കുറ്റിച്ചിറയിലെ നോമ്പുകാലം സി.കെ. അബ്ദുള്‍ നൂര്‍
Categories:

കിഴക്കന്‍ചക്രവാളത്തില്‍ റംസാന്‍ചന്ദ്രിക മിന്നിയാല്‍ പിന്നെ ചരിത്രമുറങ്ങുന്ന കുറ്റിച്ചിറയും പരിസരങ്ങളും തിരക്കിലാണ്. നോമ്പുകാലത്ത് ഇവിടെയെത്തുന്നവരെ സ്വീകരിച്ചിരുത്തി പരിപാലിക്കുന്ന കുറ്റിച്ചിറയുടെ പാരമ്പര്യത്തിന് കോഴിക്കോടന്‍ പൈതൃക പെരുമയുടെ പിന്‍ബലവുമുണ്ട്.
റംസാന് വ്രതമായാല് കുറ്റിച്ചിറക്കാര്‍ക്ക് ഉറക്കമുണ്ടാകില്ല. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു നോമ്പു കാലത്ത് ഇവിടെയെത്തുന്നവര്‍ക്ക് ഒരു പുതുമയെങ്കിലും നല്‍കാനുള്ള ഒരുക്കത്തിലാകും ഇവിടെത്തുകാര്‍. നോമ്പുതുറയ്ക്കായി കോഴിക്കോടന്‍ രുചിവൈഭവങ്ങളും തനിമയും വിളിച്ചോതുന്ന വിഭവങ്ങളൊരുക്കി കുറ്റിച്ചിറ സമ്പന്നമാകും.
സാമൂതിരി ഭരണത്തിലും പടയോട്ടക്കാലത്തും തുടങ്ങിയ കുറ്റിച്ചിറയുടെ മതസൗഹാര്‍ദ്ദത്തിന്റെ സഞ്ചാരപഥം തലമുറകളില്‍ നിന്നു തലമുറകളിലേക്കു കൈമാറി മുന്നേറുകയാണ്. സാമൂതിരി ഭരണത്തിന്റെ അടയാളമായി ഒരേക്കര്‍ വിസ്താരമുള്ള ചിറ. സമീപത്തായി ചരിത്രത്തിന്റെ ഏടുകള്‍ വിശ്രമിക്കുന്ന മിശ്ക്കാല്‍ പള്ളിയും ജുമാഅത്ത് പള്ളിയും. പ്രദേശം നാമം വിശാലമായ ചിറയ്ക്കു ചാര്‍ത്തി നല്‍കിയതോടെ കുറ്റിച്ചിറയുടെ മഹിമ വിദേശികളും സ്വദേശികളും ഏറ്റുപാടി. കോഴിക്കോടന്‍ സംസ്കാരത്തിനും സൗഹാര്‍ദ്ദത്തിനും സാഹിത്യത്തിനും സംഗീതത്തിനും ലഭിച്ച മേډയ്ക്കും സ്വീകാര്യതയ്ക്കും കുറ്റിച്ചിറയുടെ പങ്ക് അനിര്‍വചനീയമാണ്.
