ദുബായിലെ ഏറ്റവും വലിയ ഫെസിലിറ്റി ക്ലീനിങ് ആണ് Rons-Enviro Care LLC നൽകുന്നത്. ആധുനിക സംവിധാനങ്ങളോടെ പരിസ്ഥിതി സംരക്ഷണവും ഭുമിയ്ക്കുള്ള കരുതലും മുന്നിൽക്കണ്ടാണ് റോൺസ് ശുചീകരണമേഖലയിൽ പ്രവർത്തിക്കുന്നത്. റോൺസ് എന്ന നാമം തന്നെ അതിന്റെ പ്രത്യേകതകൾ എടുത്തു കാണിക്കുന്നു. (RONS – R-reality, O-optimism, N-nature-friendly, S-sustainability). 1997-ൽ ആരംഭിച്ച കമ്പനിയുടെ സേവനം ഇന്ന് യു.എ.ഇയിലെവിടെയും ലഭ്യമാണ്. ദുബായ് ഗവൺമെന്റിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന റോൺസ് ഐ.എസ്.ഒ സർട്ടിഫിക്കേഷൻ ലഭിച്ച കമ്പനിയാണ്. ഏറ്റവും കൃത്യമായി ആദ്യമേ ചെയ്യുക. എല്ലാം സാധ്യമാണ് എന്ന വിജയവാക്കുകളുടെ ഉടമയായ തൃശൂർ ഇരിങ്ങാലക്കുടയിലെ അവിട്ടത്തൂർ സ്വദേശി ജോസഫ് ജോൺ ആണ് റോൺസിന്റെ മാനേജിങ് ഡയറക്ടർ. തന്റെ പിന്നട്ട വഴികളെക്കുറിച്ചും പ്രവാസജീവിതത്തെക്കുറിച്ചും ജോസഫ് ജോൺ ഞാൻ മലയാളിയോട് സംസാരിക്കുന്നു. മലയാളികൾക്ക് ഗൾഫ് സ്വപ്‌നഭൂമിയായിരുന്ന കാലത്താണ് ജോസഫ് ജോൺ ഗൾഫിലെത്തുന്നത്? അതെ. ഗൾഫിൽ മലയാളികൾ കൂടുതലായി എത്തിക്കൊണ്ടിരുന്ന കാലഘട്ടത്തിന്റെ തുടർച്ചയിൽ, 1982-ലാണു ഞാനും ജീവിതസ്വപ്‌നങ്ങളുമായി ഗൾഫിലെത്തുന്നത്. സഹോദരി ഭർത്താവിന്റെ സഹായത്തോടെയാണ് മരുഭൂമികളുടെ നാട്ടിലെത്തിയത്. ദുബായിൽ സഹോദരി ഭർത്താവ് നടത്തിയിരുന്ന മെയിന്റനൻസ് കമ്പനിയിലാണ് ആദ്യമായി ജോലിയിൽ പ്രവേശിച്ചത്. ഹെൽപ്പർ ജോലിയായിരുന്നു അവിടെ. കാര്യമായ ശമ്പളമില്ലാതെയായിരുന്നു ജോലി. അമ്പത് പിൽസിന്റെ ബിസ്‌ക്കറ്റും വെള്ളവുമായിരുന്നു ഇടയ്ക്കിടെയുള്ള ഭക്ഷണം. സഹോദരി ഭർത്താവിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോൾ യൂണിമിക്‌സ് കോൺക്രീറ്റ് കമ്പനിയിൽ രണ്ടു മാസത്തെ ലീവ് വേക്കൻസിയിൽ ഓഫിസ് ബോയിയായി ജോലി ലഭിച്ചു. അന്ന് 800 ദിർഹമായിരുന്നു ശമ്പളം. എന്റെ കഠിനാദ്ധ്വാനം കണ്ട് ഇഷ്ടപ്പെട്ട ഇന്ത്യക്കാരനായ കമ്പനി മാനേജർ ഹൈദർ അബീദി എനിക്ക് കമ്പനിയിൽ ക്ലർക്ക് ജോലി നൽകി. 1070 ദിർഹമായിരുന്നു ശമ്പളം. കമ്പനിക്ക് എന്നും വിശ്വസ്തനായ തൊഴിലാളിയായിരുന്നു ഞാൻ. രണ്ടു വർഷങ്ങൾക്കു ശേഷം കമ്പനി എന്നെ പ്രൊഡക്ഷൻ സൂപ്പർവൈസറായും തുടർന്ന് പ്രൊഡക്ഷൻ മാനേജരായും നിയമിച്ചു. അക്കാലത്ത് മറീനയിൽ ദുബായ് സിവിൽ എൻജിനീയറിങ് കമ്പനിയുടെ കൺസ്ട്രക്ഷൻ വർക്കിനു വേണ്ടി 24 മണിക്കൂർകൊണ്ട് 10500 ക്യുബിക് മീറ്റർ കോൺക്രീറ്റ് സപ്ലൈ ചെയ്തത് ഇന്നും എന്റെ കരിയറിലെ അവിസ്മരണീയ മുഹൂർത്തമാണ്. അതാണു ഞങ്ങളുടെ ടീമിന്റെ വിജയം. ഇതിലൂടെ ഞങ്ങൾ മിഡിൽ ഈസ്റ്റ് റെക്കോർഡ് കരസ്ഥമാക്കി. മറ്റു പല കമ്പനികളും ഏറ്റെടുക്കാൻ വിസമ്മതിച്ച വർക്കാണിത്. കാരണം 24 മണിക്കൂർകൊണ്ട് 10500 ക്യുബിക് മീറ്റർ ക്വാണ്ടിറ്റി കോൺക്രീറ്റ് സപ്ലൈ ചെയ്യുക എന്നത് അവർക്ക് അസാധ്യമായി തോന്നിയിരിക്കാം. അവർക്ക് അസാധ്യമായത് ഞങ്ങൾക്കു സാധ്യമായി എന്നതാണ് ഞങ്ങളുടെ ടീമിന്റെ വിജയം. ഈ വർക്കിലൂടെ ഞങ്ങളുടെ ടീം അഥോറിറ്റിയുടെ പ്രശംസയ്ക്ക് അർഹരായി. ബുർജ് അൽ അറബ്, ബുർജ് ഖലീഫ, എമിറേറ്റ്‌സ് ലാൻഡ് മാർക്‌സ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിൽ പങ്കാളിയാകാൻ കഴിഞ്ഞത് എനിക്കും എന്റെ ടീം അംഗങ്ങൾക്കും അഭിമാനകരമാണ്. എന്റെ എല്ലാ വിജയങ്ങൾക്കും പിന്നിൽ അച്ഛനോടൊപ്പം കുട്ടിക്കാലം മുതൽ തുടങ്ങിയ കഠിനാദ്ധ്വാനശീലമാണ്. ഞാനതു ജീവിതത്തിൽ പ്രാവർത്തികമാക്കി. ‘വർക്ക്‌ഹോളിക് മാൻ’ എന്നൊരു വിളിപ്പേരുണ്ടല്ലോ? എന്റെ കഠിനാദ്ധ്വാനം കണ്ട് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ എനിക്കു നൽകിയ പേരാണ് വർക്ക്‌ഹോളിക് മാൻ. തുടർന്ന്, അതെന്റെ പേരിന്റെ പിന്നിൽ ചേർക്കുകയോ സഹകരണ പ്രവർത്തകർ അങ്ങനെ വിളിക്കാനോ ആരംഭിച്ചു.