിൽ ലീവിൽ വരുന്ന എല്ലാ ഗൾഫുകാരെയും എനിക്കപ്പോൾ ഓർമ വന്നു. അവർ വസ്ത്രങ്ങളിൽ പൂശുന്ന അത്തറിന്റെ മണം എന്റെ മൂക്കിലേക്ക് ഇരച്ചെത്തി. ശരിക്കും നാട്ടിലേക്ക് ലീവിനു വന്നിരുന്ന, അത്തറു പൂശി, ക്യാമറ കഴുത്തിലിട്ടു നടന്നിരുന്ന ആർഭാടക്കാരാണ് കേരളത്തിലെ മിക്ക ചെറുപ്പക്കാരെയും ഗൾഫ് രാജ്യങ്ങളുടെ മായികലോകത്തെത്തിച്ചതെന്നാണ് എനിക്കു തോന്നുന്നത്. ഓഫീസിന്റെ പടിക്കൽ ജീപ്പ് നിർത്തി എന്നെയിറക്കി രവിയേട്ടൻ വർക്ക്‌ഷോപ്പിലേക്കു പാഞ്ഞുപോയി. കുറച്ചുനേരം ഓഫീസ് വാതിൽക്കൽ നിന്നു പരുങ്ങിയെങ്കിലും പിന്നീടു വാതിൽ തുറന്ന് അകത്തേക്കു കടന്നുചെന്നു. അന്നേരം കുറേപ്പേർ തോളിൽ ബാഗും കൈയിൽ പാസ്‌പോർട്ടുമായി അകത്തെ കസേരകളിലിരിക്കുന്നുണ്ടായിരുന്നു. മാനേജരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന എന്റെ ഊഴമെത്തി. തണുത്ത ആ മുറിയിലേക്കു കടന്നപാടെ നാട്ടിലെ മഴക്കാലമാണ് എനിക്കോർമ വന്നത്. മഴകൊണ്ടുനടക്കും ഞാൻ. മഴ എനിക്കെന്നും ഹരമായിരുന്നു. മഴയുടെ തുള്ളിവീഴ്ചകൾ ശിരസിലേറ്റു നാട്ടുവഴികളിലൂടെ ഞാനങ്ങോട്ടുമിങ്ങോട്ടുമോടുമായിരുന്നു. അമ്മയുടെ ‘ കുരുത്തല്യാത്തോനേ… ‘ എന്ന വിളിക്കിടയിലും ആ ശീതം കൊള്ളൽ എനിക്കു ഹരമായിരുന്നു. ”നിങ്ങൾക്ക് എന്തെല്ലാം പണിയറിയാം..?” പെട്ടെന്ന് ഞാൻ കണ്ട മഴകൾ നിലച്ചതുപോലെയായി. ശരിക്കും തോർന്നു. മഴ കൊണ്ടുനനഞ്ഞിട്ടുണ്ടാകുമെന്നു കരുതി ഞാൻ കർച്ചീഫെടുത്തു ശിരസും മുഖവും തുടച്ചു. മാനേജർ മേശപ്പുറത്തടിച്ച് എന്റെ ശ്രദ്ധ ക്ഷണിച്ചു വീണ്ടും ചോദിച്ചു ” എന്തൊക്കെ വേലയറിയും..? ”