നമ്മുടെ നാട്ടില്‍ ഗള്‍ഫുകാരോടും കലാകാരന്മാരോടും സാധാരണ ചോദിക്കുന്ന ചോദ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. ” ങാ.. എപ്പോ വന്നു… എപ്പഴാ പോകുന്നേ…” ഇതു ഗള്‍ഫ് മലയാളിയുടെ തലയിലെഴുത്ത്. ” ഇപ്പോ ടിവിയിലൊന്നും കാണാനില്ലല്ലോ… പരിപാടിയൊന്നും ഇല്ല അല്ലേ..? ” ഇതു കലാകാരന്മാരോട് പൊതുവേയുള്ള ചോദ്യം. അതുപോലെ, നെറ്റിയിലേക്ക് വീണുകിടക്കുന്ന എന്‍റെ മുടി കണ്ട് പലരും ചോദിക്കാറുണ്ട്, “ഓ ഇത് വിഗ്ഗാ അല്ലേ…” എന്ന്. അല്ല, എന്ന് മറുപടി പറഞ്ഞാലും ചിലര്‍ ബലമായി ഒന്ന് പിടിച്ചുനോക്കും. അതൊക്കെ കലാകാരന്മാരോടുള്ള സമൂഹത്തിന്‍റെ സ്നേഹപൂര്‍വമുള്ള സ്വാതന്ത്ര്യമെടുക്കലായിട്ടേ ഞാന്‍ കരുതിയിട്ടുള്ളൂ. ഒരിക്കല്‍, ഞങ്ങളുടെ അസോസിയേഷന്‍ മീറ്റിങ് നടക്കുന്നു. വിഗ്ഗ് വച്ച കലാകാരന്മാരെല്ലാം മുന്‍നിരയില്‍ ഒരുമിച്ചാണിരുപ്പ്. ആരോ ചോദിച്ചപ്പോള്‍ കോട്ടയം നസീര്‍ പറഞ്ഞു ” ഞങ്ങള്‍ ‘ടോപ്പ്’ ആര്‍ട്ടിസ്റ്റുകളൊക്കെ ഒരുമിച്ചേ ഇരിക്കൂ…” നസീറിക്ക ‘ടോപ്പ്’ എന്ന് ഉദ്ദേശിച്ചത് വിഗ്ഗിനെയാണ്. ക്രിക്കറ്റില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ പിന്‍ഗാമി വിരാട് കോഹ്ലി ആണെങ്കില്‍ വിഗ്ഗിന്‍റെ കാര്യത്തില്‍ നസീറിക്കയുടെ പിന്‍ഗാമി കലാഭവന്‍ ഷാജോണ്‍ ആണ്. സിനിമയില്‍ ഷാജോണ്‍ വിഗ്ഗ് വച്ചും കഷണ്ടിയായിട്ടും അഭിനയിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ ഷാജോണ്‍ വിഗ്ഗ് വച്ചിട്ടുണ്ടെന്ന് ആരും പറയില്ല. യാഥര്‍ത്ഥ മുടിയാണെന്നേ തോന്നൂ. വിഗ്ഗ് നന്നായി വൃത്തിയാക്കി വയ്ക്കുകയും ചെയ്യും.