
മെന്റലിസ്റ്റ്, ഒരു തീഷ്ണ നോട്ടംകൊണ്ട് അയാള്‍ നമ്മുടെ ചിന്തകള്‍ വായിച്ചെടുക്കും. ഒരു കരസ്പര്‍ശംകൊണ്ട് അയാള്‍ക്കു മുന്നില്‍ നമ്മളൊരു കളിപ്പാവയാകും. മനസിന്റെ കോണിലെവിടെയോ മണിച്ചിത്രത്താഴിട്ടു പൂട്ടിവച്ച ആദ്യപ്രണയത്തിന്റെ ഓര്‍മകളെ അയാള്‍ നമ്മുടെ മിഴിയനക്കങ്ങളില്‍ നിന്നു വായിച്ചെടുത്തു പുറത്തേക്കു കൊണ്ടുവരും.
കേട്ടതെല്ലാം അത്ഭുതം ജനിപ്പിക്കുന്ന കഥകളാണ്. ആരാണീ മെന്റലിസ്റ്റ്? ‘പ്രേതം’ സിനിമയില്‍ ജയസൂര്യയുടെ മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ബോസ്കോ ഫോണിന്റെ രഹസ്യപ്പൂട്ടുകള്‍ വരെ തുറക്കുന്നതു കണ്ടപ്പോള്‍ തുടങ്ങിയ കൗതുകമാണ്. പിന്നെ കേട്ടു, ആ സിനിമയിലെ യഥാര്‍ഥനായകന്‍ ആദി കൊച്ചിയിലുണ്ട്. ഉടന്‍ വിട്ടു, കഥകളില്‍ നിറഞ്ഞുനില്ക്കുന്ന ആ മലയാളി മെന്റലിസ്റ്റിനെ കാണാന്‍. എന്താവും അയാളുടെ രഹസ്യലോകം. ഏതു താക്കോലിട്ടാല്‍ അതു തുറക്കും. ആശങ്കകളുമായി ബഹുനില ഫ്ളാറ്റിന്റെ ഏഴാം നിലയിലേക്കു കയറിച്ചെന്നു. മുറിയുടെ വാതില്‍ തുറന്നുകിടക്കുന്നുണ്ട്. അകത്തെ മുറി ശാന്തം. നിലത്തു വിരല്‍സ്പര്‍ശം കൊതിക്കുന്നൊരു വീണ. നിറയെ പുസ്തകങ്ങളും ഷീല്ഡുകളുമുള്ള ഷെല്‍ഫ്. മുന്നില്‍ കത്തിക്കൊണ്ടിരിക്കുന്ന രണ്ടു തിരികള്‍. ടീപ്പോയില്‍ ബോബനും മോളിയും സമ്പൂര്‍ണകഥകള്‍ ഇരുന്നു കുടുകുടെ ചിരിക്കുന്നു. ഇതൊക്കെ മെന്റലിസ്റ്റിന്റെ ആയുധങ്ങളാണോ. ചെവിയോര്‍ത്തപ്പോള്‍ ഒരു കാലടി ശബ്ദം. പുകച്ചുരുളുകള്‍ക്കിടയിലൂടെ തോളൊന്നു ചെരിച്ച് മോഹന്‍ലാലിനെപ്പോലെ ഒരാള്‍ അലസം ഒഴുകിവന്നു. കണ്ണുകളാണത്രേ ഒരു മെന്റലിസ്റ്റിന്റെ പ്രധാന ആയുധം. നോട്ടം പിന്‍വലിക്കുന്നതാണു ബുദ്ധി. രഹസ്യങ്ങള്‍ കണ്ടുപിടിച്ചാലോ. ആദി മനസറിഞ്ഞു ചിരിച്ചു.
‘നിങ്ങള്‍ ചിന്തിക്കുന്നതെല്ലാം മനസിലാക്കാന്‍ എനിക്കോ ലോകത്ത് വേറെ ഒരാള്‍ക്കോ പറ്റില്ല. ഞാന്‍ ഡിസൈന്‍ ചെയ്തു വച്ചിരിക്കുന്ന ഒരിടത്തേക്കു നിങ്ങളെ ക്ഷണിച്ചുകൊണ്ടു വരും. അങ്ങനെ മനസിലാക്കിയെടുക്കുന്ന ചിന്തകളാണ് നമ്മള് പറയുന്നത്. മനസല്ല, ഒരാളുടെ ചിന്തകളെയാണ് ഞാന്‍ അറിയുന്നത്.’ രഹസ്യങ്ങളുടെ പൂട്ട് മെന്റലിസ്റ്റ് പൊട്ടിച്ചു. ആദി മുന്നിലെ കസേരയില്‍ അമര്‍ന്നിരുന്നു.
അപ്പോള്‍, ഇതൊരു സൈക്കോളജിക്കല്‍ പരിപാടിയോ അതോ ഹിപ്നോട്ടിസമോ
സൈക്കോളജിക്കലി ഒരാളുടെ ചിന്ത റീഡയറക്ട് ചെയ്യുകയാണ്. അതായത് എനിക്കുവേണ്ടൊരു സ്ഥലത്തേക്കു നിങ്ങളെ എത്തിക്കുക. അതിനു ഞാന്‍ എന്റെ ശരീരഭാഷയും സംഭാഷണ ചാതുര്യവുമൊക്കെ ഉപയോഗിക്കും. നിങ്ങളുടെ ശരീരഭാഷയും എക്സ്പ്രഷനുമൊക്കെ എന്റെ ആയുധങ്ങളാണ്.
പ്രേതം സിനിമയില്‍ കണ്ട ജോണ്‍ പല അത്ഭുതപ്രവൃത്തികളും കാണിക്കുന്നുണ്ട്, അത് ആദിയുടെ ജീവിതം തന്നെയാണോ
പ്രേതത്തിലെ ജോണ്‍ ഡോണ്‍ബോസ്കോ എന്ന കഥാപാത്രവും എന്റെ പ്രൊഫൈലും ഒന്നുതന്നെയാണ്. എന്റെ ജീവിതത്തിലുണ്ടായ സംഭവങ്ങള്‍ തന്നെയാണ് സിനിമയിലും കാണുന്നത്. സിനിമയില്‍ ഡോണ്‍ബോസ്കോ എന്നുപറയുന്നയാള്‍ സ്വന്തമായി പേരിട്ടയാളാണ്. എന്റെ പേര് ആദര്‍ശാണ്. ഞാന്‍ ആറുവര്‍ഷം ന്യൂയോര്‍ക്കിലായിരുന്നു. അവിടെയുള്ളവര്‍ക്ക് ആദര്‍ശ് എന്നുച്ചരിക്കാന്‍ പ്രയാസമാണ്. അപ്പോള്‍ ഞാന്‍ കണ്ടെത്തിയ പേരാണ് ആദി.’ ഗൂഢമായൊരു ചിരി ആ മുഖത്തു വന്നു. എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന കണ്ണുകള്‍. ഓരോന്നും വായിച്ചെടുക്കുകയാണോ ആദി.
നിങ്ങളൊരു മാജിക്കുകാരനാണോ? ആരാണ് മലയാളികള്‍ അധികം കേള്‍ക്കാത്ത ഈ മെന്റലിസ്റ്റ്?
ഇതൊരു അബ്സ്ട്രാക്ടിങ് സയന്‍സാണ്. നിലവിലുള്ള കുറെ ശാസ്ത്രങ്ങളുടെ മിക്സാണെന്ന് പറയാം. ഒരാളുടെ ബോഡി ലാംഗേജിലാണ് മെന്റലിസം തുടങ്ങുന്നത്. പിന്നെ മൈക്രോഎക്സ്പ്രഷനിലേക്കെത്തും. മുഖത്തെ സൂക്ഷ്മമായ ചലനങ്ങള്‍ പഠിച്ചെടുക്കും, പിന്നെ സജക്ഷന്‍ (വശീകരണം). മാജിക്ക്, സൈക്കോളജി, മിസ്ഡയറക്ഷന്‍ (വഴിതെറ്റിക്കല്‍), ഷോമാന്‍ഷിപ്പ് (പ്രദര്‍ശന വൈദഗ്ധ്യം) ഇതെല്ലാം ചേരുമ്പോഴാണ് മെന്റലിസം സമ്പൂര്‍ണമാവുന്നത്.
സിനിമയില്‍ പ്രേതത്തോടുവരെ സംസാരിക്കുന്നുണ്ട് മെന്റലിസ്റ്റ്. മുമ്പ് വി.ആര്. കൃഷ്ണയ്യര്‍ മരിച്ചുപോയ തന്റെ ഭാര്യയോട് സംസാരിച്ചെന്നും കേട്ടിട്ടുണ്ട്. ഇതൊക്കെ പുളുവാണോ?
വി.ആര്. കൃഷ്ണയ്യര്‍ ഒരു കണ്‍ഫ്യൂസ്ഡ് സ്റ്റേജില്‍ പറഞ്ഞതാവും അത്. ഇമാജിനേഷന് ഭയങ്കര പവര്‍ഫുള്‍ ആവുമ്പോള്‍ അത് റിയാലിറ്റിയുമായി കണക്റ്റാവാന്‍ ബുദ്ധിമുട്ടാകും. അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍, ഭാര്യ മരിച്ചതു വിശ്വസിക്കാന്‍ പ്രയാസമായിട്ടുണ്ടാവും. അത് അടുപ്പത്തിന്റെ ലെവല്‍ കാണിക്കുന്നൊരു സംഭവമാണ്. അല്ലാതെ മിറാക്കിളൊന്നുമില്ല. അദ്ദേഹം അതു ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസില്‍ എന്താണോ ഉത്തരം, അതിലേക്കു തന്നെയാണു ചിന്തകളും പോവുന്നത്.
