കഥകളിയ്ക്കായി ജീവിതം സമര്‍പ്പിച്ച നൂറ്റാണ്ടിന്‍റെ പുണ്യമായ നടന ഗുരുവിനിതു നിറവിന്‍റെ നിമിഷങ്ങള്‍. നൂറ്റിയൊന്നാം ജന്മദിന ആഘോഷത്തിനൊരുങ്ങുമ്പോള്‍ ആദരവായി പത്മശ്രീ പുരസ്ക്കാരം എത്തിയതിന്‍റെ സന്തോഷത്തിലാണു ഗുരു. നൂറ്റിയൊന്നാം പിറന്നാള്‍ നിറവിലും ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ കലാരംഗത്തു സജീവമാണ്. ഇദ്ദേഹത്തിന്‍റെ ഓരോ ദിവസവും കഥകളിയുടെയും നൃത്തത്തിന്‍റെയും ചുവടുകള്‍ തലമുറകള്‍ക്കു പകര്‍ന്നു കൊണ്ടുള്ള കലാസപര്യയിലൂടെയാണ് കടന്നു പോകുന്നത്. ശാരീരിക അവശതകളെ കലാനൈപുണ്യം കൊണ്ടു പരാജയപ്പെടുത്തിയുള്ള ഗുരുവിന്‍റെ പ്രയാണം ഏവരെയും ആത്ഭുതപ്പെടുത്തും. 99-ാം വയസില്‍ ആട്ടവിളക്കിനു മുന്‍പില്‍ സര്‍വാഭരണ വേഷമണിഞ്ഞ് കഥകളിയാടിയ ഈ കലാകാരനെ പോലെ മറ്റൊരാള്‍ ഇതിനു മുന്‍പു ജീവിച്ചിരിക്കാന്‍ ഇടയില്ല. ദിവസവും ഒരു വേദിയിലെങ്കിലുമെത്തി കലാകൂട്ടായ്മയെയും കഥകളിയെയും കുറിച്ചു പറയാതെ ഗുരുവിനു മുന്നോട്ടുപോകാനാകില്ല. സംഘാടകരുടെ വലുപ്പമോ ചെറുപ്പമോ നോക്കാതെ ഏതുവേദിയിലും എപ്പോഴും ഗുരു ചേമഞ്ചേരിയുണ്ടാകും. തലമുറകളെ അനുഗ്രഹിക്കാനും പ്രോത്സാഹിപ്പിക്കാനും. കഥകളിയെ മലബാറിനു പരിചയപ്പെടുത്തിയ ഇദ്ദേഹത്തിനു വലിയ ശിഷ്യസമ്പത്തുമുണ്ട്. സിനിമാതാരം വിനീത് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഗുരുവിന്‍റെ ശിഷ്യന്മാരില്‍ ഉള്‍പ്പെടുന്നു. രാജ്യത്തും പുറത്തും കഥകളിയെന്ന കലാരൂപത്തെ പരിചയപ്പെടുത്തിയ ഇദ്ദേഹം നൂറ്റിയൊന്നാം വയസിലും സജീവമാണെതാണ് പ്രത്യേകത. 15-ാം വയസില്‍ തുടങ്ങിയ കലാതപസ്യ നൂറ്റാണ്ടിനു വയസിലും കാത്തുസൂക്ഷിക്കാനാകുന്നതു തന്‍റെ ചിട്ടയായ ജീവിതചര്യ കൊണ്ടുമാത്രമാണെന്നു ഗുരു പറയുന്നു. കഥകളി തന്നെ ജീവിതം കഥകളിയെന്ന കലാരൂപത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ് കുഞ്ഞിരാമനെന്നെ ബാലനെ നാടുവിട്ടിറങ്ങാന്‍ പ്രേരിപ്പിച്ചത്. അപ്പുകുട്ടി നമ്പ്യാര്‍ നടത്തിയിരുന്ന മേപ്പയ്യൂര്‍ കീഴ്പയ്യൂര്‍ രാധാകൃഷ്ണ കഥകളി യോഗത്തിലെത്തി ഗുരു കരുണാകരമേനോന്‍റെ ശിക്ഷണത്തില്‍ കഥകളിയിലെ ആദ്യ ചുവടുകള്‍ ഉറപ്പിക്കുന്നു. തുടര്‍ന്ന്, കഥകളിയ്ക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നു ഗുരു ചേമഞ്ചേരിയുടേത്. കഠിന പ്രയത്നത്തിലൂടെ ഇദ്ദേഹത്തെ ഉത്തരമലബാറിലെ മറഞ്ഞുപോയ വിവിധ കഥകളിയോഗങ്ങളിലെ നിറസാന്നിധ്യമാക്കിമാറ്റി. ഗാന്ധിജിയുടെ പ്രശംസ ഏറ്റുവാങ്ങിയ കൗമുദി ടീച്ചറുടെ പ്രേരണയില്‍ നൃത്തരംഗത്തും ഗുരു ചുവടുവച്ചു. കലാമണ്ഡലം മാധവന്‍, സേലം രാജരത്നംപിള്ള, മദ്രാസ് ബാലചന്ദ്ര സരസ്വതിഭായ് തുടങ്ങിയവരുടെ കീഴില്‍ ഭരതനാട്യത്തിന്‍റെ ലാസ്യലയവും ഇദ്ദേഹം സ്വായത്തമാക്കി. കണ്ണൂരിലും തലശേരിയിലും ഭാരതീയ നൃത്ത വിദ്യാലയങ്ങള്‍ ആരംഭിച്ച് കഥകളി, നൃത്ത മേഖലയില്‍ സജീവമായി. അതിനിടെ സര്‍ക്കസ് സംഘത്തിനൊപ്പം ദക്ഷിണേന്ത്യാപര്യടനവും ഗുരു ഗോപിനാഥിനൊപ്പം കേരള നടനത്തിനും തുടക്കം കുറിച്ചു. 1974-ല്‍ സ്വന്തം നാടായ ചേമഞ്ചേരിയില്‍ പൂക്കാട് കലാലയത്തിനും 1983-ല്‍ ചേലിയ കഥകളി വിദ്യാലയത്തിനും ഇദ്ദേഹം തുടക്കം കുറിച്ചു. കോഴിക്കോട്ടെയും സമീപ ജില്ലകളിലെയും പുതു തലമുറയെ കലാരംഗത്തു സജീവമാക്കുന്നതില്‍ ഈ രണ്ട് കലാസ്ഥാപനങ്ങളും വലിയ പങ്കാണ് വഹിച്ചുവരുന്നത്. ഓരോ സ്കൂള്‍ കലോത്സവങ്ങളിലും കഥകളിയില്‍ ചുവടുവയ്ക്കുന്നവരില്‍ മിക്കവരും ഇവിടെത്തെ കലാകാരന്മാരാണ്. കുട്ടികള്‍ക്കായി സ്കൂള്‍ തിയറ്ററിനും ഗുരു തുടക്കം കുറിച്ചു. ഇഷ്ടം ശ്രീകൃഷ്ണ വേഷം ഏറ്റവും കൂടുതല്‍ കൃഷ്ണ വേഷം ആട്ടവിളക്കിനു മുന്‍പില്‍ ആടിതിമര്‍ത്ത ഗുരു ചേമഞ്ചേരിയുടെ ഇഷ്ടവേഷവും ശ്രീകൃഷ്ണനാണ്. ദുര്യോധന വധം ആട്ടക്കഥയിലെ കൃഷ്ണന്‍റെ ഭാവങ്ങള്‍ ചുവടുകളിലും മുദ്രകളിലും നിറച്ച് അദ്ദേഹം ആടുമ്പോള്‍ സദസ്യര്‍ പ്രശംസയുടെ കരഘോഷം മുഴക്കികൊണ്ടിരിക്കും. 98-ാം ജന്മദിനാഘോഷം കോഴിക്കോട് തളി ജൂബിലി ഹാളില്‍ നടന്നപ്പോള്‍ ശിഷ്യര്‍ക്കും ബന്ധുക്കള്‍ക്കും സഹൃദയര്‍ക്കും മുന്‍പില്‍ ഗുരു ദുര്യോധനവധത്തിലെ കൃഷ്ണനായി വേദിയിലെത്തി ശ്രദ്ധേയനായിരുന്നു. വാര്‍ധക്യത്തെ അതിജീവിച്ച ഇദ്ദേഹത്തിന്‍റെ അന്നത്തെ ചുവടുകളും മുദ്രകളും സദസ്യരുടെ മനസിലിന്നും മങ്ങാത്ത ചിത്രങ്ങളാണ്.