
മലയാളികളുടെ പ്രിയ നടന് ചാക്കോച്ചന് എന്നു വിളിക്കുന്ന കുഞ്ചാക്കോ ബോബന് വിശേഷണങ്ങള്‍ ആവശ്യമില്ല. സിനിമാകുടുംബത്തില്‍ നിന്നെത്തിയ ചാക്കോച്ചന് വളരെ പെട്ടെന്നു ജനഹൃദയങ്ങളില്‍ റൊമാന്റിക് ഹീറോ ആയി മാറി. പെണ്‍കുട്ടികളുടെ സ്വപ്ന നായകനായി. വിജയകൊടുമുടിയേറി നിന്ന സമയത്തുതന്നെ പരാജയത്തിന്റെ രുചികളും തിരിച്ചറിഞ്ഞു. കുറച്ചുനാള്‍ സിനിമയില്‍ നിന്നു വിട്ടുനിന്നു. തിരച്ചെത്തിയ ചാക്കോച്ചന് കാമ്പുള്ള കഥാപാത്രങ്ങള്‍ ചെയ്തു വ്യത്യസ്തമായ നടനവഴിയില്‍ സഞ്ചരിക്കുന്നു. സിനിമ എന്ന വിസ്മയലോകത്തെ ജയപരാജയങ്ങളും ജീവിതത്തിലെ മറക്കാനാവാത്ത സംഭവങ്ങളും ചാക്കോച്ചന് പങ്കുവയ്ക്കുന്നു.
ധന്യ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറ്റം. പിന്നീട് അനിയത്തിപ്രാവിലൂടെ നായകനിരയിലേക്ക്
എന്റെ ജീവിതത്തിലെ വഴിത്തിരിവായിരുന്നു അനിയത്തിപ്രാവിലെ സുധി. ഇപ്പോള്‍ ആ സിനിമ കാണുമ്പോള്‍ ചിന്തിക്കും കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന്. ചിത്രത്തിന്റെ ക്ലൈമാക്സാണ് അതിന്റെ ഹൈലൈറ്റ്. അപക്വമായ അഭിനയമായിരുന്നു അതില്‍. അന്ന് അഭിനയിക്കാന്‍ താത്പര്യം ഉണ്ടായിരുന്നില്ല. അതില്‍ ഞാന്‍ അഭിനയിച്ചിട്ടേയില്ല. അതായിരിക്കും ആ കഥാപാത്രത്തിന്റെ വിജയം. അഭിനയിച്ചു ഫലിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്രയും നന്നാകുമായിരുന്നില്ല. അനിയത്തിപ്രാവിലെ നായികമാര്‍ ശ്രീവിദ്യാമ്മയും ലളിതച്ചേച്ചിയുമാണ്. അവരുടെ അഭിനയം തന്നെയാണ് അതിലെ ഹൈലൈറ്റ്.
ശാലിനിയുമായുള്ള സൗഹൃദം
പണ്ടു മുതല്‍ ശാലിനിയെ അറിയാം. അവര്‍ ആദ്യം ബാലതാരമായി അഭിനയിക്കുന്നത് എന്റെ അച്ഛന്റെ സംവിധാനത്തിലൊരുങ്ങിയ ആഴിയിലാണ്. അന്നു മുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്. അനിയത്തിപ്രാവില്‍ എത്തിയപ്പോള്‍ ആ സൗഹൃദം കൂടി. ശാലിനിയുടെ അച്ഛന് ബാബുവേട്ടനുമായും നല്ല ബന്ധമായിരുന്നു. ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ ശ്യാമിലി ഉണ്ടായിരുന്നു. ഇതിനിടയിലായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും പ്രണയവും വിവാഹവും. അതേക്കുറിച്ചും എനിക്കറിയാമായിരുന്നു. എന്നാല്‍, ആളുകളുടെ ധാരണ മറ്റൊന്നായിരുന്നു. ഞാന്‍ ശാലിനിയെ വിവാഹം കഴിക്കും എന്നായിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്. ശ്യാമിലിയുടെ കൂടെ അഭിനയിക്കുമ്പോഴും ശാലിനിയുമായി സംസാരിക്കാറുണ്ടായിരുന്നു. ചില ഫംഗ്ഷനുകളില്‍ അജിത്തിനെയും കാണാറുണ്ട്. ഇപ്പോഴും ശാലിനിയുമായി നല്ല സൗഹൃദമാണുള്ളത്.
ബിസിനസ് തിരക്കുകളുമായി സിനിമയില്‍ നിന്നു വിട്ടുനിന്ന സമയത്ത് തിരിച്ചുവരവില്ല എന്നായിരുന്നോ തീരുമാനം
ഏറെക്കുറേ അങ്ങനെതന്നെയായിരുന്നു. സിനിമ വേണ്ട എന്തെങ്കിലും ബിസിനസ് ചെയ്യണം, ഒരു ജോലി സമ്പാദിക്കണം, എന്തിന് എംബിഎ പഠിക്കണം എന്നുപോലും ചിന്തിച്ചിരിക്കുന്നു. സ്റ്റഡി മെറ്റീരിയല്‍സ് പോലും വാങ്ങിയിരുന്നു. അതു പിന്നീടു തൂക്കി വിറ്റു എന്നതു മറ്റൊരു സത്യം. ആ ഒരു ഗ്യാപ്പില്‍ എന്റെ സിനിമ ചാനലുകളില്‍ വന്നതു കണ്ട് പലരും വിളിച്ച് പുതിയ സിനിമ ഏതാണ്? എന്താണ് അഭിനയിക്കാത്തത് എന്നൊക്കെ ചോദിക്കാന്‍ തുടങ്ങി. അതു കേട്ടപ്പോഴാണ് ആളുകള്‍ക്ക് എന്നോടുള്ള സ്നേഹം മനസിലാക്കിയത്. ആ തിരിച്ചറിവാണ് വീണ്ടും എന്നെ അഭിനയത്തിലേക്കു എത്തിച്ചത്.
പ്രതീക്ഷിച്ച പല സിനിമകളും പരാജയപ്പെട്ടപ്പോള്‍ താങ്ങായി നിന്ന സൗഹൃദങ്ങള്‍
സിനിമകള്‍ പരാജയപ്പെടുന്ന അവസരങ്ങളില്‍ വിഷമമുണ്ടായിരുന്നു. ആ സമയത്ത് എന്നെ ഏറെ സമാധാനിപ്പിച്ച ആളുകളാണ് ഷാഫി, ലാലു (ലാല്‍ ജോസ്), ബെന്നി ചേട്ടന് (ബെന്നി പി. നായരമ്പലം) എന്നിവര്‍. വീണ്ടും സിനിമയിലേക്കു വരണം, വ്യത്യസ്തതകള്‍ക്ക് വിധേയനാകണം, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കണം എന്ന് എനിക്കു ബോധ്യപ്പെടുത്തി തന്നതില്‍ പ്രധാനി ലാലുവാണ്. എന്റെ രണ്ടാം വരവില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളും എന്തിനു രൂപത്തില്‍ പോലും മാറ്റങ്ങളുള്ള കഥാപാത്രം നല്കിയതു ലാലുവാണ്.
