ജനപ്രിയസിനിമ എന്നപേരിൽ പുറത്തിറങ്ങുന്ന ചില സിനിമകൾ മൂല്യബോധത്തെത്തന്നെ തകർത്തുകളയുന്നുണ്ട്. അത്തരം സിനിമാധാരണകളെ പൊളിച്ചെഴുതാനും അപനിർമിക്കാനും ശ്രമിക്കുന്ന ചലച്ചിത്രകാരനാണ് ശ്രീനിവാസൻ. സിനിമയുമായി ബന്ധപ്പെടുന്ന കലാകാരന്മാർ സമൂഹത്തിലെ പ്രശ്‌നങ്ങളോടും രാഷ്ട്രീയത്തോടുമൊക്കെ പുറംതിരിഞ്ഞു നിൽക്കണമെന്ന അഭിപ്രായകാരനുമല്ല ശ്രീനിവാസൻ. സിനിമയ്ക്കകത്തും പുറത്തുമുള്ള അപ്രിയ സത്യങ്ങൾ വിളിച്ചുപറയുന്ന, സിനിമാലോകത്തെ വ്യത്യസ്തനായ ശ്രീനിവാസൻ തന്റെ ജീവിതത്തെയും സിനിമയെയും രാഷ്ട്രീയത്തെയും ജൈവകൃഷിയെയും കുറിച്ചു സംസാരിക്കുന്നു. * സിനിമയുടെ തിരക്കിനിടയിലും കൃഷിക്ക് എങ്ങനെ സമയം കണ്ടെത്തുന്നു? വായനയിലൂടെയാണു ഞാൻ കൃഷിയിലേക്ക് എത്തുന്നത്. കേരളത്തിലെ ജനങ്ങൾ കബളിക്കപ്പെടുകയാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ആളുകൾ നമ്മളെ പറ്റിക്കുകയാണ്. പച്ചക്കറികളിൽ വിഷം കുത്തിവച്ചാണ് കേരളത്തിലേക്കു കയറ്റി വിടുന്നത്. ഇതു വെറുതെ പറയുന്നതല്ല. തമിഴ്‌നാട്ടിൽ പോയി അവിടത്തെ കൃഷിയിടങ്ങൾ സന്ദർശിച്ചു ബോധ്യം വന്ന കാര്യമാണ്. അതിമാരകമായ കീടനാശിനികളാണ് അടിക്കുന്നത്. വിഡ്ഢികളായ നമ്മൾ ഇതാണല്ലോ കഴിക്കുന്നതെന്ന തോന്നലിൽ നിന്നാണു സ്വന്തമായി കൃഷിചെയ്യുക എന്ന തീരുമാനത്തിൽ എത്തിയത്. വെറുതെ ഒരാളോട് ഒരു കാര്യം പറയുന്നതുകൊണ്ട് നേട്ടമില്ല. വിഷാംശമുള്ള പച്ചക്കറികൾ വാങ്ങി ഭക്ഷിക്കരുത്, സ്വന്തം വീട്ടുവളപ്പിൽ സ്വന്തമായി കൃഷി ചെയ്യുന്നവയെ കഴിക്കാവു എന്നു പറഞ്ഞാൽ അത് ആളുകൾ അംഗീകരിക്കില്ല. അതിനു നമ്മൾ തന്നെ മാതൃകയാവണം. കൃഷി വകുപ്പുമായി ബന്ധപ്പെട്ട് അവിടുന്ന ലഭിക്കുന്ന വിത്തുകളാണു കൃഷിചെയ്യുന്നത്. വീടിനോടു ചേർന്നുള്ള സ്ഥലത്തു വിവിധ പച്ചക്കറികൾ കൃഷി ചെയ്യുന്നു. പന്ത്രണ്ടു വർഷമായി കൃഷി തുടങ്ങിയിട്ട്. ഏകദേശം അഞ്ചു വർഷമായി കൃഷിയുമായി ബന്ധപ്പെട്ട പ്രചാരണം തുടങ്ങിയിട്ട്. ഇപ്പോൾ മലയാളിക്കു ജൈവകൃഷിയുടെ പ്രധാന്യം മനസിലായിത്തുടങ്ങി. സർക്കാരുതന്നെ ഹരിത കേരളം എന്ന പരിപാടിയുമായി എത്തിയിരിക്കുന്നു. * ഒരു ജീവിതരേഖ വേണ്ടിവരുമെന്നറിഞ്ഞിരുന്നെങ്കിൽ ജീവിതത്തെ കൂടുതൽ നാടകീയവും സംഭവബഹുലവുമാക്കുമായിരുന്നു എന്നു താങ്കൾ പറഞ്ഞിട്ടുണ്ട് മറ്റുള്ളവരുടേതു പോലെ സാധാരണ ബാല്യമായിരുന്നു എന്റേതും. കണ്ണൂർ ജില്ലയിലെ പാട്യം തീർത്തും സാധാരണമായ ഗ്രാമമാണ്. മധ്യവർഗവും അതിനു താഴെ തട്ടിലുമുള്ളവരാണു ഭൂരിഭാഗവും. മലബാറുകാർ അനുഭവിക്കുന്ന അവസരമില്ലായ്മ, വിദ്യാഭ്യാസ വ്യവസ്ഥയുടെ പരിമിതി ഇവയൊക്കെ എന്നെയും ബാധിച്ചിരുന്നു. അധ്യാപകനായിട്ടുപോലും അച്ഛൻ അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ച് എന്നെ വളർത്താനാണു ശ്രമിച്ചത്. സ്വന്തം ഇഷ്ടങ്ങളുമായി മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴൊക്കെ അദ്ദേഹം കടിഞ്ഞാണിട്ടു നിർത്താൻ ശ്രമിച്ചു. അച്ഛൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകനായിരുന്നു. സ്വാഭാവികമായും നാടിന്റെയും വീടിന്റെയും സ്വാധീനം എന്നെയും കമ്യൂണിസ്റ്റ് അനുഭാവിയാക്കി. കുട്ടിക്കാലത്തുതന്നെ സ്‌പോർട്‌സിലും എഴുത്തിലുമൊക്കെ കമ്പമുണ്ടായി. അതിനു പ്രധാന കാരണം വായനയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ഡിറ്റക്ടീവ് നോവലിലാണു വായന ആരംഭിച്ചത്. വീട്ടിലുള്ളവർ പഠനമായാണു വായനയെ കണ്ടത്. വൈകാതെ അച്ഛൻ പിടിച്ചു. അച്ഛനെന്നെ ഉപദേശിച്ചു. എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ വായിക്കണം. അതു ഞാൻ അനുസരിച്ചു. ബഷീർ, തകഴി, ഉറൂബ്, എം.ടി, വിലാസിനി, ഒ.വി. വിജയൻ… തുടങ്ങിയവരുടെ പുസ്തകങ്ങൾ, റഷ്യൻ ക്ലാസിക്കുകളുടെയും ബംഗാളി സാഹിത്യത്തിന്റെയും പരിഭാഷകൾ തുടങ്ങി കൈയിൽ കിട്ടിയ പുസ്തകങ്ങളെല്ലാം വായിച്ചു. വീട്ടിലെ പ്രശ്‌നങ്ങൾക്കുള്ള ആശ്വാസമായാണ് അന്നു വായനയെ കണ്ടത്. * അച്ഛൻ, മകന്റെ കലാപ്രവർത്തനത്തെ സ്വീകരിച്ചിരുന്നോ? വലിയ ദേഷ്യക്കാരനായിരുന്നു അച്ഛൻ. സങ്കൽപ്പത്തിലെ മക്കളെ സൃഷ്ടിക്കാനുള്ള പോംവഴിയായി അച്ഛൻ കണ്ടിരുന്നത് അടിയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അച്ഛന്റെ ക്ലാസിലെ കുട്ടികൾക്ക് അദ്ദേഹം നല്ല അധ്യാപകനാണ്. പുത്തൻ കാഴ്ചപ്പാടുകളും അനുഭവങ്ങളുമുണ്ടാക്കുള്ള അന്തരീക്ഷം വീട്ടിലുണ്ടായിരുന്നില്ല. മധ്യസ്ഥതകളും കേസുകളും മറ്റു പ്രശ്‌നങ്ങളുമായി അച്ഛൻ അദ്ദേഹത്തിന്റേതായ ലോകത്താണു ജീവിച്ചത്. അച്ഛൻ തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു. ഒരിക്കൽ അച്ഛന്റെ കൂടെ തോട്ടുവരമ്പിലൂടെ നടന്നുപോവുകയാണ്. പുല്ലഞ്ചേരി ഇല്ലത്തെ നമ്പൂതിരി എതിരേ നടന്നുവരുന്നു. അച്ഛനെ കണ്ടപ്പോൾ നമ്പൂതിരി ആ വഴിയിൽ നിന്നു മാറി, പാടവരമ്പിലേക്കിറങ്ങി അകന്നുനടക്കാൻ തുടങ്ങി. അപ്പോൾ അച്ഛൻ, നമ്പൂതിരി കേൾക്കാനായി ഉറക്കെ വിളിച്ചു പറഞ്ഞു: ” അങ്ങനെ വേണം, ഞങ്ങൾ കുറേ മാറി നടന്നതല്ലേ, ഇനി നിങ്ങളായിക്കോ…” ജന്മിമാരായ നമ്പൂതിരിമാർ കാണിച്ച ക്രൂരതയോടും അടിച്ചമർത്തൽ മനോഭാവത്തോടുമുള്ള വെറുപ്പും അമർഷവും പ്രതിഷേധവും അന്നെനിക്കു തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി അച്ഛന്റെ അധ്യാപക ജോലി നഷ്ടപ്പെട്ടു. പിന്നീട് കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ വന്നപ്പോൾ ജോലി തിരിച്ചുകിട്ടി. സ്‌കൂൾ വിദ്യാഭ്യാസകാലത്തുതന്നെ എന്റെ കലാപരമായ കഴിവുകൾ സ്‌കൂളിലും നാട്ടിലുമൊക്കെ അംഗീകരിക്കപ്പെട്ടു. പഠനത്തിൽ വളരെ മോശമാണെന്ന മിക്കവരുടെയും ധാരണ തകർത്തുകൊണ്ട് നാൽപ്പതു പേരുള്ള ക്ലാസിൽ, എസ്.എസ്.എൽ.സി ജയിച്ച ആറു പേരിൽ ഞാനുമുണ്ടായിരുന്നു. കോളേജ് വിദ്യാഭ്യാസം മട്ടന്നൂർ പഴശിരാജ എൻ.എസ്.എസിൽ. കൂത്തുപറമ്പിൽ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രാപ്പടി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ താമസം മട്ടന്നൂരിലെ അമ്മയുടെ വീട്ടിലേക്കു മാറ്റി. പ്രീഡിഗ്രി പഠനകാലത്ത് കോളേജ് നാടകങ്ങളിൽ അഭിനയിച്ചിരുന്നു. വൈരൂപ്യങ്ങൾ എന്ന നാടകമാണ് ആദ്യമായി അവതരിപ്പിച്ചത്. സലാം കാരശേരിയുടെ രചന. നാടകാഭിനയത്തിൽ മുൻപരിചയമുള്ള എന്നെ നാടകം സംവിധാനം ചെയ്ത അധ്യാപകൻ സി.ജി. നായർ തെരഞ്ഞെടുത്തു. ആ വർഷത്തെ മികച്ച നടനുള്ള സമ്മാനം എനിക്കു കിട്ടി. അതിനിടയിൽ പ്രീഡിഗ്രി പരീക്ഷ. എൺപതോളം പേരിൽ നിന്നു ജയിച്ച എട്ടു പേരിൽ ഞാനുമുണ്ടായിരുന്നു. ക്ലാസിൽ കയറാതെ ഞാൻ ജയിച്ചത് അധ്യാപകർക്കുപോലും അത്ഭുതമായി. പ്രീഡിഗ്രി ജയിച്ചതോടെ വീട്ടുകാർക്ക് എന്നോടുള്ള സമീപനത്തിൽ മാറ്റം വന്നു. മട്ടന്നൂർ കോളേജിലെ അഞ്ചു വർഷം ജീവിതത്തിലെ സുപ്രധാന കാലഘട്ടമായിരുന്നു. അഭിനയവാസനയോട് അച്ഛന് ആദ്യം മുതലേ പുച്ഛമായിരുന്നു. നാടകം കളി നശിക്കാനുള്ള വഴിയാണെന്നാണ് അച്ഛന്റെ പക്ഷം. എന്നാൽ, അച്ഛനെ ഞെട്ടിച്ച സംഭവം ആയിടയ്ക്കുണ്ടായി. എനിക്ക് യൂണിവേഴ്‌സിറ്റി സോണൽ മത്സരത്തിൽ മികച്ച നടനുള്ള സമ്മാനം കിട്ടി. പത്രങ്ങളിൽ ഒന്നാം പേജിൽ തന്നെ ചിത്രവും വാർത്തയും വന്നു. അച്ഛൻ അത്ഭുതത്തോടെയാണു വാർത്ത കണ്ടത്. കോളേജ് പഠനത്തിനു ശേഷമാണ് ചെന്നൈയിൽ അഭിനയം പഠിക്കാൻ പോയത്.