റമസാന്‍, ആത്മപരിശോധനയുടെ മാസം കൂടിയാണ്. മഹാനന്മകളും മാനുഷികമൂല്യങ്ങളും പരിശോധിക്കപ്പെടുന്ന പരിശുദ്ധിയുടെ ദിനരാത്രങ്ങള്‍. ആത്മീയരംഗത്തും രാഷ്ട്രീയരംഗത്തും പ്രവര്‍ത്തിക്കുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ റമസാന്‍റെ വിശുദ്ധിയും സ്മരണകളും ‘ ഞാന്‍ മലയാളി’യുടെ വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു * റമസാന്‍ നല്‍കുന്ന സന്ദേശം അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സ്വയം സമര്‍പ്പിക്കുന്ന സത്യവിശ്വാസിയുടെ ജീവിതം ക്ഷമയും സഹനവും സഹിഷ്ണുതയും ത്യാഗസന്നദ്ധതയുമുള്ളതായിരിക്കണമെന്നാണ് വിശുദ്ധ റമസാന്‍ നല്‍കുന്ന പാഠം. വിശപ്പും ദാഹവും അതിന്‍റെ കാഠിന്യത്തോടെത്തന്നെ അനുഭവിച്ചറിയുന്നു. ദേഹേച്ഛകള്‍ നിയന്ത്രിക്കപ്പെടുന്നു. പട്ടിണി കിടന്നാല്‍ മാത്രം പോരാ, വാക്കും പ്രവൃത്തിയും മനസിലെ ചിന്തകള്‍ പോലും സംശുദ്ധമായിരിക്കണം. ആരാധനാകാര്യങ്ങളില്‍ സൂക്ഷമതയും കൃത്യതയും പുലര്‍ത്തണം. അധികതോതിലുള്ള ദാനധര്‍മങ്ങള്‍കൊണ്ടു ജീവിതവും സമ്പാദ്യവും ശുദ്ധീകരിക്കണം. അപ്പോള്‍ മറ്റുള്ളവരുടെ വിശപ്പും സാമ്പത്തിക പ്രയാസങ്ങളുമെല്ലാം തൊട്ടറിയുന്ന രാജാവും പ്രജയും ധനാഢ്യനും ദരിദ്രനും വ്യത്യാസമില്ലാതെ തൊട്ടുരുമ്മി ചുമലൊത്തുനില്‍ക്കുന്നു. നമസ്കാരത്തിന്‍റെയും മനസിന്‍റെ ചാഞ്ചാട്ടങ്ങള്‍ക്കുപോലും കടിഞ്ഞാണിടുന്ന റമസാന്‍ ദിനരാത്രങ്ങളുടെ പരിശീലനം ഒരു ആയുസ് മുഴുവന്‍ ചിട്ടപ്പെടുത്തുന്ന സമത്വ, സാഹോദര്യബോധത്തിന്‍റേതാണ്. മനുഷ്യന്‍ മനുഷ്യനുമേല്‍ ആധിപത്യം സ്ഥാപിക്കാനോ അതിക്രമം നടത്താനോ തുനിയുന്നതു മതത്തിന്‍റെ താത്പര്യമല്ല. ഭക്ഷണവും ധനവും സ്വാതന്ത്ര്യവും നിഷേധിക്കുകയല്ല, പങ്കുവയ്ക്കുകയാണു വേണ്ടതെന്ന് റമസാന്‍ ലോകസമൂഹത്തെ ഉദ്ബോധിപ്പിക്കുന്നു. * കൊടപ്പനക്കല്‍ തറവാട്ടിലെ നോമ്പുകാലം കുട്ടിക്കാലത്ത് ബാപ്പയോടൊപ്പമായിരുന്നു നോമ്പുതുറ. ആരെങ്കിലുമൊക്കെ അതിഥികളുണ്ടാകും. അതിഥികളെന്നുവച്ചാല്‍ പ്രധാനമായും വീട്ടില്‍വന്നുകയറുന്ന വഴിയാത്രക്കാര്‍. അന്നൊക്കെ ദൂരസ്ഥലങ്ങളിലേക്കു നടന്നുപോകുന്നവരാണല്ലോ അധികവും. നോമ്പുതുറക്കാന്‍ നേരം വീട്ടുമുറ്റത്തോ പടിപ്പുരയിലോ ആരെങ്കിലുമുണ്ടെങ്കില്‍ വിളിക്കാന്‍ ബാപ്പ പറയും. ബാപ്പയോടൊപ്പം പള്ളിയില്‍ പോകും. 1975ല്‍ ബാപ്പ പി.എം.എസ്.എ പൂക്കോയ തങ്ങള്‍ മരണപ്പെട്ടു. മുസ്ലിം ലീഗിന്‍റെ സംസ്ഥാന പ്രസിഡന്‍റായിരുന്നു അദ്ദേഹം. പിന്നീട്, ആ സ്ഥാനത്ത് ജ്യേഷ്ഠന്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ വന്നു. * കുട്ടിക്കാലത്തെ റമസാന്‍, പെരുന്നാള്‍ റമസാന്‍, പെരുന്നാള്‍ ഓര്‍മകളില്‍ പ്രധാനപ്പെട്ട ഒന്നാണ് മാസമുറപ്പിക്കുന്ന ദിവസം. ചന്ദ്രമാസപ്പിറവി കണ്ടാലോ അല്ലെങ്കില്‍ നിലവിലുള്ള മാസം 30 തികഞ്ഞാലോ ആണ് നോമ്പോ പെരുന്നാളോ ഉറപ്പിക്കുന്നത്. ബാപ്പയും തുടര്‍ന്ന്, സഹോദരډാരെല്ലാം നിരവധി മഹല്ലുകളുടെ ഖാസിമാരായിരുന്നു. അതുകൊണ്ട് റമസാന്‍വ്രതം, പെരുന്നാള്‍ എന്നിവ ഖാസി ഉറപ്പിക്കണം. അതിനായി പലദിക്കില്‍നിന്നും സന്ധ്യയോടെ ആളുകള്‍ എത്തിത്തുടങ്ങും. ഏതെങ്കിലും ദേശത്തു മാസപ്പിറവി കണ്ടതായി അറിയുമ്പോഴേക്കും അര്‍ധരാത്രിയായിട്ടുണ്ടാകും. ഫോണില്ലാത്ത കാലത്ത് ആളുകള്‍ വാഹനം വിളിച്ചുവന്നാണു വിവരം നല്‍കുക. ഇന്നിപ്പോള്‍ ഫോണ്‍ സംവിധാനങ്ങളായി. കാര്യങ്ങള്‍ തത്സമയം അറിയാന്‍ കഴിയും. മാസപ്പിറവി ഉറപ്പിച്ചുകഴിഞ്ഞാല്‍ ഖാസി പദവി വഹിക്കുന്ന മഹല്ലുകളിലേക്കു കത്തുകളെഴുതണം. ആ ജോലി ഞങ്ങള്‍ കുട്ടികളായിരുന്നു ബാപ്പയുടെ കാലത്തു ചെയ്തിരുന്നത്. പിന്നീട്, സഹായിക്കാന്‍ പുതുതലമുറവന്നു.