മലേഷ്യയിൽ ജനിച്ചുവളർന്നിട്ടും മലയാളം മറക്കാത്ത അഭിനേത്രിയാണ് ജലജ. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായി നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരം വിദേശത്തായിരിക്കുമ്പോഴും പൂർണമായും മലയാളിയാണ്. കൊച്ചു കേരളത്തെ, നമ്മുടെ ഭാഷയെ, സംസ്‌കാരത്തെ, പാരമ്പര്യത്തെ ഒരുപാടിഷ്ടപ്പെടുമ്പോഴും ജലജയ്ക്ക് ഒരു സങ്കടമുണ്ട്. ”ഇവിടെയെത്തി പത്രം വായിച്ചാൽ ആദ്യം കാണുന്നത് പീഡനവാർത്തകളാണ്. പിഞ്ചുകുഞ്ഞുങ്ങളെ മുതൽ വൃദ്ധകളെ വരെ പീഡിപ്പിക്കുന്ന ഒരുകൂട്ടമാളുകൾ. അപ്പോൾ സ്വയം ചോദിച്ചുപോകും, നമ്മൾ, മലയാളികൾക്കെന്തുപറ്റിയെന്ന്.” പ്രായപൂർത്തിയായ ഒരു പെൺകുട്ടിയുടെ അമ്മയെന്ന നിലയിൽ, ഏതൊരു മലയാളി വീട്ടമ്മയെയും പോലെ ജലജയ്ക്കുമുണ്ട്, ആശങ്കകൾ. അവരതു രോഷത്തോടെ പങ്കുവയ്ക്കുകയും ചെയ്യുന്നു. തന്റെ പ്രിയപ്പെട്ട മലയാളത്തെക്കുറിച്ചാണ് ജലജ സംസാരിക്കുന്നത്. അച്ഛൻ പഠിപ്പിച്ച ഭാഷ നന്നായി മലയാളം സംസാരിക്കാൻ കഴിഞ്ഞതിൽ ഞാൻ കടപ്പെട്ടിരിക്കുന്നത് അച്ഛനോടാണ്. അച്ഛൻ മലേഷ്യയിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു. മക്കളെല്ലാവരും മാതൃഭാഷ പഠിക്കണമെന്നതു നിർബന്ധമായിരുന്നു, അച്ഛന്. വീട്ടിൽ സംസാരിക്കുന്നത് മലയാളമാണ്. അതുകൊണ്ട് മലയാളം നന്നായി അറിയാം. സ്‌കൂളിൽ നിന്നു പഠിക്കുന്നത് ഇംഗ്ലീഷ്. അച്ഛൻ തന്നെയാണ് എല്ലാ ശനിയും ഞായറും വൈകിട്ട് മലയാളം എഴുതാനും വായിക്കാനും പഠിപ്പിച്ചത്. അതിനുവേണ്ടി കേരളത്തിൽ നിന്ന് ‘മലയാളം പാഠാവലി’ വരുത്തിച്ചു. ഇതറിഞ്ഞപ്പോൾ അച്ഛന്റെ മലയാളി സുഹൃത്തുക്കൾ പറഞ്ഞു: ”എന്തായാലും മാഷ് പഠിപ്പിക്കുന്നുണ്ടല്ലോ. ഞങ്ങളുടെ മക്കളെയും കൂടെ കൂട്ടണം.” അച്ഛൻ സന്തോഷത്തോടെ സമ്മതിച്ചു. അതോടെ വീട്ടിലെ വലിയ ഡൈനിംഗ് ടേബിളിനു ചുറ്റും ഇരുപതോളം കുട്ടികൾ പഠിക്കാൻ വന്നു. ആ കുട്ടികളെയെല്ലാം അച്ഛനാണ് മലയാളം പഠിപ്പിച്ചത്. ഞങ്ങൾ ആറുമക്കളുണ്ട്. നാലാണും രണ്ടു പെണ്ണും. എല്ലാവർക്കും സ്ഫുടമായി മലയാളം എഴുതാനും വായിക്കാനും അറിയാം. അങ്ങനെയുള്ള എന്നെയാണ് മലയാളം നന്നായി സംസാരിക്കാൻ അറിയില്ലെന്നു പറഞ്ഞു പ്രശസ്തനായ ഒരു സംവിധായകൻ ഡബ്ബ് ചെയ്യിക്കാതെ തിരിച്ചയച്ചത്. എന്റെ സംസാരത്തിൽ ഇംഗ്ലീഷ് ചുവ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തൽ. പക്ഷേ, അടൂർ സാർ അടക്കമുള്ള മലയാളത്തിലെ പ്രശസ്തരായ മറ്റ് സംവിധായകർ എന്നെക്കൊണ്ടാണ് ഡബ്ബ് ചെയ്യിച്ചത്. അവർക്കാർക്കും അങ്ങനെയൊരു പ്രശ്‌നം തോന്നിയതുമില്ല. അച്ഛന്റെ പാത പിന്തുടർന്നു ഞാനും മകൾ അമ്മുവിനെ മലയാളം പഠിപ്പിച്ചു. നാട്ടിലെത്തുമ്പോൾ മലയാള പാഠപുസ്തകം വച്ചിട്ടായിരുന്നു പഠനം. അവളതു പെട്ടെന്നുതന്നെ മനഃപ്പാഠമാക്കുകയും ചെയ്തു. ബഹറിനിലെ വീട്ടിലേക്ക് ഒരു ദിവസം ഭർത്താവ് പ്രകാശിനെ കാണാൻ ഒരാൾ വന്നു. മൂന്നുവയസുള്ള മോളാണ് ഡോർ തുറന്നത്. കണ്ടയുടൻ അതിഥി ചോദിച്ചു: ”മോളേ, ഡാഡി എവിടെ?” അവൾക്ക് ഒന്നും മനസിലായില്ല. അപ്പോഴാണു ഞാൻ ചെന്നത്. ”ഡാഡി എവിടെയെന്ന് ചോദിച്ചിട്ട് മോളൊന്നും പറയുന്നില്ല” അയാൾ പറഞ്ഞു. ”അച്ഛൻ എവിടെയെന്നു ചോദിച്ചുനോക്കൂ” അച്ഛനെക്കുറിച്ചു ചോദിച്ചപ്പോൾ അമ്മു കൃത്യമായ മറുപടി പറഞ്ഞു. മോളെ ആ രീതിയിലാണു ഞങ്ങൾ വളർത്തിയത്. നമ്മളെ അച്ഛൻ, അമ്മ എന്ന് വിളിച്ചില്ലെങ്കിൽ പിന്നെ ആരെയാണു മക്കൾ അങ്ങനെ വിളിക്കുക? അതൊക്കെ നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. പപ്പ, മമ്മി എന്നൊക്കെ വിളിക്കാൻ സായിപ്പൻമാരുണ്ടല്ലോ. മലയാളികൾ മാത്രമാണു സ്വന്തം ഭാഷയോട് ഇത്രയും അവഗണന കാണിക്കുന്നത്. തമിഴന്മാരെയും തെലുങ്കന്മാരെയും നോക്ക്. അവർ അവരുടെ ഭാഷയിലേ സംസാരിക്കുകയുള്ളൂ. ബഹറിനിൽ താരമായി അറിയപ്പെടാൻ ഒട്ടും ആഗ്രഹമില്ലായിരുന്നു. അതുകൊണ്ടാണ് അമ്മുവിനെ ഇന്ത്യൻ സ്‌കൂളിൽ ചേർക്കാതിരുന്നത്. തൊട്ടടുത്തുള്ള സ്‌കൂളിലായിരുന്നു അവളുടെ പഠനം. ഇന്ത്യൻ സ്‌കൂളിൽ ചേർന്നാൽ ജലജയുടെ മകൾ എന്ന പരിഗണന അവൾക്കു കിട്ടും. അതു വേണ്ടെന്നു തോന്നി. ഞാനവിടെ മിസിസ് നായരാണ്. മോൾ ദേവി നായരും. ദേവിയുടെ കൂട്ടുകാരുടെ അമ്മമാരെല്ലാം ചേർന്നു ഞങ്ങളൊരു കുക്കിംഗ് ഗ്രൂപ്പുണ്ടാക്കിയിട്ടുണ്ട്. ഓരോ മാസവും ഓരോ വീട്ടിൽ ഒത്തുചേരും. അവർ സ്വന്തം നാട്ടിലെ വിഭവങ്ങളുണ്ടാക്കും. അവിടെ മലയാളത്തിലെ വിഭവങ്ങൾ ഉണ്ടാക്കിക്കാണിക്കുമ്പോൾ അവർക്ക് അത്ഭുതമാണ്. ഒരിക്കൽ ബീറ്റ്‌റൂട്ടിന്റെ തോരൻ വച്ചപ്പോൾ അവർ അമ്പരന്നുപോയി. കാരണം ബീറ്റ്‌റൂട്ട് അവർ പച്ചയ്ക്കാണ് കഴിച്ചുകൊണ്ടിരുന്നത്. അതിന് ഇങ്ങനെയൊരു ഗുണം കൂടിയുണ്ടെന്നതു പുതിയൊരു അറിവായിരുന്നു, അവർക്ക്.