ചരിത്രമാണ് ഉർവശി ശാരദ. മലയാളത്തിന്റെ മാത്രമല്ല തമിഴിന്റെയും തെലുങ്കിന്റെയുമൊക്കെ അഭ്രചരിത്രം. ശാരദയോടു സംസാരിക്കുമ്പോൾ ആറുപതിറ്റാണ്ടിന്റെ സിനിമാചരിത്രമാണ് നമ്മൾ അനുഭവിച്ചറിയുക. എത്രയോ വലിയ നടീനടന്മാർ, പ്രതിഭാധനരായ സംവിധായകർ, സാങ്കേതിക വിദഗ്ധർ, മലയാളമണ്ണിന്റെ മണമുള്ളപാട്ടുകൾ, ജീവിതത്തെ പകർത്തിവച്ച തരത്തിലുള്ള കഥകൾ..! ശാരദയുടെ ചലച്ചിത്രാനുഭവങ്ങൾ ബൃഹത്തായ ഒരു പുസ്തകം തന്നെയാണ്. ഇനിയും എഴുതപ്പെടാത്ത സിനിമയുടെ ദശാബ്ദങ്ങളുടെ ചരിത്രം. ചെന്നൈ മഹാലിംഗപുരം സരസ്വതി സ്ട്രീറ്റിലെ വീട്ടിൽ വച്ചാണ് ശാരദയെ കാണുന്നത്. രണ്ടു വർഷം മുമ്പു വലിയ ആഹ്ലാദത്തോടെ മലയാളത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടായിരുന്നു ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ‘അമ്മയ്‌ക്കൊരു താരാട്ട്’ എന്ന ചിത്രത്തിൽ വളരെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്. ഇപ്പോൾ തിരക്കുകളിൽനിന്നെല്ലാമൊഴിഞ്ഞു വിശ്രമജീവിതം നയിക്കുകയാണ് ശാരദ. ”ജീവിതം പലവഴികളിലൂടെയും കറങ്ങിത്തിരിഞ്ഞ് ഒടുവിൽ തുടങ്ങിയടത്തുതന്നെ ചെന്നെത്തുന്നു. ഇത് എന്റെ ഫിലോസഫിയൊന്നുമല്ല. പലരും പറഞ്ഞ കാര്യങ്ങളാണ്. മലയാള സിനിമയിൽ നിന്നു വർഷങ്ങളോളം മാറിനിന്നു. പിന്നീട് ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ട’ത്തിലെ ടീച്ചറായി. പിന്നെ, കുറച്ചു ഗ്യാപ്പ്. തുടർന്ന് ‘കാശ്മീരം’ വീണ്ടും ഗ്യാപ്പ്. ശേഷം ‘മഴത്തുള്ളികിലുക്കം. പിന്നെ ‘രാപ്പകൽ’, ‘നായിക’ തമ്പി സാറിന്റെ ‘അമ്മക്കൊരു താരാട്ടിൽ’, മധുസാറിനൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു. ഇത് ഒരു പ്രോസസായി മാത്രം കണ്ടാൽ മതി.” – ശാരദ പറയുന്നു. രണ്ടു വർഷം മുമ്പ് അഭിനയത്തിന്റെ അറുപതുവർഷവും ജീവിച്ചതിന്റെ സപ്തതിയും ഒന്നിച്ചാണു കടന്നുപോയത്. തലമുറകൾക്കൊപ്പം സഞ്ചരിച്ച ഒരഭിനേത്രിയുടെ അഭിനയത്തിന്റെയും ജീവിതത്തിന്റെയും സുവർണനിമിഷങ്ങൾ. ”ഞാൻ സിനിമയിലെത്തിയിട്ട് അറുപതുവർഷം കഴിഞ്ഞുവെന്ന് എനിക്കുതന്നെ വിശ്വസിക്കാൻ പ്രയാസമാകുന്നു. ഒന്നുമില്ലായ്മയിൽ നിന്നാണ് ഇവിടെവരെയെത്തിയത്. കാലം എനിക്കു നൽകിയ സൗഭാഗ്യങ്ങൾ, പ്രേക്ഷകരുടെ സ്‌നേഹം… ഇതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല. പലപ്പോഴും, ഏതൊക്കെയോ കഥാപാത്രങ്ങളുടെ കൂടിച്ചേരലാണു ഞാൻ എന്നു തോന്നിയിട്ടുണ്ട്. അതു മറ്റൊന്നും കൊണ്ടല്ല. സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അനുഭവങ്ങൾ പലപ്പോഴും എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഒരു നിമിഷം നമ്മൾ പകച്ചുപോകും ആ അമ്പരപ്പുകൾ എന്നിലും ഉണ്ടായിട്ടുണ്ട്. എങ്കിലും ഈ ജീവിതത്തിൽ ഞാൻ പരിപൂർണ സംതൃപ്തയാണ്. കഷ്ടപ്പാടിന്റെയും വേദനയുടെയും ബാല്യത്തിൽ നിന്ന് എനിക്ക് ഈ സൗഭാഗ്യങ്ങളെല്ലാം തന്നത് സിനിമയാണ്. എന്തുമാത്രം മനുഷ്യർ ജീവിതം മുഴുവൻ നരകിച്ചു ജീവിക്കുന്നു. ആ അവസ്ഥ നോക്കുമ്പോൾ എനിക്കു ലഭിച്ച പേരിലും പ്രശസ്തിയിലും സന്തോഷിച്ചില്ലെങ്കിൽ പിന്നെ ശാരദയുടെ ജീവിതത്തിന് എന്തർത്ഥമാണുള്ളത്.” പെൺകരുത്തിന്റെ വേഷങ്ങൾ മലയാളത്തിൽ ദുഃഖപുത്രി എന്ന ഇമേജ് മറികടക്കാൻ കഴിയാതെപോയതിൽ ഒട്ടും വേദനയില്ല. ചിലരുടെ സഞ്ചാരവഴികൾ അങ്ങനെയാകും. എനിക്കു വിധിച്ചതേ എനിക്കു ലഭിക്കൂ. ഷീലയോ, ജയഭാരതിയോ ചെയ്ത വേഷത്തിലേക്ക് ഒരു പരിധി വരെ എന്ന സങ്കൽപ്പിക്കാനാവില്ല. കാരണം അവരുടെ ബോഡിലാംഗ്യേജ് അല്ല എന്റേത്. ഒരു പക്ഷേ, ജീവിതത്തിൽ ദുഃഖവും, ദുരിതവും അനുഭവിക്കുന്ന വേഷങ്ങളായിരിക്കാം എനിക്കു കൂടുതൽ ചേരുകയെന്ന് എഴുത്തുകാരും സംവിധായകരും തീരുമാനിച്ചിട്ടുണ്ടാകും. അതുമാത്രമല്ല, ശാരദയ്ക്കു പെൺകരുത്തിന്റെ വേഷങ്ങളും അവതരിപ്പിക്കാനാകുമെന്ന് മലയാളത്തിൽ പലരുടെയും ചിന്തകളിലൂടെ കടന്നുപോയിട്ടില്ല. ‘തുലാഭാര’വും ‘സ്വയംവര’വും കണ്ട പ്രേക്ഷകർ തെലുങ്ക് സിനിമകളിലെ വേഷങ്ങൾ അത്ഭുതമുണ്ടാക്കാം. അവിടെ ജഡ്ജിയും, പോലീസ് ഓഫീസറും, വീരനായികയുമൊക്കെയാണ്. പോലീസ് ഓഫീസറുടെ വേഷത്തിൽ ഞാൻ മലയാളികളുടെ മുന്നിലെത്തിയാൽ അവർ എന്നെ എങ്ങനെ സ്വീകരിക്കുമെന്നറിയില്ല. ദുഃഖപുത്രി എന്ന ഇമേജ് എനിക്കുശേഷം വന്ന ചില നടികൾക്കൂകൂടി ചാർത്തികിട്ടിയിട്ടുണ്ട്. കഥാപാത്രങ്ങളുടെ സമാനതകളാവാം അതിനുകാരണം. ഏതെങ്കിലും ഒരു നടൻ/നടി അവതരിപ്പിച്ച് ശ്രദ്ധേയമാക്കിയ വേഷങ്ങൾ മറ്റൊരു നടനിലൂടെയോ, നടിയിലൂടെയോ പുറത്തുവരുമ്പോൾ സ്വാഭാവികമായും, ഷീലയെപ്പോലെ, ശാരദയെപ്പോലെ, ജയഭാരതിയെപ്പോലെ എന്നൊക്കെ പറഞ്ഞേക്കാം. അതിനർത്ഥം അവരിൽ പ്രതിഭയില്ലെന്നല്ല. ആവർത്തനങ്ങൾ എപ്പോഴും ഒരു ആർട്ടിസ്റ്റിന് ദോഷമേ ചെയ്യൂ. പ്രഗത്ഭരായ അഭിനേത്രികൾക്കൊപ്പം മലയാളത്തിൽ പ്രഗത്ഭരായ അഭിനേത്രികളുടെ നിരയായിരുന്നു അക്കാലം. ഷീല, ജയഭാരതി, അംബിക…… ഇന്നത്തെപ്പോലെ, അക്കാലത്തു ജീവിതത്തിലോ അഭിനയത്തിലോ ഞങ്ങൾ തമ്മിൽ മത്സരിച്ചിട്ടില്ല. ശാരദയ്ക്കുള്ളത് ശാരദയ്ക്കും ഷീലയ്ക്കുള്ളത് ഷീലയ്ക്കും അതായിരുന്നു രീതി. ഷീല നായികയായ ചിത്രത്തിൽ എനിക്കഭിനയിക്കാൻ മടിയുണ്ടായിരുന്നില്ല. അതുപോലെ ജയഭാരതിയും. ലഭിക്കുന്ന കഥാപാത്രം ഏതായാലും അതിനു തങ്ങളുടേതായ കഴിവുകൾ ഉപയോഗപ്പെടുത്തി നന്നാക്കുക, ഇതുമാത്രമായിരുന്നു ഞങ്ങളുടെ രീതി. ഇന്നു പുതിയ തലമുറയിലെ കുട്ടികൾ തമ്മിൽ മത്സര ബുദ്ധിയോടെയാണോ അഭിനയിക്കുന്നത് എന്നറിക്കറിയില്ല. നൂറു മീറ്റർ റിലേ പോലെയല്ല അഭിനയം. അതിൽ മത്സരിച്ചിട്ടു കാര്യമില്ല. നമുക്കൊപ്പം അഭിയനിക്കുന്നവരുടെ പ്രകടനം ചിലപ്പോൾ നമ്മുടെ അഭിനയം കൂടി മികച്ചതാക്കിയെന്നുവരാം. പഴയതലമുറയിലെ സഹപ്രവർത്തകരിൽ ആരുമായും അകൽച്ചയില്ല. ഷീലയും കവിയൂർ പൊന്നമ്മയും ഇപ്പോഴും വിളിക്കാറുണ്ട്. പലപ്പോഴും ചില ഫംഗ്ഷനും മറ്റുമായിരിക്കും പലരെയും നേരിൽ കാണുന്നത്. അതു വലിയ സന്തോഷമുള്ള കാര്യവുമാണ്. അതിജീവനങ്ങൾ സിനിമയിൽ നിലനിൽക്കാൻ പലർക്കും ഒട്ടേറെ പ്രയാസങ്ങൾ തരണം ചെയ്യേണ്ടിവന്നിട്ടുണ്ട്. പലപ്പോഴും ആർട്ടിസ്റ്റുകൾ ഏറ്റവും കൂടുതൽ സഹിക്കേണ്ടി വന്നത് അവരുടെ രക്ഷിതാക്കൾക്കു വേണ്ടിയായിരുന്നു. മകൾ എന്ന പരിഗണന പോലും കൊടുക്കാതെ പണത്തിനു വേണ്ടിമാത്രം മകളെ മേക്കപ്പിട്ടുകൊണ്ടു നടക്കുക. എത്രയെത്ര താരസുന്ദരിമാർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. അഞ്ചോ, പത്തോ മക്കളുള്ള അച്ഛനും അമ്മയും ഒരു മകളെ ത്യജിക്കും. ആ മകളുടെ പണം കൊണ്ടു കുടുംബം നല്ലനിലയിലാക്കും. അതിനുവേണ്ടി കഷ്ടപ്പെട്ട മകൾ സിനിമയിൽ ഒന്നുമല്ലാതായിത്തീരും. സിനിമ തഴയുന്നതോടെ രക്ഷിതാക്കൾ മകളെയും ഒഴിവാക്കും. ഒടുവിൽ സ്‌നേഹത്തിന്റെ കൈത്തിരിയുമായി ഏതെങ്കിലും ഒരു പുരുഷൻ അവളുടെ ജീവിതത്തേലേക്കു കടന്നുവരും. ഒടുവിൽ പലരാലും വഞ്ചിക്കപ്പെട്ട് ഒന്നുമല്ലാതായി, ചിലപ്പോൾ ജീവിതം തന്നെ അവസാനിപ്പിക്കേണ്ടതായിവരും. പലരുടെയും അനുഭവമാണിത്. ഭാഗ്യത്തിനു സ്‌നേഹിക്കാൻ മാത്രമറിയാവുന്ന അച്ഛനും അമ്മയുമായിരുന്നു എനിക്ക്. ഇന്നത്തെ നായികമാർ പുതിയ കാലത്തെ നായികമാർക്ക് അനുഭവങ്ങൾ വളരെ കുറവാണെന്നു തോന്നുന്നു. കുട്ടി ജനിക്കുമ്പോൾത്തന്നെ മകളെ സിനിമയിലഭിനയിപ്പിക്കണം എന്ന താത്പര്യത്തോടെ വളർത്തുന്ന മാതാപിതാക്കളാണു പലരും. കോൺവെന്റിൽ പഠിച്ച് രണ്ടോ മൂന്നോ പടങ്ങൾ കഴിയുമ്പോഴേയ്ക്കും സിനിമാഫീൽഡ് വിടുന്നു. ചിലർ പിടിച്ചുനിൽക്കുന്നു. പലർക്കും നല്ല ടാലന്റുണ്ട്. നല്ല കഥയുടെ ദാരിദ്ര്യമാവാം, മിക്കവർക്കും മികച്ച വേഷങ്ങൾ ലഭിക്കുന്നില്ല. പഴയകാലത്തെ ചില ചിത്രങ്ങളും പുതിയകാലത്തെ പുനരവതരിപ്പിക്കപ്പെടുന്നു. നമ്മുടെ ജീവിതരീതികളും, സാഹചര്യങ്ങളും ഒരുപാടു മാറിപ്പോയില്ലേ? തുലാഭാരം ഇന്ന് എടുക്കുകയാണെങ്കിൽ ഞാൻ ചെയ്തപോലെയാകില്ല പലരും ചെയ്യുക. എന്നേക്കാൾ കഴിവുള്ള നടികൾ നമ്മുടെ മലയാളത്തിലുണ്ട്. അവർക്ക് എന്നേക്കാൾ ഭംഗിയായി അതു ചെയ്യാൻ കഴിയും.