
സൗഹൃദങ്ങള്‍ പലപ്പോഴും സംഭ വിക്കുക്കയാണ്. എവിടെ എപ്പോള്‍ എങ്ങനെ എന്ന് കൃത്യമായി ഓര്ത്തെടുക്കാനാകാത്തവിധം അതു ജീവിതം മുഴുവന്‍ നമ്മളെ വാരിപ്പുണരും. എന്റെ സൗഹൃദങ്ങളെല്ലാം എക്കാലവും ഞാന്‍ ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നവയാണ്. ആനന്ദവും വേദനയും മനസില്‍ നിറച്ച ഒരുപാട് ഓര്‍മ്മകള്‍ സൗഹൃദങ്ങള്‍ എനിക്ക് സമ്മാനിച്ചിട്ടുമുണ്ട്. ഓര്മ്മിച്ചെടുക്കേണ്ടതില്ലാത്ത ചില ചങ്ങാത്തങ്ങള്‍ സ്മൃതിപഥത്തില്‍ എന്നും നിറഞ്ഞു നില്‍ക്കാറുണ്ട്. മോഹന്‍ലാലുമായി എനിക്കുള്ള സൗഹൃദം അത്തരത്തിലുള്ള ഒന്നാണ്. എങ്ങനെയാണ് ഈ സൗഹൃദം ആരംഭിച്ചതെന്ന് എനിക്കു പറയാനാവില്ല. പക്ഷേ, സ്നേഹപൂര്‍വ്വം ഞാന്‍ ലാല്‍സാര്‍ എന്നു സംബോധന ചെയ്യുന്ന മോഹന്‍ലാല്‍ അത്രമാത്രം എന്റെ ഹൃദയതാളത്തില്‍ ലയിച്ചുചേര്‍ന്നിട്ടുണ്ട്.
മലയാളത്തില്‍ ഞാന്‍ സജീവമായിരുന്ന കാലത്താണ് മോഹന്‍ലാലിന്റെ രംഗപ്രവേശം ആക്ടിംഗിലെ ആ സ്പാര്‍ക്ക് അന്നേ അദ്ദേഹത്തില്‍ ദൃശ്യമായിരുന്നു. വില്ലന്‍വേഷങ്ങളില്‍ തുടങ്ങിയ ആ നടനസഞ്ചാരം ഇന്ത്യന്‍ സിനിമയിലെ എത്രയോ വലിയ നടന്മാര്ക്കൊപ്പം യാത്ര ചെയ്തു. എന്നിട്ടും ഞങ്ങള്‍ക്ക് ഒരു സിനിമയില്‍ ഒന്നിക്കാന്‍ മുപ്പതുവര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ‘ഉന്നൈപ്പോല് ഒരുവനി’ലായിരുന്നു ആ സംഗമം. ആ സിനിമയില്‍ ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്റെ അനുഭവത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാനറിയാത്ത നടനാണ്. ബിഹേവ് ചെയ്യാനേ അദ്ദേഹത്തിനറിയു. നമ്മള് വഴിയിലൂടെ നടന്മ്പോകുമ്പോള് ഒരു സുഹൃത്തിനെ കണ്ടുമുട്ടുന്നു എന്നു കരുതുക. വിശേഷങ്ങള്‍ പരസ്പരം ചോദിച്ചറിയും. അതുപോലെയാണ് ലാലിന്റെ അഭിനയം. വല്ലാത്തൊരു ഒഴുക്ക്…താളം. അതാണ് അതിന്റെ മഹിമയും.
അഭിനയത്തില്‍ അപാരമായൊരു ശരീരഭാഷ ലാലിനുണ്ട്. ഏതുകഥാപാത്രമായി മാറാനും കഴിയുന്ന വല്ലാത്തൊരു റെയ്ഞ്ച്. ഇന്ത്യന്‍ സിനിമയിലെ മികച്ച അഞ്ചു നടന്മാരെ ഞാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതിലൊരാള്‍ മോഹന്‍ലാലായിരിക്കും. മോഹന്‍ലാലിന്റെ അഭിനയമികവിനെ വര്‍ണിക്കാന്‍ ഒന്നിച്ചഭിനയിച്ച അനുഭവം വേണമെന്നില്ല. ഞാനദ്ദേഹത്തിന്റെ എത്രയോ ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്. എപ്പോഴും വലിയ ആരാധന തോന്നിയിട്ടുമുണ്ട്. പല സിനിമകളിലേയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ എന്നിലെ ആസ്വാദകനെ അമ്പരപ്പിച്ചിട്ടുണ്ട്. വാനപ്രസ്ഥത്തിലെ കഥകളിനടന് ഒരു ഉദാഹരണം. അഭിനയത്തില്‍ മോഹന്‍ലാലിന്റെ റിഥം എത്ര ഉന്നതിയിലാണെന്ന് ബോധ്യപ്പെടാന്‍ ആ വേഷം മാത്രം മതി. വിരലുകളില്‍പ്പോലും നടനതാളം വിരിയിച്ചുകൊണ്ടാണ് അദ്ദേഹം കഥാപാത്രമായി മാറുന്നത്.
മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അഭിനയം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നതാണ്. ഒരു അക്കാഡമിക് സ്ഥാപനത്തിന്റെയും പിന്‍ബലത്തിലല്ല അദ്ദേഹത്തിന്റെ ആക്ടിംഗ് കപ്പാസിറ്റി.
