കുട്ടിക്കാലം മുതലേ നോമ്പിനെക്കുറിച്ചും റംസാനെക്കുറിച്ചും കേട്ടിട്ടുണ്ട്. അന്നു മുതല്‍ തുടങ്ങിയതാണ് അറിയാനുള്ള ആഗ്രഹം. ലോകത്താകമാനമുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി അനുഷ്ഠിക്കുന്നതാണ് നോമ്പ്. പക്ഷേ, നോമ്പ് എടുക്കാന്‍ പറ്റിയിട്ടില്ല. ഒരു നോമ്പുകാലത്തായിരുന്നു ‘ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസി’ന്‍റെ ചിത്രീകരണം. അവിടെ, മമ്മൂക്കയും അബുസലീമുമൊക്കെയുണ്ട്. അവര്‍ റംസാന്‍വ്രതത്തിലായിരുന്നു. ബ്രേക്കില്‍ ഞങ്ങള്‍ സംസാരിച്ചത് നോമ്പിനെക്കുറിച്ചായിരുന്നു. “എടാ, ഇത്തവണ ഒരാഴ്ചത്തേക്ക് നോമ്പു പിടിയെടാ. നമ്മളാരാണെന്ന് നമുക്കുതന്നെ ബോധ്യം വരും.” അബുക്ക പറഞ്ഞപ്പോള്‍ അനുസരിച്ചു. ജീവിതത്തില്‍ ആദ്യമായാണു നോമ്പെടുക്കുന്നത്. അത്രയും കാലം ഒരു ദിവസത്തെ വ്രതം പോലുമെടുത്തിട്ടില്ല. നോമ്പ് എന്താണെന്നറിയാനുള്ള ശ്രമമായിരുന്നു എന്‍റേത്.