ദാരിദ്യത്തിന്റെ കുപ്പത്തൊട്ടിയിൽ ബാല്യം, കലയും നാടകവും നാടക സംഘവുമായ് കൗമാരം, അഗ്നിപരീക്ഷണങ്ങളുടെ ആരോഹണാവരോഹണങ്ങളുടെ യൗവനം… ഇത് എറണാകുളം ജില്ലയിലെ വടക്കൻ പറവൂർ തത്തപ്പിള്ളി സ്വദേശി എം.കെ. സജീവന്റെ സംഭവബഹുലമായ ജീവിതത്തിന്റെ ആകെചിത്രം. ജീവിതംതന്നെ ഇടയ്ക്കുവച്ചു നിന്നുപോകുമോയെന്നു ഭയപ്പെട്ടിരുന്ന അവസ്ഥയിൽ നിന്നു സ്വപ്രയത്‌നംകൊണ്ട് ഉയരങ്ങൾ കീഴടക്കിയ സജീവന്റെ ജീവിതം സിനിമക്കഥപോലെ. തെറ്റില്ലാത്ത ജീവിത സാഹചര്യങ്ങളിൽ കഴിയവെ ആകസ്മികമായിരുന്നു അച്ഛന്റെ വിയോഗം. അന്ന്, സജീവന് ആറു വയസായിരുന്നു പ്രായം. മൂത്ത സഹോദരിക്ക് 19 വയസ്, അതിനു താഴേയും അഞ്ചു സഹോദരിമാർ, ഏറ്റവും ഇളയവനായിരുന്നു സജീവൻ. അച്ഛന്റെ മരണത്തോടുകൂടി ദാരിദ്ര്യത്തിന്റെ പടുകുഴിയിലേയ്ക്ക് എറിയപ്പെട്ട കുടുംബത്തെ സംരക്ഷിക്കുന്ന തീവ്രപ്രയത്‌നത്തിലായിരുന്നു അമ്മ. കൃഷിയിടങ്ങളിൽ ജോലി ചെയ്തും പശുവിനെ വളർത്തിയും കിട്ടുന്ന തുച്ഛമായ വരുമാനത്തിൽ സജീവനെയും മൂത്ത ആറു സഹോദരിമാരെയും പഠിപ്പിച്ചതും വിവാഹം ചെയ്തയച്ചതും അമ്മയായിരുന്നു. അമ്മ കൃഷി ചെയ്തു സമ്പാദിക്കുന്ന ചെറിയ വരുമാനംകൊണ്ടു കുടുംബം പോറ്റുമ്പോഴും സജീവൻ നൂലു പൊട്ടിയ പട്ടം പോലെ സഞ്ചരിക്കുകയായിരുന്നു. അമ്മയെയും ആറു സഹോദരിമാരെയും സംരക്ഷിക്കേണ്ട ചുമതല തനിക്കാണെന്ന് സജീവനു ബാല്യകൗമാരങ്ങളിലൊന്നും തോന്നിയതേയില്ല. അപ്പോഴെല്ലാം കുടുംബത്തോടുള്ള സ്‌നേഹത്തേക്കാളും കലയോടുള്ള പ്രതിബദ്ധതയായിരുന്നു സജീവനെ നയിച്ചിരുന്നത്. തന്റെ ആദ്യകാല കലാ-നാടകപ്രവർത്തനങ്ങളെക്കുറിച്ചു പറയുമ്പോൾ സജീവൻ ഏറെ വാചാലനായിരുന്നു. വലിയൊരു ബിസിനസ് ശ്രൃംഖലയുടെ മേധാവി എന്ന തന്റെ നിലവിലെ സ്ഥാനം മറന്ന് അദ്ദേഹം 1980-കളിലെ നാടക കലാകാരനായി മാറുകയായിരുന്നു. പത്താം തരം കഴിഞ്ഞതോടെ കലാരംഗത്ത് ഒന്നു പയറ്റി നോക്കാൻ തീരുമാനിച്ചു. ചെറുപ്പം മുതലേ ഉള്ളിൽക്കൊണ്ടു നടന്നിരുന്ന കലയോടുള്ള ആഭിമുഖ്യം കാരണം തബല, ഗിറ്റാർ, നൃത്തം തുടങ്ങിയവ അൽപ്പം സ്വന്തമാക്കി. ക്രമേണ നാട്ടിലെ അമച്വർ നാടകസംഘങ്ങളുമായി സഹകരിച്ച് അഭിനയവും തുടങ്ങി. എൺപതുകളുടെ തുടക്കത്തിൽ പറവൂർ ആർട്‌സ് അസോസിയേഷൻ എന്ന സംഘടന രൂപീകരിച്ചു. മാസം തോറും നാടകം അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. പി.ജെ. ആന്റണിയുടെ ‘തീ’ എന്ന നാടകത്തിലൂടെയാണ് സജീവൻ സ്റ്റേജിലെത്തിയത്. കുറേക്കാലം വീടിനെക്കുറിച്ചുള്ള ചിന്തയൊന്നുമില്ലാതെ അമച്വർ നാടകങ്ങളുമായി അലഞ്ഞു. അക്കാലത്ത്, കൊല്ലത്തുനിന്നുള്ള ഒരു പ്രൊഫഷണൽ ട്രൂപ്പ് പറവൂരെത്തി. ‘പനോരമ; കളിച്ചു. കഥാപ്രസംഗം, ബാലെ, നാടകം ഇവ മൂന്നും ചേർന്നുള്ള നാലു മണിക്കൂർ കലാവിരുന്നാണ് ‘പനോരമ’. കഥാപ്രസംഗത്തിൽ നിന്നു തുടങ്ങി നാടകം ബാലെ എന്നിവയിലൂടെ സഞ്ചരിച്ചു കഥാപ്രസംഗത്തിൽ ചെന്നവസാനിക്കുന്ന രീതി. ആ രീതി വല്ലാതെ ഇഷ്ടപ്പെട്ടു. ‘ഹരിശ്രീ’ എന്ന പേരിൽ സ്വന്തം ട്രൂപ്പ് തുടങ്ങുവാൻ തീരുമാനിച്ചു. കൈയിലാണെങ്കിൽ പൈസയൊന്നും ഇല്ലായിരുന്നു. കൂടാതെ വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പ് ആവശ്യത്തിലേറെ. സുഹൃത്തായ സുകുമാരനെക്കൊണ്ട് ഒരു പനോരമയുടെ സ്‌ക്രിപ്റ്റ് എഴുതിച്ചു. അദ്ദേഹം അന്നാട്ടിലെ ധനികനുമായിരുന്നു. നാടകക്കളരിക്കു വീടു തന്നു സഹായിച്ചു. കാഥികനായ തോപ്പിൽ ബാലൻ, കലാകാരനായ അൻവർ തുടങ്ങിയവർ പ്രതിഫലം പറ്റാതെ സാമ്പത്തികമായും മാനസികമായും കലാപരമായും സഹായിച്ചു. നാടക ക്യാപിലെ ഭക്ഷണത്തിനായി പലചരക്കു കടക്കാരൻ ആവോളം വായ്പയും തന്നു. കംപോസിംഗും റിഹേഴ്‌സലും വളരെ നല്ല നിലയിൽ മുന്നേറി. മീശ കുരുക്കാത്ത പയ്യനായ ഞാൻ നടകക്കമ്പനിയുടെ മുതലാളിയായതു നാട്ടിൽ വലിയ വാർത്തയായിരുന്നു. സത്യം എനിക്കല്ലേ അറിയൂ. എന്തായാലും ഞാനും ഒട്ടും വിട്ടുകൊടുത്തില്ല. മൂന്നര മാസം കൊണ്ട് റിഹേഴ്‌സലും മറ്റും തീർത്ത് ഉഗ്രനായൊരു ഉദ്ഘാടന മഹാമഹം പറവൂരിൽ സംഘടിപ്പിച്ചു. പരിപാടി കണ്ട ബുക്കിംഗ് ഏജന്റുമാർക്കൊക്കെ എന്റെ ‘നള ദമയന്തി’ പനോരമ വല്ലാതെ ഇഷ്ടപ്പെട്ടു. കേരളത്തിലെങ്ങും പരിപാടിയായി. സീസണടുത്താൽ തട്ടേന്നിറങ്ങാൻ പറ്റാത്ത അവസ്ഥ. അമ്പലപ്പരിപാടികളിലും പള്ളിപ്പരിപാടികളിലും ‘ഹരിശ്രീ’ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി. ദിവസം രണ്ട് സ്റ്റേജ് വരെ കളിക്കേണ്ടി വന്ന അവസ്ഥയുണ്ടായിരുന്നു. ഇന്ന്, ഓർക്കസ്ട്രക്കാരുടെ ആവശ്യമില്ല. ഒരു സിഡി മാത്രം മതി. അന്നാണെങ്കിൽ ഹാർമോണിയം, തബല, ഗിറ്റാർ തുടങ്ങി അതിന്റേതായ കലാകാരന്മാരെ കൂടെ കൊണ്ടു പോകണം. പാട്ടുകാരിയുണ്ടെങ്കിൽ അവരുടെ അച്ഛനെയോ അമ്മയെയോ കൂടെ കൂട്ടണം, പിന്നെ, നാടക കലാകാരന്മാരും കലാകാരികളും. എല്ലാവരെയും ഒരുമിച്ചുകൊണ്ടുപോകുവാൻ പര്യാപ്തമായ വാഹനം നോർത്ത് പറവൂരിൽ നിന്ന് 60 കിലോമീറ്റർ ദൂരെയുള്ള ഇരിങ്ങാലക്കുടയിൽ മത്രമേ ലഭ്യമാകൂ. അതിൽ മുഴുവൻ ആളെ ഉൾക്കൊള്ളുന്നില്ലെങ്കിൽ വേറെ കാറും കൂടെ വാടകയ്‌ക്കെടുക്കും. കർട്ടൺ, കോസ്റ്റ്യൂംസ്, ലൈറ്റ് തുടങ്ങി ഓർക്കസ്ട്ര പോലും കടമായിരുന്നു.