
ഇല്ലാത്തവനും ഉള്ളവനും ഒരേപാതയില്‍ സഞ്ചരിക്കുന്ന മാസമാണ് റംസാനെന്ന് എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. റംസാന് മാസം തീരുന്നതോടെ മനുഷ്യന് സ്വയം ശുദ്ധീകരിക്കപ്പെടുന്നു. മാനസികമായും, ശാരീരികമായും. അതുകൊണ്ടുതന്നെ നോമ്പുകാലവും റംസാനുമൊക്കെ എനിക്കിഷ്ടമാണ്. ഒരു നോമ്പുകാലത്താണ് ‘സന്മനസുള്ളവര്‍ക്കു സമാധാന’ത്തിന്റെയും ‘പട്ടണപ്രവേശ’ത്തിന്റെയും തിരക്കഥ രചിക്കുന്നത്. ഞാനും ശ്രീനിവാസനും അക്കാലത്ത് എറണാകുളം ഭാരത് ടൂറിസ്റ്റ്ഹോമിലായിരുന്നു താമസം. രണ്ടു സിനിമകളുടെയും നിര്‍മാതാവ് സിയാദ് കോക്കറാണ്. നോമ്പു തീരുന്നതു വരെ വൈകിട്ട് സിയാദ് ഞങ്ങളെ നോമ്പുതുറക്കാന്‍ വിളിക്കും. അക്കാലത്ത് വൈകിട്ട് ആറു മുതല്‍ ഏഴുവരെ തിരക്കഥാരചനയ്ക്ക് ഇടവേളയാണ്. സിയാദിന്റെ വീട്ടിലെത്തി ഈന്തപ്പഴവും പലഹാരവും കഴിച്ച് നോമ്പുമുറിക്കാന്‍ കൂടുമ്പോഴും ദിവ്യമായ ഒരനുഭൂതിയായിരുന്നു മനസില്‍. നോമ്പിന് മതപരമായ ചേരിതിരിവില്ലെന്നതിന്റെ ഉദാഹരണമാണ് സമൂഹനോമ്പുതുറകള്‍. ഇപ്പോള്‍ ഇഷ്ടംപോലെ സമൂഹ നോമ്പുതുറകള്‍ എല്ലായിടത്തുമുണ്ട്. ഒരുമയുടെ സന്ദേശമാണ് അതു നല്‍കുന്നത്.
നോമ്പുകാലമായാല്‍ ഒരുപാടു സുഹൃത്തുക്കള്‍ വിളിക്കാറുണ്ട്. പലപ്പോഴും തിരക്കു കാരണം പോകാന്‍ പറ്റാറില്ല. ദിവസവും അഞ്ചുനേരം നിസ്കരിക്കുന്ന ഒരു സൂപ്പര്‍സ്റ്റാറുണ്ടല്ലോ നമുക്ക്. മമ്മൂട്ടി. നോമ്പ് കൃത്യമായി പാലിക്കുന്നയാള്. ഒരു നോമ്പുകാലത്ത് ഞാനുമുണ്ടായിരുന്നു മമ്മൂട്ടിയുടെ കൂടെ. ഏതോ ലൊക്കേഷനില്‍ വൈകിട്ട് കാണാന്‍ ചെന്നതായിരുന്നു ഞാന്‍. സംസാരിച്ചിട്ടു പോകാന്‍ തുടങ്ങുമ്പോള്‍ മമ്മൂട്ടി പറഞ്ഞു:
“നോമ്പുകാലമാണ്. വൈകിട്ട് നോമ്പു മുറിച്ചിട്ടേ പോകാവൂ.”
